Maranamass: മരണമാസ്സ് സിനിമാപ്രദർശനം നിരോധിച്ച് സൗദിയും കുവൈറ്റും; കാരണം, സിനിമയിലെ ട്രാൻസ്ജൻഡർ കാസ്റ്റ്
Saudi Arabia Banned Maranamass: മരണമാസ് സിനിമ നിരോധിച്ച് സൗദി അറേബ്യയും കുവൈറ്റും. സിനിമയിൽ ട്രാൻസ്ജെൻഡർ കാസ്റ്റ് ഉണ്ടെന്നതാണ് നിരോധിക്കാനുള്ള കാരണം. ഇക്കാര്യം സംവിധായകൻ ശിവപ്രസാദ് തന്നെ അറിയിച്ചു.

ബേസിൽ ജോസഫിൻ്റെ ഏറ്റവും പുതിയ സിനിമയായ മരണമാസ്സിൻ്റെ പ്രദർശനം നിരോധിച്ച് സൗദി അറേബ്യയും കുവൈറ്റും. സിനിമയിൽ ട്രാൻസ്ജൻഡർ കാസ്റ്റ് ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ രണ്ട് രാജ്യങ്ങളും റിലീസ് നിരോധിച്ചതെന്ന് സംവിധായകൻ ശിവപ്രസാദ് പറഞ്ഞതായി റിപ്പോർട്ടർ വാർത്തയിൽ പറയുന്നു. ഈ രംഗങ്ങൾ ഒഴിവാക്കി റിലീസ് ചെയ്യാമെന്ന് കുവൈറ്റ് പറഞ്ഞപ്പോൾ സൗദിയിൽ പൂർണ നിരോധനമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ സൗദി അറേബ്യയിൽ മരണമാസ് റിലീസ് ചെയ്യാനാവില്ലെന്ന് ശിവപ്രസാദ് പറഞ്ഞു. ട്രാൻസ്ജൻഡർ വ്യക്തി സിനിമയുടെ കാസ്റ്റിൽ ഉള്ളതുകൊണ്ടാണ് റിലീസ് ചെയ്യാൻ കഴിയാത്തതെന്ന് സൗദി സെൻസർ ബോർഡ് അറിയിച്ചു. കുവൈറ്റിലെ സെൻസർ ബോർഡും സിനിമ റിലീസ് അനുവദിക്കില്ലെന്ന് അറിയിച്ചു. എന്നാൽ, സിനിമയിലെ ട്രാൻസ്ജൻഡർ സീനുകൾ ഒഴിവാക്കിയാൽ പ്രദർശനാനുമതി നൽകാമെന്ന് കുവൈറ്റ് സെൻസർ ബോർഡ് പറഞ്ഞിട്ടുണ്ട്. എന്നാൽ, സൗദിയിൽ സിനിമ റിലീസ് ചെയ്യാൻ കഴിയില്ലെന്നും ശിവപ്രസാദ് കൂട്ടിച്ചേർത്തു.
ശിവപ്രസാദിൻ്റെ ആദ്യ സംവിധാന സംരഭമായാണ് മരണമാസ്സ് ഒരുങ്ങുന്നത്. സിജു സണ്ണിയും ശിവപ്രസാദും ചേർന്നാണ് സിനിമയുടെ തിരക്കഥ. സിജു സണ്ണി തിരക്കഥയൊരുക്കുന്ന ആദ്യ സിനിമ കൂടിയാണ് മരണമാസ്സ്. ഡാർക്ക് കോമഡി വിഭാഗത്തിലൊരുങ്ങുന്ന സിനിമയുടെ സഹനിർമ്മാതാവ് ടൊവിനോ തോമസാണ്. ബേസിൽ ജോസഫിനൊപ്പം സുരേഷ് കൃഷ്ണ, ബാബു ആൻ്റണി, അനിഷ്മ അനിൽകുമാർ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു. നീരജ് രവിയാണ് സിനിമയുടേ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ ചമൻ ചാക്കോയാണ് എഡിറ്റ്. ജെകെയാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഏപ്രിൽ 10ന് സിനിമ തീയറ്ററുകളിൽ റിലീസാവും.




സമീപകാലത്തായി ബേസിൽ ജോസഫ് തുടരെ ഹിറ്റ് സിനിമകളിൽ അഭിനയിക്കുന്നുണ്ട്. പൊന്മാനാണ് ബേസിലിൻ്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ. ഈ സിനിമ ബോക്സോഫീസിൽ വമ്പൻ ഹിറ്റായി. എഴുത്തുകാരൻ ജിആർ ഇന്ദുഗോപൻ്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന സിനിമയുടെ ചലച്ചിത്രാവിഷ്കാരമായ പൊന്മാൻ ജോതിഷ് ശങ്കറാണ് സംവിധാനം ചെയ്തത്. ജിആർ ഇന്ദുഗോപൻ, ജസ്റ്റിൻ വർഗീസ് എന്നിവർ ചേർന്നായിരുന്നു സിനിമയുടെ തിരക്കഥയൊരുക്കിയത്. ബേസിലിനൊപ്പം സജിൻ ഗോപു, ലിജോമോൾ ജോസ് തുടങ്ങിയവരും പൊന്മാനിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തി. ഇക്കൊല്ലം ജനുവരി 30നാണ് പൊന്മാൻ തീയറ്ററുകളിലെത്തിയത്. തീയറ്ററിൽ നിന്ന് ഏറെ നേട്ടമുണ്ടാക്കിയ സിനിമ ഇപ്പോൾ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുകയാണ്.