Manoj Guinness : ‘അന്ന് അയാള്‍ പാര വെച്ചപ്പോള്‍, സാരമില്ല ഞാന്‍ ചെയ്യണമെന്ന് പറഞ്ഞത് ദിലീപേട്ടനാണ്; മഴത്തുള്ളിക്കിലുക്കത്തില്‍ സംഭവിച്ചത്
Manoj Guinness Interview: കുതിരവണ്ടി ഓടിക്കുന്ന വേഷമായിരുന്നു. എന്നാല്‍ തന്നെ എങ്ങനെയെങ്കിലും മാറ്റി സിനിമയില്‍ അഭിനയിക്കണമെന്നായിരുന്നു കുതിരവണ്ടിക്കാരന്റെ ആഗ്രഹം. താന്‍ പോരെന്ന് അയാള്‍ പാര വെച്ചപ്പോള്‍, സാരമില്ല അവന്‍ തന്നെ ചെയ്‌തോട്ടെയെന്ന് ദിലീപേട്ടന്‍ പറഞ്ഞു

കോമഡി ഷോകളിലൂടെ ശ്രദ്ധേയനാണ് മനോജ് ഗിന്നസ്. ടിവി ഷോകളില്‍ നിറസാന്നിധ്യമായിരുന്ന മനോജ്, വിവിധ സിനിമകളിലും വേഷമിട്ടു. 2002ല്‍ പുറത്തിറങ്ങിയ മഴത്തുള്ളിക്കിലുക്കമായിരുന്നു മനോജ് അഭിനയിച്ച ആദ്യ ചിത്രം. തന്റെ ആദ്യ ചിത്രത്തിലെ അനുഭവങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ മനോജ് വെളിപ്പെടുത്തി. മഴത്തുള്ളികിലുക്കത്തിന്റെ ഷൂട്ടിങിന് ചെന്നപ്പോള്‍ ആദ്യമായി ലൊക്കേഷനില്‍ എത്തിയതിന്റെ ഭയമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
”ലൊക്കേഷനില്‍ പകച്ച് നിന്നു. ദിലീപേട്ടന്‍ വന്ന് തോളില്‍ കൈയിട്ടു. ദീലിപേട്ടന്‍ എന്നെയും കൊണ്ട് മാറിയിരുന്നപ്പോള്‍ എല്ലാവരും നോക്കി. ദിലീപേട്ടന്റെ അടുത്ത ആളാണല്ലോ ഞാനെന്ന് ലൊക്കേഷനിലുള്ളവര്‍ ചിന്തിച്ചു. അങ്ങനെ പെട്ടെന്ന് അവിടെ പരിഗണനയും കിട്ടി”-മനോജ് പറഞ്ഞു.
അതില്‍ കുതിരവണ്ടി ഓടിക്കുന്ന വേഷമായിരുന്നു. എന്നാല്‍ തന്നെ എങ്ങനെയെങ്കിലും മാറ്റി സിനിമയില്‍ അഭിനയിക്കണമെന്നായിരുന്നു കുതിരവണ്ടിക്കാരന്റെ ആഗ്രഹം. താന്‍ പോരെന്ന് അയാള്‍ പാര വെച്ചപ്പോള്‍, സാരമില്ല അവന്‍ തന്നെ ചെയ്‌തോട്ടെയെന്ന് ദിലീപേട്ടന്‍ (ദിലീപ്) പറഞ്ഞുവെന്നും മനോജ് വ്യക്തമാക്കി.




പിറ്റേ ദിവസം ഉച്ചയ്ക്കാണ് ഷൂട്ട്. രാവിലെ ട്രയല്‍ തന്നു. താന്‍ കുതിരയെ ഓടിക്കാന്‍ ശ്രമിച്ചിട്ടും അത് ഓടിയില്ല. അത് കണ്ടപ്പോള്‍ കുതിരവണ്ടിക്കാരന്‍ സന്തോഷിച്ചു. താന്‍ പോരെന്ന് അയാള്‍ അപ്പോഴും പറഞ്ഞു. ഓടിച്ച് നോക്കിയിട്ട് ശരിയായില്ല. എങ്ങനെയെങ്കിലും ശരിയാകണമേയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു.
അങ്ങനെ ഷൂട്ടിങ് തുടങ്ങി. കുതിരപ്പുറത്ത് താനും ദിലീപും കയറി. കുതിരയെ അടിക്കാന്‍ അദ്ദേഹം പറഞ്ഞു. ഒറ്റയടി അടിച്ചപ്പോള്‍ അത് ഓടി. അദ്ദേഹം വലിച്ചോയെന്ന് പറഞ്ഞപ്പോള്‍ താന്‍ അത് പോലെ ചെയ്തു. കുതിര നിന്നു. കൃത്യമായി കുതിരയെ നിര്‍ത്തേണ്ട സ്ഥലത്ത് നിര്‍ത്തി. എല്ലാവരും കൈയടിച്ചുവെന്നും മനോജ് പറഞ്ഞു.
ആ വേഷങ്ങള്‍ കിട്ടിയിരുന്നെങ്കില്‍
ചില സിനിമകളില്‍ ചില ക്യാരക്ടറുകള്‍ ഫീല്‍ഡില്‍ ഒന്നുമല്ലാത്തവര്‍ വന്ന് ചെയ്തുപോകാറുണ്ട്. അവര്‍ക്കും അത് ഗുണമില്ല. അതിനുശേഷം നമ്മള്‍ അവരെ എങ്ങും കാണാറുമില്ല. നമ്മളെ പോലെയുള്ള ഒരു കലാകാരന് അതുപോലെ ഒരു വേഷം കിട്ടിയിരുന്നെങ്കില്‍, ചിലപ്പോള്‍ നമ്മള്‍ ആ സൈഡ് പിടിച്ചങ്ങ് പോയേനെയെന്നും മനോജ് പറഞ്ഞു.