Mathew Thomas: ‘അന്ന് ആരുടെയും കൈയില്‍ പൈസയില്ല, സംഗീതേട്ടൻ ഞങ്ങൾക്ക് വേണ്ടി 600 രൂപ കടം വാങ്ങി, അതിനെന്നും കടപ്പെട്ടിരിക്കും’; മാത്യു തോമസ്
Mathew Thomas About Sangeeth Prathap: അടുത്തിടെ മാത്യുവും സംഗീതും നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തണ്ണീർ മത്തൻ ദിനങ്ങളുടെ ഷൂട്ടിംഗ് സമയത്തുണ്ടായ ഒരു രസകരമായ അനുഭവമാണ് താരങ്ങൾ പങ്കുവെച്ചത്.

മാത്യു തോമസ്, സംഗീത് പ്രതാപ്
‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘കുമ്പളങ്ങി നെറ്റ്‌സ്’, ‘പ്രകാശൻ പറക്കട്ടെ’, ‘ക്രിസ്റ്റി’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ യുവ താരമാണ് മാത്യു തോമസ്. അതുപോലെ ‘പ്രേമലു’ എന്ന ചിത്രത്തിലെ അമൽ ഡേവിസ് എന്നൊരറ്റ കഥാപാത്രം കൊണ്ട് തന്നെ പ്രേക്ഷകർക്ക് ഏറെ സുപരിചതനായി മാറിയ താരമാണ് സംഗീത് പ്രതാപ്. എന്നാൽ അഭിനയത്തിൽ മാത്രമല്ല താരം എഡിറ്റിംഗിലും കഴിവ് തെളിയിച്ചുട്ടുണ്ട്. ‘ലിറ്റിൽ മിസ് റാവുത്തർ’ എന്ന ചിത്രത്തിന് സംഗീതിനെ തേടിയെത്തിയത് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡായിരുന്നു.
മാത്യു തോമസിന്റെയും സംഗീത് പ്രതാപിന്റെയും പുതിയ വിശേഷം ‘ബ്രോമാൻസ്’ ആണ്. വാലെന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിൽ അർജുൻ അശോകൻ, മാത്യു തോമസ്, സംഗീത് പ്രതാപ്, മഹിമ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. താരങ്ങളെല്ലാം ഇപ്പോൾ സിനിമയുടെ പ്രമോഷൻ തിരക്കിലാണ്.
പ്രമോഷന്റെ ഭാഗമായി അടുത്തിടെ മാത്യുവും സംഗീതും നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തണ്ണീർ മത്തൻ ദിനങ്ങളുടെ ഷൂട്ടിംഗ് സമയത്തുണ്ടായ ഒരു രസകരമായ അനുഭവമാണ് താരങ്ങൾ പങ്കുവെച്ചത്. ആ സമയത്ത് ആരുടെയും കൈയിൽ പൈസ ഇല്ലാത്തതിനെ തുടർന്ന് സംഗീത് പ്രതാപ് മറ്റൊരാളുടെ കൈയിൽ നിന്നും 600 രൂപ കടം വാങ്ങി ഇവർക്കെല്ലാം ഭക്ഷണം വാങ്ങി കൊടുത്തതാണ് സംഭവം.
“സംഗീതേട്ടനോട് എനിക്ക് ഇത്രയും സ്നേഹം തോന്നാൻ ഒരു കാരണം ഉണ്ട്. തണ്ണീർ മത്തൻ ദിനങ്ങളിലെ ഒരു പാട്ട് ഷൂട്ട് ചെയ്തത് മൈസൂരിൽ വെച്ചാണ്. അന്ന് ആരുടെയും കൈയിൽ പൈസ ഒന്നുമില്ലായിരുന്നു. ആ സമയത്തെ പ്രൊഡക്ഷന്റെ ഫുഡ് വളരെ മോശമായിരുന്നു. അവിടുത്തെ ഒരു തരം ഭക്ഷണമായിരുന്നു. അങ്ങനെയിരിക്കെ സംഗീതേട്ടൻ പെട്ടെന്ന് ഞങ്ങളോട് വന്ന് പറഞ്ഞു ‘വാ ഫുഡ് വാങ്ങിച്ചു തരാമെന്ന്’. സംഗീതേട്ടന്റെ കൈയിലും കാശില്ലായിരുന്നു.
ആരുടെയോ കൈയിൽ നിന്ന് കാശ് കടം വാങ്ങിച്ചു കൊണ്ടുവന്ന 600 രൂപ വെച്ചാണ് ഞങ്ങൾക്ക് എല്ലാവർക്കും വയറുനിറയെ ഭക്ഷണം വാങ്ങിച്ചു തന്നത്. അവിടുത്തെ ഒരു തരം ബിരിയാണി ആണ് അന്ന് കഴിച്ചത്. ഞാൻ ആ പൈസ ഒരിക്കലും സംഗീതേട്ടന് തിരിച്ച് കൊടുക്കില്ല. ആ കടം എന്നും അങ്ങനെ തന്നെ ഉണ്ടാവണം” എന്ന് മാത്യു തോമസ് പറഞ്ഞു. സംഗീതേട്ടനോട് എന്നും തനിക്ക് കടപ്പെട്ടിരിക്കണമെന്നും തമാശ രൂപേണ മാത്യു കൂട്ടിച്ചേർത്തു. ഹാപ്പി ഫ്രെയിംസിന് നൽകിയ അഭുമുഖത്തിലായിരുന്നു താരങ്ങൾ ഇക്കാര്യം പങ്കുവെച്ചത്.
അതേസമയം, ‘ജോ ആൻഡ് ജോ’, ’18 പ്ലസ്’, എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ഡി ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ആണ് ബ്രോമാൻസ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവർക്ക് പുറമെ കലാഭവൻ ഷാജോൺ, ശ്യാം മോഹൻ തുടങ്ങിയവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നു. ഗോവിന്ദ് വസന്തയാണ് സംഗീതം.