Manju Pathrose: അമ്മയിൽ അംഗമല്ലാത്തത് എന്ത് കൊണ്ട്? കാരണം വെളിപ്പെടുത്തി മഞ്ജു പത്രോസ്
Manju Pathrose About AMMA Membership: മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. ഇപ്പോഴിതാ 40ൽ പരം സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും അമ്മയിൽ അംഗമല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

മലയാളികൾക്ക് സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. മിനിസ്ക്രീനിൽ സജീവമായ താരം സിനിമകളിലും വേഷമിട്ടിട്ടുണ്ട്. 40ൽ പരം സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും മഞ്ജു ഇതുവരെ അമ്മയിൽ അംഗമായിട്ടില്ല.
ഇപ്പോഴിതാ അമ്മ സംഘടനയിൽ മെമ്പർഷിപ്പ് എടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മഞ്ജു പത്രോസിന്റെ വെളിപ്പെടുത്തൽ.
അമ്മ പോലൊരു സംഘടനയിൽ മെമ്പർഷിപ്പ് എടുക്കണമെങ്കിൽ രണ്ടര മൂന്ന് ലക്ഷം രൂപ കൊടുക്കണമെന്നും എന്നെ സംബന്ധിച്ച് അതൊരു വലിയ തുകയാണെന്നും മഞ്ജു പത്രോസ് പറഞ്ഞു. ഒരു പ്രായമായി കഴിയുമ്പോൾ 5000 രൂപയെന്തോ പെൻഷനായി തരും, അല്ലാതെ തൊഴിൽ വാഗ്ദാനം സംഘടന നൽകുന്നില്ലെന്നും മഞ്ജു കൂട്ടിച്ചേർത്തു.
”അമ്മ പോലൊരു സംഘടനയിൽ മെമ്പർഷിപ്പ് എടുക്കണമെങ്കിൽ രണ്ടര മൂന്ന് ലക്ഷം കൊടുക്കണം. എന്നെ സംബന്ധിച്ച് അതൊരു വലിയ തുകയാണ്. സംഘടനയിൽ ഇത്രയും വലിയ പണം ഇൻവെസ്റ്റ് ചെയ്യുമ്പോൾ 5000 രൂപയെന്തോ നമുക്ക് പെൻഷനായി തരും. ഒരു പ്രായം കഴിയുമ്പോഴാണ് 5000 രൂപ വീതം തരുന്നതെന്ന് തോന്നുന്നു. അതല്ലാതെ ഒരു തൊഴിൽ വാഗ്ദാനം ആ സംഘടന തരുന്നുണ്ടോ? ഇവിടെയുള്ള ഏതെങ്കിലും സംഘടന തരുന്നുണ്ടോ? ഇത്രയും പണം മുടക്കി അംഗത്വം എടുക്കുമ്പോൾ തുടങ്ങുന്ന സിനിമയിൽ ഇത്ര പേർക്ക് തൊഴിൽ തരും എന്നെങ്കിലും വേണ്ടേ?
എല്ലാത്തിലും പുതിയ ആളുകൾ വരുന്നു. അവർ വന്ന് മെമ്പർഷിപ്പ് എടുക്കുന്നുണ്ടായിരിക്കും. പക്ഷേ അതല്ലാതെ അവിടെ ജോലി ഇല്ലാതെ നിൽക്കുന്ന എത്രയോ സ്ത്രീകളുണ്ട്. ഒരാൾക്കും സംഘടന പറഞ്ഞ് അവസരം കൊടുക്കുന്നുണ്ടോ എന്നെനിക്ക് അറിയില്ല, കാരണം ഞാൻ അതിലില്ല. പക്ഷേ ഇവരാരെയും ഞാൻ സിനിമയിൽ കാണുന്നില്ല. എനിക്ക് ജോലി ഇല്ലാതിരിക്കുമ്പോൾ ജോലി വാങ്ങി തരാൻ ഒരു സംഘടനയ്ക്കും പറ്റില്ല”, മഞ്ജു പത്രോസ് പറഞ്ഞു.