Manju Warrier: മഞ്ജു വാരിയർ ചിത്രം ഫൂട്ടേജിന് ‘എ’ സെർറ്റിഫിക്കറ്റ്; ആഗസ്റ്റ് 2ന് തീയറ്ററുകളിൽ എത്തും
Manju Warrier New Movie Footage: മലയാളത്തിലെ രണ്ടാമത്തെ ഫൗണ്ട്-ഫൂട്ടേജ് ചിത്രമാണ് 'ഫൂട്ടേജ്'. മലയാള സിനിമകളിൽ സാധാരണായായി കാണുന്നതിൽ നിന്നും വ്യത്യസ്ഥമായ ടീസർ കൊണ്ട് ചിത്രം ശ്രദ്ധ നേടിയിരുന്നു.
മഞ്ജു വാരിയരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ‘ഫൂട്ടേജ്’ റിലീസിനൊരുങ്ങുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ സിനിമയുടെ സെൻസറിങ് പൂർത്തിയായിരിക്കുകയാണ്, ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. സിനിമയ്ക്കു എ സർട്ടിഫിക്കറ്റ് കിട്ടിയ വിവരം വളരെ മനോഹരമായ ഒരു പോസ്റ്ററിലൂടെയാണ് മഞ്ജു വാരിയർ പങ്കുവെച്ചത്. ‘സെൻസേർഡ് വിത്ത്’ എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ താരം തന്റെ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്.
വിശാഖ് നായരും ഗായത്രി അശോകുമാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ് ആഗസ്റ്റ് 2ന് സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മൂവി ബക്കറ്റ്, കാസറ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം, എന്നീ ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ മലയാളികൾക്ക് ഏറെ സുപരിചിതനാണ് സൈജു ശ്രീധരൻ. സുഷിന് ശ്യാം ആണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.
മലയാളത്തിലെ രണ്ടാമത്തെ ‘ഫൗണ്ട്-ഫൂട്ടേജ്’ ചിത്രമാണ് ‘ഫൂട്ടേജ്’. 2022 ൽ നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത ‘വഴിയേ’ എന്ന സിനിമയാണ് മലയാളത്തിലെ ആദ്യ ഫൗണ്ട്-ഫൂട്ടേജ് ചിത്രം. മറ്റു മലയാളം സിനിമകളുടെ ടീസറിൽ നിന്നും അല്പം വ്യത്യസ്തമാണ് ഫൂട്ടേജിന്റെ ടീസർ. ചിത്രത്തിന്റെ ഛായാഗ്രഹണത്തിനു വേറിട്ട ഒരു സിനിമ ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതൊരു ഫൗണ്ട് ഫൂട്ടേജ് ചിത്രം ആയതുകൊണ്ടുതന്നെ ഇതിൽ പുറത്തു നിന്ന് ഒരു ക്യാമറ വച്ചെടുത്ത ക്ലോസ് അപ്പ്, വൈഡ് ആങ്കിൾ പോലുള്ള ഷോട്ടുകൾ കാണാൻ സാധിക്കില്ല. രണ്ടുപേർ ഒരുമിച്ചുള്ള റിയലിസ്റ്റിക് മൊമെന്റ്‌സ് ഒരു സെൽഫി വീഡിയോ ആയോ അല്ലെങ്കിൽ ട്രൈപോഡ് വെച്ചോ എടുത്ത വിഷ്വൽസ് ആയിരിക്കും കാണാൻ സാധിക്കുക.