Abhimanyu Shammy Thilakan : ‘ഏറ്റവും വേദനിപ്പിക്കുന്ന രംഗമായിരുന്നു അത്; പെണ്ണ് കിട്ടില്ല എന്നൊക്കെ പറഞ്ഞു’; ‘മാർക്കോ’യിലെ ‘മാരക’ വില്ലൻ അഭിമന്യു തിലകൻ മനസ് തുറക്കുന്നു
Marco Movie Starrer Abhimanyu S Thilakan: ഉണ്ണി മുകുന്ദനെ മുഖ്യ കഥാപാത്രമാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ എന്ന ചിത്രത്തിലൂടെയാണ് അഭിമന്യു തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ജഗദീഷ് അവതരിപ്പിക്കുന്ന ടോണി ഐസക് എന്ന കഥാപാത്രത്തിന്റെ മകൻ റസൽ ആയാണ് അഭിമന്യു ചിത്രത്തിലെത്തുന്നത്. ഒരു കഥാപാത്രം എന്നതിലുപരി ഒരു ക്രൂരനായ വില്ലൻ വേഷമാണ് താരത്തിന്റേത്. ആറ്റിറ്റ്യൂഡും ലുക്കും നോട്ടവും കൊണ്ടുമെല്ലാം കഥാപാത്രത്തെ ഗംഭീരമാക്കിയ അഭിമന്യു തന്റെ സിനിമയുടെ ജീവിതത്തിലെയും വിശേഷങ്ങൾ പങ്കുവെക്കുകയാണ് ടിവി9 മലയാളം ഡയലോഗ് ബോക്സിലൂടെ.
മലയാള സിനിമ കുടുംബത്തിലേക്ക് വീണ്ടും ഒരു താരപുത്രൻ കൂടിയെത്തിയിരിക്കുകയാണ്. അതും അതിമാരക വില്ലൻ വേഷത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. അതുല്യകലാകാരൻ തിലകന്റെ കൊച്ചുമകനും ഷമ്മി തിലകന്റെ മകനുമായ അഭിമന്യുവിനെ പറ്റിയാണ് . ഉണ്ണി മുകുന്ദനെ മുഖ്യ കഥാപാത്രമാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ എന്ന ചിത്രത്തിലൂടെയാണ് അഭിമന്യു തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ജഗദീഷ് അവതരിപ്പിക്കുന്ന ടോണി ഐസക് എന്ന കഥാപാത്രത്തിന്റെ മകൻ റസൽ ആയാണ് അഭിമന്യു ചിത്രത്തിലെത്തുന്നത്. ഒരു കഥാപാത്രം എന്നതിലുപരി ഒരു ക്രൂരനായ വില്ലൻ വേഷമാണ് താരത്തിന്റേത്. ആറ്റിറ്റ്യൂഡും ലുക്കും നോട്ടവും കൊണ്ടുമെല്ലാം കഥാപാത്രത്തെ ഗംഭീരമാക്കിയ അഭിമന്യു തന്റെ സിനിമയുടെ ജീവിതത്തിലെയും വിശേഷങ്ങൾ പങ്കുവെക്കുകയാണ് ടിവി9 മലയാളം ഡയലോഗ് ബോക്സിലൂടെ.
ഉണ്ണി ചേട്ടന്റെ മെസേജ്; മാർക്കോയിലേക്ക് എത്തിയത്
മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമായ മാർക്കോയിലേക്ക് ഉണ്ണി മുകുന്ദൻ ആണ് തന്നെ ആദ്യം വിളിച്ചത് എന്നാണ് അഭിമന്യു പറയുന്നത്. ‘2024- ഫെബ്രുവരിയിൽ ഉണ്ണി ചേട്ടൻ( ഉണ്ണി മുകുന്ദൻ) എനിക്ക് വാട്‌സ്ആപ്പിൽ ഒരു മെസേജ് അയച്ചു. ”ഹായ് അഭിമന്യു, ദിസ് ഈസ് ഉണ്ണി മുകുന്ദൻ, ഒരു പ്രോജക്റ്റിനെ പറ്റി സംസാരിക്കാൻ ആണ്” എന്ന് പറഞ്ഞായിരുന്നു മെസേജ്. അതിനു ശേഷം ഫോണിൽ വിളിച്ച് സംസാരിച്ചു. തുടർന്ന് ഹനീഫ് അദേനി സാറുമായി സംസാരിച്ചു. അങ്ങനെയാണ് എന്നെ അവർ ആദ്യം ബന്ധപ്പെടുന്നത്. പിന്നെ നേരിൽ കണ്ടു. തുടർന്നാണ് ബോഡി ട്രാൻസ്‌ഫോർമേഷന്റെ കാര്യങ്ങളൊക്കെ സംസാരിച്ചത്.
