Megha Thomas: ‘സ്വയം ജലദോഷം പിടിപ്പിച്ച ശേഷമാണ് പ്രായമായ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത്; ശബ്ദം ശരിയാക്കി യൗവനകാലം ചെയ്തു’; മേഘ തോമസ്
Megha Thomas About Dubbing for Reghachithram: രേഖാചിത്രത്തിൽ തനിക്ക് രണ്ടു ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടാനായെന്നും, രണ്ടിനും തന്റെ ശബ്ദം തന്നെ കൊടുക്കാൻ കഴിഞ്ഞുവെന്നും പറയുകയാണ് മേഘ തോമസ്.

ആസിഫ് അലിയെ നായകനാക്കി സംവിധായകൻ ജോഫിന് ടി ചാക്കോ സംവിധാനം ചെയ്ത ‘രേഖാചിത്രം’ എന്ന സിനിമയിൽ സിസ്റ്റര്‍ സ്റ്റെഫിയായി എത്തിയ മേഘ തോമസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരത്തെ ‘ലൈല ഒ ലൈല’, ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’, ‘ഭീമന്റെ വഴി’, ‘അഞ്ചക്കള്ളകോക്കാന്‍’ തുടങ്ങിയ ചിത്രങ്ങളിലും മേഘ വേഷമിട്ടുണ്ട്. ഇപ്പോഴിതാ, രേഖാചിത്രത്തിന്റെ ഡബ്ബിങ് വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം . ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മേഘ തോമസ്.
രേഖാചിത്രത്തിൽ തനിക്ക് രണ്ടു ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടാനായെന്നും, രണ്ടിനും തന്റെ ശബ്ദം തന്നെ കൊടുക്കാൻ കഴിഞ്ഞുവെന്നും പറയുകയാണ് മേഘ തോമസ്. പ്രായമുള്ള കഥാപത്രത്തിന് ഡബ്ബ് ചെയ്യുന്നതിന് വേണ്ടി സ്വയം ബോധപൂർവം ജലദോഷം വരുത്തിയിരുന്നുവെന്നും താരം പറയുന്നു. തുടർന്ന് യൗവന കാലം ഡബ്ബ് ചെയ്യുന്നതിന് മുമ്പ് ചായയെല്ലാം കുടിച്ച് ശബ്ദം ശരിയാക്കുകയായിരുന്നു പതിവെന്നും മേഘ കൂട്ടിച്ചേർത്തു.
“ജോഷി സാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ലൈല ഒ ലൈല’ എന്ന ചിത്രത്തിലാണ് ഞാൻ ആദ്യമായി അഭിനയിച്ചത്. എന്നാൽ, അതിൽ എനിക്ക് ഡയലോഗൊന്നും ഉണ്ടായിരുന്നില്ല. പിന്നെ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലാണ് ഡയലോഗുള്ള വേഷം ഞാൻ ചെയ്യുന്നത്. സിസ്റ്റർ എലിസബത്ത് എന്ന കഥാപാത്രയിരുന്നു. അതിനുശേഷം, രേഖാചിത്രത്തിലെ സിസ്റ്റര്‍ സ്റ്റൈഫി എന്ന ഗംഭീരമായ മറ്റൊരു കന്യാസ്ത്രീ കഥാപാത്രം എന്നെ തേടിയെത്തി. ഈ സിനിമ വലിയ ഹിറ്റായതോടെ എനിക്ക് നിരവധി അഭിനന്ദനങൾ ലഭിച്ചു.
രേഖാചിത്രത്തില്‍ എനിക്ക് രണ്ട് ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടാനായി. ആ രണ്ട് ഗെറ്റപ്പിലും എന്റെ ശബ്ദം തന്നെ കഥാപാത്രത്തിന് നൽകാൻ കഴിഞ്ഞു. ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് എനിക്ക് ജലദോഷം പിടിച്ചിരുന്നു. ആ സമയത്ത് ഡബ്ബ് ചെയ്തപ്പോൾ ശബ്ദത്തിന് ഒരു പ്രത്യേക കനം ഉള്ളപോലെ തോന്നി. പ്രായമുള്ള കഥാപാത്രത്തിന് ആ ശബ്ദം നല്ലതായിരിക്കുമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു..
അങ്ങനെ ആ ശബ്ദം അതുപോലെ തന്നെ നിലനിർത്തുന്നതിന് വേണ്ടി ഞാൻ എല്ലാ ദിവസവും രാത്രി തല നനച്ച ശേഷം ഫുൾ സ്പീഡില്‍ ഫാനുമിട്ട് കിടന്നുറങ്ങും. അതിനാൽ, രാവിലെ ആകുമ്പോഴേക്കും ജലദോഷം പിടിക്കും. എന്നിട്ട് രാവിലെ ചെന്ന് പ്രായമുള്ള കഥാപാത്രത്തിന് ഡബ്ബ് ചെയ്യും. തുടർന്ന് ചായയൊക്കെ കുടിച്ച് ശബ്ദം ഓക്കെയാക്കി ഉച്ചയ്ക്ക് ശേഷം യൗവന കാലം ഡബ്ബ് ചെയ്യും. അങ്ങനെ ആയിരുന്നു രേഖാചിത്രത്തിന്റെ ഡബ്ബിങ് നടന്നത്” മേഘ തോമസ് പറയുന്നു.