Lovely New Song: മാത്യു തോമസിന്‍റെ ത്രീഡി ചിത്രം; ‘ലൗലി’യിലെ പുതിയ ഗാനമെത്തി
Lovely Movie New Song Out Now: സംവിധായകൻ ദിലീഷ് കരുണാകരന്‍ ഒരുക്കുന്ന ഈ ചിത്രത്തിലെ 'ക്രേസിനെസ്സ്' എന്ന ഗാനം അടുത്തിടെയാണ് പുറത്തിറങ്ങിയത്. കൗതുകമുണർത്തുന്ന ഈ ഗാനം പ്രേക്ഷകർക്കിടയിൽ, പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

'ലൗലി' പോസ്റ്റർ
മാത്യു തോമസിന്റെ നായികയായി ഒരു ഈച്ചയെത്തുന്ന ത്രീഡി ചിത്രമായ ‘ലൗലി’യിലെ രണ്ടാമത്തെ ഗാനവും എത്തി. സംവിധായകൻ ദിലീഷ് കരുണാകരന്‍ ഒരുക്കുന്ന ഈ ചിത്രത്തിലെ ‘ക്രേസിനെസ്സ്’ എന്ന ഗാനം അടുത്തിടെയാണ് പുറത്തിറങ്ങിയത്. കൗതുകമുണർത്തുന്ന ഈ ഗാനം പ്രേക്ഷകർക്കിടയിൽ, പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയാണിപ്പോൾ പുതിയ ഗാനം എത്തിയിരിക്കുന്നത്. ‘ബബിൾ പൂമൊട്ടുകൾ’ എന്ന ഈ ഗാനം ആലപിച്ചിരുന്നത് കപിൽ കപിലൻ ആണ്. ആദ്യ ഗാനത്തിന് സമാനമായി വളരെ കളർഫുളായ ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് വേനലവധിക്കാലത്ത് ചിത്രം തീയറ്ററിൽ പ്രദർശനം ആരംഭിക്കുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്. ചിത്രത്തിൽ നായികയായി എത്തുന്ന ഈച്ചയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത് മലയാള സിനിമയിൽ സജീവമായ ഒരു താരമാണെന്നാണ് സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ‘ടമാര്‍ പഠാര്‍’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൗലി’. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്.
ALSO READ: കാത്തിരിപ്പിന് വിരാമം! എമ്പുരാൻ ട്രെയിലർ നാളെയെത്തും, സമയത്തിനും പ്രത്യേകത
വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ഒരു സെമി ഫാന്റസി സിനിമയാണ്. മാത്യു തോമസിന് പുറമെ മനോജ് കെ.ജയന്‍, കെപിഎസി ലീല എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നു. സംവിധായകൻ ആഷിഖ് അബു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കിരൺ ദാസ് ആണ് എഡിറ്റിംഗ്. വിഷ്ണു വിജയും ബിജിബാലും ചേർന്നാണ് സംഗീതം ഒരുക്കിയത്.