നോ പറയാൻ തോന്നിയില്ല
ലൈഫ് ഒക്കെ സെറ്റിൽ ആക്കുന്നതിന്റെ ഭാഗമായാണ് ബിഗ് സ്‌ക്രീനിൽ എത്താൻ വൈകിയത് എന്നാണ് താരപുത്രൻ പറയുന്നത്. സ്കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് അവസരങ്ങൾ വന്നിരുന്നുവെന്നും എന്നാൽ ബാക്ക്-അപ്പ് ഇല്ലാതെ വരുന്നത് റിസ്‌ക ആണെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് അഭിനയിക്കാതെ ഇരുന്നത് എന്നുമാണ് അഭിമന്യു പറയുന്നത്.’ ബിഗ് സ്‌ക്രീനിൽ എത്താൻ വൈകിയതായി തോന്നിയിട്ടുണ്ട്. പക്ഷേ സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ ഒരുപാട് അവസരം വന്നിട്ടുണ്ട്. പക്ഷേ ആ സമയത്തൊക്കെ പഠിത്തം തീർന്നിട്ട് ചെയ്യാം എന്നൊരു പ്ലാനിലായിരുന്നു. പിന്നെ എൻഞ്ചിനിയറിംഗ് ഒക്കെ കഴിഞ്ഞപ്പോൾ ലൈഫ് ഒക്കെ സെറ്റിൽ ആകട്ടെ എന്ന ചിന്തയിലായി, കാരണം സിനിമ എന്നത് ഒരു ഭാഗ്യ പരീക്ഷണമാണല്ലോ. ഒരു ബാക്ക്-അപ്പ് പ്ലാൻ ഇല്ലാതെ സിനിമയിൽ കയറിചെന്നാൽ നമ്മൾ പെട്ട് പോകും. അതുമില്ല ഇതുമില്ലാത്ത അവസ്ഥയാകും. ഇതിന് എനിക്ക് കുറച്ച് സമയം വേണ്ടിവന്നു. പിന്നെ നല്ലൊരു എൻട്രി എനിക്ക് വേണമായിരുന്നു. മികച്ചൊരു ടീമിനൊപ്പം സ്റ്റാർട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മാർക്കോ എന്ന ചിത്രത്തിലേക്ക് എന്നെ വിളിച്ചപ്പോളു സ്റ്റോറി കേട്ടപ്പോഴും ഉപരി ആ ടീമിനെ പറ്റി അറിഞ്ഞപ്പോഴും എനിക്ക് നോ പറയാൻ തോന്നിയില്ല’ .
