5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Manjummel Boys: മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് റിപ്പോർട്ട്; പറവ ഫിലിംസിന്റെ അക്കൗണ്ടിൽ നിർമ്മാണത്തിനായി എത്തിയത് 28 കോടി

Soubin Shahir Manjummel Boys: ആദായ നികുതി വകുപ്പ് നടൻ സൗബിൻ ഷാഹിറിനെ ഉടൻ ചോദ്യം ചെയ്യുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. 60 കോടി രൂപയുടെ തട്ടിപ്പാണ് പരിശോധനയിൽ കണ്ടെത്തിയത്.

Manjummel Boys: മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് റിപ്പോർട്ട്; പറവ ഫിലിംസിന്റെ അക്കൗണ്ടിൽ നിർമ്മാണത്തിനായി എത്തിയത് 28 കോടി
Soubin Shahir
athira-ajithkumar
Athira CA | Published: 30 Nov 2024 09:42 AM

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ നിർമ്മാണത്തിനായി നിർമ്മാതാക്കൾ സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയിട്ടില്ലെന്ന് പൊലീസിന്റെ കണ്ടെത്തൽ. നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ള പറവ ഫിലിംസ് പ്രൊഡക്ഷൻ കമ്പനി ഉടമകൾക്കെതിരായ വഞ്ചന കേസിലാണ് കണ്ടെത്തൽ. 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടിൽ നിരവധി പേർ നിക്ഷേപിച്ചെങ്കിലും 19കോടി മാത്രമാണ് സിനിമയുടെ നിർമ്മാണത്തിനായി ചെലവായതെന്നും പെലീസ് പറയുന്നു.

പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമ്മാണത്തിന് സൗബിനും പറവ ഫിലിംസും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയത്. 28 കോടി രൂപയാണ് സിനിമയുടെ നിർമ്മാണത്തിന്റെ ഭാ​ഗമായി പലരുടെയും അക്കൗണ്ടിൽ നിന്ന് പറവ ഫിലിംസിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. 19 കോടി രൂപയിൽ താഴെ മാത്രമാണ് ചെലവായതെന്നും ജിഎസ്ടിയില്‌‍ നിന്ന് പൊലീസ് കണ്ടെത്തി.

ഡ്രീം ബിഗ് ഫിലിംസിന്റെ ഉടമ സുജിത്തിനെതിരെയും പൊലീസിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. മഞ്ഞുമ്മൽ ബോയ്സ് റീലിസുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി സമയത്ത് സുജിത്ത് 11 കോടി രൂപ കൈമാറിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സിറാജ് ഹമീദ് എന്ന വ്യക്തിയാണ് സിനിമയുടെ ആദ്യത്തെ മുടക്കുമുതലായ 7 കോടി നൽകിയത്. സിനിമയുടെ ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന കരാറാണ് ഇയാളുമായി പറവ ഫിലിംസിന് ഉണ്ടായിരുന്നത്. ആ കരാർ പറവ ഫിലിംസ് ലംഘിച്ചതോടെയാണ് സിറാജ് ഹമീദ് പൊലീസിൽ പരാതി നൽകിയത്. ഇതാണ് പിന്നീട് പൊലീസ് കേസായത്.

ചിത്രത്തിന്റെ നിർ‌മ്മാതാക്കളായ പറവാ ഫിലിംസുമായി ബന്ധമുള്ളവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്നായിരുന്നു സിറാജിന്റെ പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പറവ ഫിലിംസ് ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് കണ്ടെത്തിയത്. ഈ റിപ്പോർട്ട് ‌പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് പറവാ ഫിലിംസിൽ ആദായനികുതി വകുപ്പിന്റെയും ഇഡിയുടെയും അന്വേഷണമുണ്ടായത്. ഇതിന്റെ ഭാഗമായി പറവ ഫിലിംസിന്റെ ഓഫീസിലും സൗബിൻ ഉൾപ്പടെയുള്ളവരുടെ വീട്ടിലും ഇഡിയും പൊലീസും പരിശോധന നടത്തിയിരുന്നു.

അതേസമയം, ആദായ നികുതി വകുപ്പ് നടൻ സൗബിൻ ഷാഹിറിനെ ഉടൻ ചോദ്യം ചെയ്യുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. 60 കോടി രൂപയുടെ തട്ടിപ്പാണ് പരിശോധനയിൽ കണ്ടെത്തിയത്. 148 കോടിയിലേറെ രൂപയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ. ആദായ നികുതി ഇനത്തിൽ നൽകേണ്ട 44 കോടി രൂപ അടച്ചില്ല. 32 കോടി രൂപ ചെലവ് പെരുപ്പിച്ച് കാണിച്ചു. ഇത് വ്യാജകണക്കാണെന്ന നിലപാടിലാണ് പൊലീസ്.

മലയാള സിനിമയിൽ കള്ളപ്പണമിടപാട് നടക്കുന്നുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ സിനിമ നിർമ്മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു.