Marco Movie: ടോളിവുഡിനെയും വിറപ്പിച്ച് ഉണ്ണി മുകുന്ദൻ; തെലുങ്ക് ആദ്യദിന കളക്ഷൻ പുറത്ത്; തമിഴിൽ കൈയടി നേടുമോ?
Marco Telugu Box Office Collection:സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 1.25 കോടിയാണ് മാർക്കോ നേടിയിരിക്കുന്നത്. ഇതോടെ ഒരു മലയാള സിനിമയ്ക്ക് തെലുങ്കിൽ നിന്നും ലഭിക്കുന്ന മികച്ച ആദ്യദിന കളക്ഷൻ കൂടിയാണ് മാർക്കോ നേടിയിരിക്കുന്നത്.
മലയാളത്തിലെ മോസ്റ്റ് വയലന്റ് പടം എന്ന ടാഗോടെ കഴിഞ്ഞ മാസം 20-ന് തീയറ്ററിൽ എത്തി ലോക പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രമാണ് മാർക്കോ. ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് 12 ദിവസം കഴിയുമ്പോൾ ബോളിവുഡിനെയും ടോളിവുഡിനെയും കയ്യിലെടുത്തിരിക്കുകയാണ്. തുടക്കം മുതൽ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റസും ആരാധകർ ഏറെ നോക്കി കണ്ടിരുന്നു. ഒടുവിൽ ചിത്രം തിയറ്ററിൽ എത്തിയപ്പോൾ കണ്ടത് ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയർ ബെസ്റ്റ് പ്രകടനവും സിനിമയുമാണ്.
വയലൻസ് പ്രമേയമാക്കി ഒരുക്കിയ മാർക്കോയ്ക്ക് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് നൽകിയത്. തുടർന്ന് ആദ്യ ദിനം തന്നെ ആഗോളതലത്തിൽ ബോക്സോഫീസിൽ നിന്ന് 10.8 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് മാത്രം ചിത്രം നേടിയത് 4.3 കോടി രൂപയാണ്. 30 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തെലുങ്ക് പതിപ്പും തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ അതിന്‍റെ ആദ്യ പ്രതികരണങ്ങളും പുറത്തെത്തിയിട്ടുണ്ട്. മുൻവിധികളെ മാറ്റിമറിച്ച് തെലുങ്കിലും മാർക്കോയ്ക്ക് ഗംഭീര പ്രതികരണമാണ് ആദ്യ ഷോ മുതൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രം ആദ്യദിനം തെലുങ്കിൽ നിന്നും നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 1.25 കോടിയാണ് മാർക്കോ നേടിയിരിക്കുന്നത്. ഇതോടെ ഒരു മലയാള സിനിമയ്ക്ക് തെലുങ്കിൽ നിന്നും ലഭിക്കുന്ന മികച്ച ആദ്യദിന കളക്ഷൻ കൂടിയാണ് മാർക്കോ നേടിയിരിക്കുന്നത്.
300 തിയറ്ററുകളിലാണ് മാർക്കോയുടെ തെലുങ്ക് പതിപ്പ് എത്തിയത്. ഹൈദരാബാദ്, സെക്കന്തരാബാദ്, ഗച്ചിബൗളി, അമീര്‍പെട്ട്, കുകട്പള്ളി, നിസാംപെട്ട് എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് ആദ്യദിനം ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ ലഭിക്കുന്നുണ്ട്. ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റി ആണ് ലഭിക്കുന്നത്. ഇത് വരും ദിനങ്ങളിൽ മാർക്കോയ്ക്ക് വൻ കുതിപ്പ് തന്നെ ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. നിലവിൽ പ്രേമലുവാണ് തെലുങ്കിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമ. നസ്ലെൻ നായകനായി എത്തിയ ഈ ചിത്രത്തെ മാർക്കോ മറികടക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. അതേസമയം, മാർക്കോയുടെ തമിഴ് പതിപ്പ് നാളെ(ജനുവരി 3) തിയറ്ററുകളിൽ എത്തും. ഹിന്ദിയിലും തെലുങ്കിലും വൻ പ്രതികരണം ലഭിച്ച മാർക്കോയ്ക്ക് തമിഴിലും ചെറുതല്ലാത്ത തരംഗം തന്നെ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.
മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന അവകാശവാദത്തോട് നൂറ് ശതമാനം നീതി പുലർത്തുന്ന കാഴ്ചയാണ് ഉണ്ണി മുകുന്ദനും സംഘവും കാഴ്ചവച്ചത്. ഉണ്ണി മുകുന്ദന് പുറമെ ചിത്രത്തിൽ അഭിമന്യു തിലകൻ, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ധിഖ്, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ജിയാ ഇറാനി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അണിനിരന്നു. ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്. സംഗീതം ഒരുക്കിയിരിക്കുന്നത് ‘കെ.ജി.എഫ്’, ‘സലാർ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന രവി ബസ്രൂർ ആണ്. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോയുടെ നിർമാണം.