Manjummel Boys: മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം
Manjummel Boys ED: മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ചിത്രം 200 കോടിയ്ക്ക് മുകളില്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുന്നത്. ചിദംബരം ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഷോണ്‍ ആന്റണിയെ ഇഡി ചോദ്യം ചെയ്തു. നടനും നിര്‍മ്മാതാവുമായ സൗബിന്‍ ഷാഹിറിനെയും ചോദ്യം ചെയ്യുന്നതിന് വേണ്ടി നോട്ടീസ് അയച്ചിട്ടുണ്ട്. പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും അക്കൗണ്ടുകള്‍ നേരത്തെ മരവിപ്പിച്ചിരുന്നു.
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഇഡി അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. സിനിമയ്ക്ക് വേണ്ടി 7 കോടി രൂപ മുടക്കിയിട്ട് ലാഭം ലഭിച്ചപ്പോഴും മുടക്കുമുതല്‍ പോലും നല്‍കിയില്ലെന്ന കേസ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഉണ്ട്. സിറാജ് വലിയത്തറയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്. 7 കോടി രൂപയാണ് സിറാജ് നല്‍കിയത്. ഇതില്‍ അഞ്ച് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ബാങ്ക് വഴിയാണ് കൈമാറിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു.
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ചിത്രം 200 കോടിയ്ക്ക് മുകളില്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുന്നത്. ചിദംബരം ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
നേരത്തെ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ സംഗീത സംവിധായകനും രാജ്യസഭാ എംപിയുമായ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെ അഭിസംബോധന ചെയ്ത നോട്ടീസില്‍, കമല്‍ഹാസന്‍ നായകനായ ഗുണയിലെ ഇളയരാജയുടെ ഐക്കോണിക് ഗാനമായ കണ്‍മണി അന്‍പോട് അനധികൃതമായി ഉപയോഗിച്ചു എന്നാണ് പറയുന്നത്. ഈ വിഷയത്തില്‍ ടീം പകര്‍പ്പവകാശ ലംഘനം നടത്തിയിട്ടുണ്ടെന്നും ഇളയരാജ ആരോപിക്കുന്നു.
മഞ്ഞുമ്മേല്‍ ബോയ്സിലെ സിനിമയുടെ നിര്‍ണായക ഘട്ടത്തില്‍ അനുവാദമില്ലാതെയാണ് ഗാനം ഉപയോഗിച്ചതെന്നാണ് ഇളയരാജയുടെ അഭിഭാഷക സംഘം അവകാശപ്പെടുന്നത്. ചിദംബരം സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ക്ലൈമാക്സില്‍ ഗാനം ഉപയോഗിച്ചത് ഏറെ പ്രശംസ നേടിയിരുന്നു. ഗാനം തുടര്‍ന്നും ഉപയോഗിക്കാന്‍ നിര്‍മ്മാതാക്കള്‍ ഇളയരാജയില്‍ നിന്ന് ആവശ്യമായ അനുമതി വാങ്ങണമെന്നും അല്ലെങ്കില്‍ സിനിമയില്‍ നിന്ന് പൂര്‍ണമായും നീക്കം ചെയ്യണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.