Manju Warrier: ‘വ്യക്തത ആവശ്യമായിരുന്നു’; ഡബ്ല്യുസിസിയുടെ പോസ്റ്റ് പങ്കുവച്ച് മഞ്ജു വാര്യർ
Manju Warrier Reposted Women in Collective Facebook Post About Hema Committee Report: മലയാള ചലച്ചിത്ര മേഖലയുടെ പിന്നാമ്പുറങ്ങളിൽ നടക്കുന്ന ഭയാനകമായ സത്യങ്ങൾ ആണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ, നടി മഞ്ജു വാരിയരും വുമൺ ഇൻ സിനിമ കളക്റ്റീവ് പങ്കുവെച്ച പോസ്റ്റുമായി രംഗത്ത് വന്നിരിക്കുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടതിനു പിന്നാലെ നിരവധി താരങ്ങളാണ് പ്രതികരണവുമായി മുന്നോട്ട് വന്നത്. ഇപ്പോഴിതാ, നടി മഞ്ജു വാരിയരും പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. വുമൺ ഇൻ സിനിമ കളക്റ്റീവ് (WCC) പങ്കുവെച്ച പോസ്റ്റാണ് മഞ്ജു വാര്യർ ‘അനിവാര്യമായ വിശദീകരണം’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മഞ്ജു വാര്യരെ ലക്ഷ്യമിട്ട് നിരവധി വാർത്തകളും അഭ്യൂഹങ്ങളും ആണ് വന്നത്. ഈ വിമർശനങ്ങളെ എല്ലാം തള്ളി മഞ്ജുവിന് പിന്തുണ നൽകുന്നതാണ് പോസ്റ്റ്. മഞ്ജു വാര്യരുടെ പേര് പറയാതെയുള്ള പോസ്റ്റിൽ താരത്തിനെതിരെ നടക്കുന്ന സൈബർ അറ്റാക്കുകളെ കുറ്റപ്പെടുത്തിക്കൊണ്ടാണ്ഡബ്ല്യുസിസി പോസ്റ്റ് പങ്കുവെച്ചത്. ഞങ്ങളുടെ ‘ഇപ്പോഴത്തേയും’ സ്ഥാപക അംഗം എന്ന് പോസ്റ്റിൽ എഴുതികൊണ്ട്, മഞ്ജു ഇപ്പോഴും ഡബ്ല്യുസിസിയിൽ അംഗമാണെന്ന് ഡബ്ല്യുസിസി തന്നെ വ്യക്തമാക്കി.
കേരളത്തിലെ ജനങ്ങളെ ആകെ ഞെട്ടിച്ചുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. 233 പേജുകളുള്ള മലയാള സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച റിപ്പോർട്ടിൽ, വ്യക്തി വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ചലച്ചിത്ര മേഖലയിലെ ദുഷ് പ്രവണതകൾ, ,ചൂഷണങ്ങൾ എന്നിവ അടങ്ങുന്ന വിവരങ്ങൾ റിപ്പോർട്ടിലൂടെ തുറന്ന് കാട്ടുന്നു. വിട്ടു വീഴ്ചകൾക്ക് തയ്യാറാവാത്തവർക്ക് അവസരങ്ങളില്ല, തയ്യാറാവുന്നവർക്ക് പ്രത്യേക കോഡ് പേരുകൾ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സിനിമാ രംഗത്ത് തുടക്കം മുതൽ വനിതകൾ കേൾക്കുന്ന വാക്കുകളാണ് കോംപ്രമൈസ്, അഡ്ജസ്റ്റ്‌മെന്റ് എന്നിവയെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. പുറത്തു കാണുന്ന തിളക്കം മാത്രമാണ് ഈ രംഗത്തിനുള്ളതെന്നും ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
‘സിനിമയിൽ വ്യാപകമായ ലൈംഗികചൂഷണം നടക്കുന്നുണ്ട്. അത് താഴേ തട്ടുമുതൽ തുടങ്ങുന്നു. അവസരം വേണമെങ്കിൽ സെക്‌സിന് വഴങ്ങണമെന്ന് വരെ ആവശ്യപ്പെടുന്ന അവസ്ഥയുണ്ടെന്നും റിപ്പോർട്ടിൽ തുറന്നു പറയുന്നു’. പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്ന രീതിയുമുണ്ട്. കൂടാതെ വഴങ്ങാത്തവരെ മറ്റു പ്രശ്‌നങ്ങൾ പറഞ്ഞ് ഒഴിവാക്കുന്നുമുണ്ട് എന്ന് റിപ്പോർട്ടിലെ 86-ാം ഖണ്ഡികയിൽ പരാമർശിക്കുന്നു.