Marco Movie Song: ‘മാർപ്പാപ്പ’ കൊളുത്തിയിട്ടുണ്ട്; മാർക്കോയിലെ പുതിയ ഗാനം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്
Marco Movie New Song Marpapa : ഉണ്ണി മുകുന്ദൻ നായകനായി ഹനീഫ് അദേനി അണിയിച്ചൊരുക്കുന്ന മാർക്കോ എന്ന സിനിമയിലെ പുതിയ ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ. ബേബി ജീൻ പാടിയ മാർകോ എന്ന ഗാനം ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.
ഉണ്ണി മുകുന്ദൻ-ഹനീഫ് അദേനി കൂട്ടുകെട്ടിലൊരുങ്ങുന്ന ‘മാർക്കോ’ എന്ന സിനിമയിലെ പുതിയ ഗാനം മാർപ്പാപ്പ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്. വിനായക് ശശികുമാറിൻ്റെ വരികൾക്ക് സയീദ് അബ്ബാസ് ഈണം പകർന്ന് റാപ്പർ ബേബി ജീൻ ആലപിച്ച പാട്ടിന് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സയീദ് അബ്ബാസ് സ്വതന്ത്ര സംവിധായകനാവുന്ന ആദ്യ ഗാനമാണ് മാർപ്പാപ്പ. പ്രമോ വിഡിയോ ആയാണ് സോണി മ്യൂസിക് സൗത്തിൻ്റെ യൂട്യൂബ് ചാനലിലൂടെ പാട്ട് പുറത്തുവിട്ടത്.
നേരത്തെ ഇറങ്ങിയ ചിത്രത്തിൻ്റെ മറ്റ് ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ഒരേ സമയം യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയത് ഏറെ ചർച്ചയാണ്. ആദ്യ ഡബ്സിയും പിന്നീട് സന്തോഷ് വെങ്കിയും പാടിയ ബ്ലഡ് എന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം കോടിക്കണക്കിന് വ്യൂസ് ആണ് നേടിയത്. ആരാധകരുടെ ആവശ്യപ്രകാരമാണ് സന്തോഷ് വെങ്കി പാടിയ വേർഷൻ അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ഇത് ഇത്തരത്തിലുള്ള ചർച്ചകൾക്കും വഴിവച്ചു. രണ്ട് വേർഷനുകളിൽ സന്തോഷ് വെങ്കി പാടിയതാണ് വ്യൂസിൽ ഒന്നാമത്. പിന്നാലെ ഡബ്സിയുടെ വേർഷനുണ്ട്. ഈ രണ്ട് ഗാനങ്ങളും യൂട്യൂബ് മ്യൂസിക് വിഭാഗത്തിൽ ട്രെൻഡിംഗിലുണ്ട്. ഇതിനൊപ്പം ഇന്ന് പുറത്തിയ മാർപ്പാപ്പ എന്ന പാട്ടും ട്രെൻഡിംഗ് ലിസ്റ്റിൽ ഇറ്റം പിടിച്ചു. ഒരേ ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ ഒരേസമയം യുട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വരികയെന്നത് വളരെ അപൂർവമാണ്.
‘മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ഫിലിം’ എന്നാണ് അണിയറപ്രവർത്തകർ മാർക്കോയെ വിശേഷിപ്പിക്കുന്നത്. ഡിസംബർ 20ന് ചിത്രം തിയറ്ററുകളിലെത്തും. ക്യൂബ്സ് എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ആദ്യ ചിത്രമാണിത്. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ധിഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം. ഷമീർ മുഹമ്മദ് ചിത്രസംയോജനം നിർവഹിക്കുമ്പോൾ സുനിൽ ദാസ് ആണ് കലാസംവിധാനം. 30 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രമുഖ ആക്ഷൻ കോറിയോഗ്രാഫർ കലൈ കിംഗ്സൺ ചിത്രത്തിലെ സംഘട്ടനമൊരുക്കുന്നു. രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും മാർക്കോയ്ക്കുണ്ട്. ഇതോടൊപ്പം മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നിർമ്മാതാവ് എന്ന നേട്ടം ഷെരീഫ് മുഹമ്മദ് ഈ ചിത്രത്തിലൂടെ നേടി. നൂറ് ദിവസമായിരുന്നു മാർക്കോയുടെ ചിത്രീകരണം.