ആദ്യ ദിനം ഉണ്ണി ചേട്ടന്റെ കാല് തൊട്ടു തൊഴുതു
താനും ഉണ്ണി മുകുന്ദനുമായി ഒരു ചേട്ടൻ അനിയൻ ബന്ധമാണെന്നാണ് അഭിമന്യു പറയുന്നത്.’ ഉണ്ണി ചേട്ടനെ ഷൂട്ടിനു മുൻപ് ഒന്ന് രണ്ട് തവണ കണ്ടു. അന്ന് ഭയങ്കര കാര്യമായിരുന്നു, ഫ്രണ്ട്ലിയായിരുന്നു. പക്ഷേ അത്ര വലിയ അടുപ്പം ഉണ്ടായിരുന്നില്ല. ഷൂട്ടിങ്ങ് ആരംഭിച്ചതിനു ശേഷമാണ് ഞങ്ങൾ ക്ലോസായത് . ആദ്യ ദിനം ഉണ്ണി ചേട്ടന്റെ കാല് തൊട്ടു തൊഴുതാണ് അഭിനയിച്ചത്. രണ്ടാം ദിവസം ഞാൻ വളരെ പരിഭ്രമിച്ച് നിൽക്കുമ്പോൾ ഉണ്ണി ചേട്ടൻ ഓടിവന്ന് ”ടാ നീ റീലാക്സ് ചെയ്യ്. വളരെ കൂളായിട്ട് ചെയ്താ മതി” എന്ന് പറഞ്ഞു. ഉണ്ണി ചേട്ടൻ മാത്രമല്ല, ഹനീഫ് സാറും എന്നെ വളരെ മോട്ടിവേറ്റ് ചെയ്തു. എല്ലാവരും നല്ല ഫ്രണ്ട്ലിയാണ്. പിന്നെ ഒരു ചാൻസ് കിട്ടിയാൽ എന്നെ കളിയാക്കാതെ ഇരിക്കില്ല. ഞങ്ങൾ ഒരു ചേട്ടൻ അനിയൻ ബന്ധം തന്നെയാണ്. അഭിനയിക്കുമ്പോൾ എന്തെങ്കിലും തെറ്റ് വന്നാൽ അനിയന് തുല്യം കണ്ട് എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട് ‘.
ഏറ്റവും വലിയ പേടിയായിരുന്നു അത്
അപ്പൂപ്പന്റെയും അച്ഛന്റെയും വഴിയെ അഭിമന്യുവും സിനിമയിലേക്ക് എത്തുമ്പോൾ ഏറ്റവും അലട്ടിയത് പ്രേക്ഷകർ തന്റെ അഭിനയത്തെ അവരുടെ അഭിനയവുമായി താരതമ്യം ചെയ്യുമോ എന്നതായിരുന്നുവെന്നാണ് താരം പറയുന്നത്. ‘എന്റെ ഏറ്റവും വലിയ പേടിയായിരുന്നു എന്റെ അഭിനയത്തെ അച്ഛന്റെയും അപ്പൂപ്പന്റെയും അഭിനയവുമായി താരതമ്യം ചെയ്യുമോ എന്ന്. കാരണം അവർ ആ രീതിയിൽ ചെയ്ത് വച്ചിട്ടുള്ള ആൾക്കാരാണ്. ഞാൻ ആദ്യമായിട്ടാണ്, യാതൊരു തരത്തിലുള്ള അനുഭവവുമില്ല. അവിടെ പോയിട്ട് എന്ത് ചെയ്യണം എങ്ങനെ ചെയ്യണമെന്ന് ഒന്നും എനിക്ക് അറിയില്ല. മാർക്കോയിൽ ചെന്നിട്ടാണ് ഞാൻ ഓരോന്ന് പഠിക്കുന്നത്. അച്ഛൻ കുറെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പക്ഷേ അങ്ങനെ പറഞ്ഞ് തരുന്നതും എക്സ്പീരിയൻസ് ചെയ്യുന്നതും രണ്ടും രണ്ടല്ലേ. പിന്നെ പ്രേക്ഷകർ അച്ഛനും അപ്പുപ്പനും കൊടുത്ത അതേ സ്നേഹവും സപ്പോർട്ടും എനിക്കും തന്നു. ഞാൻ നന്നായി ചെയ്തോ എന്ന് ചോദിച്ചാൽ ഇല്ല. ഒരു ചാൻസ് കൂടി കിട്ടിയാൽ കുറച്ച് കൂടി ബെറ്റർ ആക്കമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. പിന്നെ ഒരിക്കലും ഞാൻ ചാൻസ് ചോദിക്കാനോ , അച്ഛനാണെങ്കിൽ പോലും എന്റെ മകന് ചാൻസ് വേണമെന്നൊന്നും ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ആഗ്രഹവും എനിക്കില്ല. എനിക്ക് എന്റെതായ രീതിക്ക് കണ്ടെത്തണമെന്നായിരുന്നു ആഗ്രഹം. ഇങ്ങനെ ഇരിക്കുമ്പോഴാണ് ഉണ്ണിചേട്ടൻ മെസേജ് അയക്കുന്നത്.
