Shareef Muhammed Marco: കഥ സിനിമയാക്കാൻ എൻ്റെ ഓഫീസിലേക്ക് വരാം; ഇഷ്ടപ്പെട്ടാൽ സിനിമ ചെയ്യും: മാർക്കോ നിർമ്മാതാവ് ഷരീഫ് മുഹമ്മദ്
Shareef Muhammed Cube Entertainments : കഥ സിനിമയാക്കണമെന്ന് ആഗ്രഹമുള്ളവർ ക്യൂബ് എൻ്റർടെയിന്മെൻ്റിൻ്റെ ഓഫീസിലേക്ക് വന്നാൽ മതിയാവുമെന്ന് മാർക്കോ സിനിമയുടെ നിർമ്മാതാവ് ഷരീഫ് മുഹമ്മദ്. കഥകൾ കേട്ട് തനിക്ക് ഇഷ്ടപ്പെട്ടാൽ ആ കഥ സിനിമയാക്കുമെന്നും ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
തങ്ങളുടെ കഥ സിനിമയാക്കാൻ ആഗ്രഹമുള്ളവർ ഓഫീസിലേക്ക് വന്നാൽ മതിയാവുമെന്ന് മാർക്കോ (Marco Movie) നിർമ്മാതാവ് ഷരീഫ് മുഹമ്മദ്. കഥകൾ സ്ക്രീൻ ചെയ്ത് തനിക്ക് കൂടി ഇഷ്ടപ്പെട്ടാൽ ആ കഥ സിനിമയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷരീഫ് മുഹമ്മദിൻ്റെ പ്രതികരണം.
സിനിമയിൽ ഒരു കോർപ്പറേറ്റ് രീതി കൊണ്ടുവരണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് അദ്ദേഹം പ്രതികരിച്ചു. അത് പക്ഷേ, നടക്കണമെന്നില്ല. ക്യൂബ്സ് എൻ്റർടെയിന്മെൻ്റ്സിൻ്റെ ഒരു ഓഫീസ് ഉടൻ തുറക്കും. അത് ആർക്കും ഗൂഗിൾ ചെയ്താൽ കിട്ടും. പക്ഷേ, ഇപ്പോഴും ഓഫീസിലേക്ക് ആർക്കും വരാം. കൂബ്സ് എൻ്റർടൈന്മെൻ്റ്സ് എന്ന് ഗൂഗിൾ ചെയ്താൽ അഡ്രസ് ലഭിക്കും. അവിടെ വന്നാൽ റിസപ്ഷനിസ്റ്റ് ഒരു ഫോം നൽകും. ആ ഫോമിൽ കഥയെപ്പറ്റി ഏത് വിഭാഗമാണെന്നൊക്കെ ഫിൽ ചെയ്യണം. അത്തരത്തിൽ ഒരു അപേക്ഷ നൽകുകയാണ്. പത്ത് പേരുടെ ഒരു പാനൽ ഉണ്ടാക്കുന്നുണ്ട്. ആ 10 പേര് ഈ തിരക്കഥകൾ വായിച്ച് ഇഷ്ടപ്പെടുന്നത് തിരഞ്ഞെടുക്കും. അത് തനിക്ക് കൂടി ഇഷ്ടപ്പെട്ടാൽ താൻ കഥ കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാർക്കോ ഉടൻ ഒടിടി റിലീസ് ചെയ്യില്ലെന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്നും ഒടിടി റിലീസ് സംബന്ധിച്ച തീരുമാനം വരികയാണെങ്കില്‍ അത് ഔദ്യോഗികമായി അറിയിക്കുമെന്നും നിർമാതാവ് പ്രസ്താവനയിലൂടെ പറഞ്ഞു. ഈ പ്രസ്താവന ചിത്രത്തിലെ ഉണ്ണി മുകുന്ദന്‍ അടക്കം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
Also Read : Marco OTT: ‘മാര്‍ക്കോ’ ഉടൻ ഒടിടി റിലീസിനില്ല; തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് നിര്‍മ്മാതാവ്
ഒരു പ്ലാറ്റ്ഫോമുമായും ഒടിടി റിലീസ് കരാറിലെത്തിയിട്ടില്ല. ഇത്തരത്തിലുള്ള അവകാശവാദങ്ങളും വാർത്തകളും പൂർണ്ണമായി വ്യാജമാണ്. ഒരു സിനിമാറ്റിക് അനുഭവമായി മാർക്കോ തീയറ്ററിൽ തന്നെ പ്രേക്ഷകർ ആസ്വദിക്കുന്നതിൽ തങ്ങൾ ആവേശഭരിതരാണ്. സിനിമ ഇപ്പോഴും തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമ ശരിയായി ആസ്വദിക്കാൻ തീയറ്ററുകളിൽ തന്നെ കാണണമെന്നും നിർമ്മാതാവ് പറഞ്ഞു.
മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മാർക്കോ തീയറ്ററുകളിലെത്തിയത്. ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. കേരളത്തിലെ നേട്ടങ്ങൾക്കപ്പുറം ഹിന്ദി പ്രേക്ഷകരിലും മാർക്കോ സൂപ്പർ ഹിറ്റായി കുതിയ്ക്കുകയാണ്. 34 ഷോകളില്‍ ആരംഭിച്ച സിനിമ കേവലം രണ്ടാഴ്ച കൊണ്ട് 1327 സ്‌ക്രീനുകളിലേക്ക് വ്യാപിച്ചു. നിലവിൽ 3000 ല്‍ അധികം ഷോകളാണ് സിനിമ ദിവസവും കളിയ്ക്കുന്നത്.
ഹനീഫ് അദേനി സംവിധായകനായി ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തിലെത്തിയ സിനിമയാണ് മാർക്കോ. കെജിഎഫ്, സലാർ തുടങ്ങിയ സിനിമകൾക്ക് സംഗീതമൊരുക്കിയ രവി ബാസുർ ആണ് മാർക്കോയുടെയും സംഗീതസംവിധാനം. ചന്ദു സെൽവരാജ് ക്യാമറയും ഷമീർ മുഹമ്മദ് എഡിറ്റിങും നിർവഹിച്ചിരിക്കുന്നു. 2024 ഡിസംബർ 20 ന് റിലീസായ സിനിമ ഇതിനകം 100 കോടിയിലധികം നേടിക്കഴിഞ്ഞു. 30 കോടി രൂപയാണ് ബജറ്റ്. സിദ്ധിഖ്, ജഗദീഷ്, അഭിമന്യു തിലകൻ തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചിരിക്കുന്നു.