Marco OTT : ഇനി അഭ്യൂഹങ്ങൾ ഒന്നും വേണ്ട; മാർക്കോ ഒടിടി റിലീസ് പ്രഖ്യാപിച്ച് സോണി ലിവ്
Marco OTT Update : സോണി ലിവ് ആണ് മാർക്കോയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വയലൻസ് അടങ്ങിയ ചിത്രമെന്ന് പേരിലാണ് മാർക്കോ തിയറ്ററുകളിൽ എത്തിയത്.

തിയേറ്ററുകളെ വിറപ്പിച്ച ഉണ്ണി മുകുന്ദൻ്റെ മാർക്കോ ഒടിടിയിലേക്കെത്തുന്നു. ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ സോണി ലിവ് മാർക്കോയുടെ ഒടിടി (Marco OTT) റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 14-ാം തീയതി വാലൻ്റൈൻസ് ദിനത്തിൽ മാർക്കോയുടെ ഡിജറ്റൽ സംപ്രേഷണം ആരംഭിക്കുമെന്നാണ് സോണി ലിവ് അറിയിച്ചിരിക്കുന്നത്. ക്യൂഹ്സ് എൻ്റർടെയ്മെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച ചിത്രം ഒരുക്കിയിരിക്കുന്നത് ഹനീഫ് അദേനിയാണ്.
മാർക്കോ ഒടിടി
തിയറ്ററുകളിൽ നിന്നും 100 കോടിയിൽ അധികം കളക്ഷൻ നേടിയ മാർക്കോയുടെ ഒടിടി അവകാശം സോണി ലിവ് വമ്പൻ തുകയ്ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. ഒടിടിയിൽ മലയാളം സിനിമകൾക്ക് വിപണി മൂല്യം നഷ്ടമാകുന്നു എന്ന അഭിപ്രായങ്ങൾ നിലനിൽക്കെയാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിന് റെക്കോർഡ് തുക നൽകാൻ ഒടിടി പ്ലാറ്റ്ഫോം തയ്യാറായത്. കൂടാതെ തിയറ്ററിൽ പ്രദർശിപ്പിക്കാത്ത ഡിലീറ്റഡ് ഭാഗങ്ങളും ഒടിടി സംപ്രേഷണം ചെയ്യുമെന്നും നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇതും മാർക്കോയുടെ ഒടിടി റിലീസിന് കൂടുതൽ പ്രത്യേകത സൃഷ്ടിക്കുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് മാർക്കോ സോണി ലിവ് സംപ്രേഷണം ചെയ്യുക
മാർക്കോ ബോക്സ്ഓഫീസ്
സിനിമ ഇറങ്ങി 22-ാം ദിവസം മാർക്കോ 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. തീവ്ര വയലൻസ് നിറഞ്ഞ ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. മലയാളത്തിന് പുറമെ ഹിന്ദിയിലും മറ്റ് ഭാഷകളിലും ഉണ്ണി മുകുന്ദൻ ചിത്രത്തിന് മികച്ച സ്വീകരണം നൽകിയത്. 60 കോടിയോളമാണ് മാർക്കോയുടെ കേരളത്തിലെ ഗ്രോസ് കളക്ഷൻ. 30 കോടിയിൽ അധികം ഓവർസീസ് കളക്ഷനായി മാർക്കോ നേടിട്ടുണ്ട്.




ALSO READ : Identity OTT: കേസിൻ്റെ ചുരുളഴിക്കാൻ ടൊവീനോയും കൂട്ടരും ഒടിടിയിലേക്ക്, ഐഡൻ്റിറ്റി ഉടൻ
മാർക്കോ സിനിമ
ഹനീഫ് അദേനി നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ മിഖായേൽ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന സ്പിൻ ഓഫാണ് മാർക്കോ. ഉണ്ണി മുകുന്ദന് പുറമെ ഉണ്ണി മുകുന്ദനു പുറമെ മാർക്കോയിൽ സിദ്ദിഖ്, ജഗദീഷ് ആൻസൺ പോൾ, കബീർ ദുഹാൻ സിങ്, അഭിമന്യു തിലകൻ, യുക്തി തരേജ, അജിത് കോശി, ദിനേശ് പ്രഭാകർ, ഇഷാൻ ഷൗക്കത്ത്, മാത്യു വർഗീസ്, ഷാജി, ബിൻ സുബായ്, സജിതാ ശ്രീജിത് രവി, ധ്രുവ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
കെജിഎഫ്, സലാർ ചിത്രങ്ങൾക്ക് സംഗീതം നൽകിയ രവി ബസ്രൂറാണ് മാർക്കോയ്ക്കും സംഗീതം നൽകിയിരിക്കുന്നത്. ചന്ദ്രു സെൽവരാജാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷമീർ മുഹമ്മദാണ് എഡിറ്റർ. കലൈ കിങ്സാണ് ചിത്രത്തിൽ ഫൈറ്റ് രംഗങ്ങൾ കോറിയഗ്രാഫ് ചെയ്തിരിക്കുന്നത്.