Maranamass OTT : ബേസിൽ ബ്രാൻഡ് ടാ! റിലീസിന് മുമ്പ് മരണമാസ്സ് ഒടിടി അവകാശം വിറ്റു പോയി
Maranamass OTT Platform : ഏപ്രിൽ പത്താം തീയതി വിഷു റിലീസായിട്ടാണ് മരണമാസ്സ് തിയറ്ററുകളിൽ എത്തുക. ടൊവിനോ തോമസാണ് ചിത്രം നിർമിക്കുന്നത്.

ബേസിൽ ജോസഫ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് മരണമാസ്സ്. വിഷു റിലീസായി തിയറ്ററുകളിൽ എത്തുന്ന ചിത്രം ഏപ്രിൽ പത്താം തീയതി പ്രദർശനം ആരംഭിക്കും. അതേസമയം ചിത്രം തിയറ്ററുകളിൽ എത്തുന്നതിന് മുമ്പ് മരണമാസ്സിൻ്റെ ഒടിടി അവകാശം വിറ്റു പോയിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളുടെ ഡിജിറ്റൽ അവകാശം വിറ്റു പോകാത്ത സ്ഥിതി നിൽക്കുമ്പോഴാണ് ഒടിടിയിൽ ബേസിൽ ചിത്രങ്ങൾക്ക് പ്രാധാന്യമേറുന്നത്.
റിപ്പോർട്ടുകൾ പ്രകാരം സോണി ലിവ് ആണ് മരണമാസ്സിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. റിലീസായി 40-ാം ദിവസം മരണമാസ്സ് ഒടിടിയിൽ സംപ്രേഷണം ചെയ്യാൻ സാധ്യത. അതേസമയം ഇത് സംബന്ധിച്ച് സിനിമയുടെ അണിയറപ്രവർത്തകരോ ഒടിടി പ്ലാറ്റ്ഫോമോ വ്യക്തത നൽകിട്ടില്ല.
ബേസിലിൻ്റെ മിന്നൽ മുരളി സിനിമയുടെ സഹസംവിധായകനായ ശിവപ്രസാദ് ആദ്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് മരണമാസ്സ്. ടൊവിനോ തോമസ് പ്രൊഡക്ഷൻസിൻ്റെയും റാഫേൽ ഫിലിംസ് പ്രൊഡക്ഷൻസിൻ്റെയും വേൾഡ് വൈഡ് ഫിലിംസിൻ്റെയും ബാനറിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ്സ് നിർമിച്ചിരിക്കുന്നത്. ബേസിലിന് പുറമെ രാജേഷ് മാധാവൻ, സിജു സണ്ണി, പുലിയാനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആൻ്റണി, അൻഷിമ അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിലെ മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
നടൻ സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. നീരജ് രവിയാണ് ഛായാഗ്രാഹകൻ. ചമ്മൻ ചാക്കോയാണ് എഡിറ്റർ. ജെകെയാണ് സംഗീത സംവിധായകൻ.