‘നീ സിലിണ്ടർ വച്ച് അടിച്ചാൽ മതി’
ചിത്രത്തിന്റെ കൈമ്ലാക്സിലേക്ക് എത്തുമ്പോഴാണ് ടോപ്പ് വയലൻസിലേക്ക് എത്തി ചിത്രത്തിന്റെ ഗതി മാറുന്നത്. കുട്ടികളെ സിലിണ്ടറിന് അടിച്ചും എറിഞ്ഞും തൂക്കികൊന്നും പ്രേക്ഷകരെ ഭയപ്പെടുത്തിയ രംഗങ്ങൾ. കണ്ട് തീയറ്ററിൽ നിന്ന് പുറത്തിറങ്ങുന്ന പ്രേക്ഷകർക്ക് കുട്ടിയെ സിലിണ്ടർ വച്ച് അടിക്കുന്ന രംഗം മനസ്സിൽ നിന്ന് മായാത്ത വിധമായിരുന്നു അഭിമന്യൂവിന്റെ പ്രകടനം. എന്നാൽ ഈ രംഗത്തെ പറ്റി അറിയുന്നതിന്റെ ഷൂട്ടിങ്ങിന്റെ രാവിലെയാണ് അറിയുന്നത് എന്നായിരുന്നു അഭിമന്യൂ പറയുന്നത്. ‘ഉള്ളത് പറയുകയാണെങ്കിൽ സിലിണ്ടറിന്റെ സംഭവം ആദ്യമൊന്നും എനിക്ക് അറിയില്ലായിരുന്നു. ആദ്യം പറഞ്ഞതിൽ ഒന്നും സിലിണ്ടറിന്റെ കാര്യം പറഞ്ഞിരുന്നില്ല. അത് ചെയ്യുന്നതിന്റെ രാവിലെയാണ് എന്നോട് പറയുന്നത്. നീ സിലിണ്ടർ വച്ച് അടിച്ചാൽ മതിയെന്ന്. ബാക്കിയുള്ളതൊക്കെ അറിയാമായിരുന്നു’.
ആ സീൻ വേദനിപ്പിച്ചു
സിനിമ കഴിഞ്ഞ് തനിക്ക് മാനസിക ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നുവെന്നും എന്നാൽ ചിത്രത്തിൽ ഒരു പെൺകുട്ടിയുടെ മുടി പിടിച്ച് വലിച്ച രംഗം വേദനിപ്പിച്ചുവെന്നാണ് താരം പറയുന്നത്. ‘ചിത്രം കഴിഞ്ഞ് അങ്ങനെ മാനസിക ബുദ്ധിമുട്ടൊന്നും തോന്നിയില്ല. എനിക്ക് വിഷമം തോന്നിയത് ആ പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് സ്റ്റെപ്പിലെ വലിച്ചു കൊണ്ടുവരുന്ന സീനാണ്. കാരണം ആ മോളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ആ മോളുടെ അച്ഛനും അമ്മയുമായി വലിയ അടുപ്പമാണ്. അപ്പോൾ ആ കുട്ടിയുടെ മുടിയിൽ പിടിച്ച വലിച്ചത് കുറച്ച് ബുദ്ധിമുട്ടായിരുന്നു’.
പെണ്ണ് കിട്ടില്ല എന്നെക്കെ പറഞ്ഞിരുന്നു
ഇത്രയും ബ്രൂട്ടൽ ആയിട്ടുള്ള കഥാപാത്രം ചെയ്‌തെങ്കിലും പ്രേക്ഷകർ അതിനെ ആ രീതിയിലാണ് എടുത്തത് എന്നാണ് താരം പറയുന്നത്.’ പ്രേക്ഷകർ ആ രീതിയിൽ മാത്രമാണ് കഥാപാത്രത്തെ കണ്ടിട്ടുള്ളത്. ഷൂട്ടിങ്ങിന്റെ സമയത്ത് ഞങ്ങൾ വിചാരിച്ചതിന്റെ പക്കാ വിപരീതമായ പ്രതികരണമാണ് റിലീസ് ചെയ്തതിനു ശേഷം ലഭിച്ചത്. ഷൂട്ടിംഗ് സമയത്ത് എല്ലാവരും പറഞ്ഞിരുന്നു എന്നെ സ്ത്രീ പ്രേക്ഷകർ വെറുക്കും, പെണ്ണ് കിട്ടില്ല എന്നെക്കെ. പക്ഷേ പ്രേക്ഷകർ ആ ക്യാരക്ടറിനെ ഏറ്റെടുത്തു. അതുകൊണ്ട് തുടർന്ന് ഒരു നെഗ്റ്റീവ് ഇംപാക്ട് ഉണ്ടാകുമെന്ന് തോന്നുന്നില്ല. വില്ലൻ കഥാപാത്രം മാത്രമായി ചെയ്യാൻ താത്പര്യപ്പെടുന്നില്ല. ഇതോപോലുള്ള ഐക്കോണിക്ക് വില്ലൻ വേഷം ചെയ്യാൻ വന്നാൽ ഞാൻ ചെയ്യും.
എക്സ്പീരിയൻസ് ആന്റ് ടൈമിംഗ്
മാർക്കോയിലെ പവർഫുൾ കഥാപാത്രമായ ജഗദീഷിനും സിദ്ദിഖിനും ഒപ്പമുള്ള അഭിനയ രംഗങ്ങൾ വളരെ പ്രിയപ്പെട്ടതും പലതും പഠിക്കാൻ കഴിഞ്ഞുവെന്നുമാണ് അഭിമന്യു പറയുന്നത്. അവരുടെ ഏറ്റവും വലിയ പ്രത്യേകത എക്സ്പീരിയൻസ് ആൻഡ് ടൈമിംഗ് ആണെന്നാണ് അഭിമന്യു പറയുന്നത്. ‘സിദ്ദിഖ് അങ്കിളുമായി ഞാൻ ഒരു സീനിലെ ഉണ്ടായിരുന്നുള്ളു. ആ സീൻ എടുക്കുന്ന സമയം ഒന്ന് രണ്ട് തവണ തെറ്റ് പറ്റിയിരുന്നു. ആ സമയത്ത് സിദ്ദിഖ് അങ്കിൾ എന്നോട് പറഞ്ഞു. ‘മോനെ കുഴപ്പമില്ല, ഞാൻ പറയാം അപ്പോൾ ചെയ്താൽ മതി’. അത് കാരണം ഒറ്റ ഷോട്ടിൽ സാധനം ഓക്കെയായി. അത് എവരുടെ എക്സ്പീരിയൻസ് ആൻഡ് ടൈമിംഗാണ്. ജഗദീഷ് അങ്കിളും ഞാനുമായി കുറെ സീനിലുണ്ടായിരുന്നു. എനിക്ക് കയ്യിൽ നിന്ന് ഇടാൻ അറിയില്ലായിരുന്നു. ഇതിനുള്ള കുറെ ടിപ്സും കാര്യങ്ങളൊക്കെ ജഗദീഷ് അങ്കിൾ പറഞ്ഞു തന്നിരുന്നു. ചെറുതാണെങ്കിലും സ്ക്രീനിൽ അത് വലിയ കാര്യമാണ്’.
കരിയർ ഇനി സിനിമ
സംരംഭകൻ കൂടിയായ അഭിമന്യു ഇനി കരിയറായി സിനിമ കൊണ്ടു പോകാനാണ് തീരുമാനം. രണ്ടും കൂടി ഒന്നിച്ച് കൊണ്ടുപോകാൻ കുറച്ച് ബുദ്ധിമുട്ടാണെന്നും സിനിമയിൽ ഒന്ന് സെ റ്റിലായതിനു ശേഷം ബിസിനസ് സൈഡിൽ കൂടി കൊണ്ടുപോകാനുള്ള പ്ലാനിലാണ് താരം. അതേസമയം പുതിയ പ്രോജക്ട് സംസാരത്തിലാണ്. വാരിവലിച്ച് ചെയ്യാൻ താത്പര്യപ്പെടുന്നില്ല. വളരെ നോക്കി സെലക്ട് ചെയ്ത് മാത്രമേ അഭിനയിക്കുന്നുള്ളുവെന്നാണ് താരം പറയുന്നത്.