Manjima Mohan: ‘ഒരു വടക്കന്‍ സെല്‍ഫി പേഴ്‌സണലി ഒരു പരാജയമായിരുന്നു; അഭിനയം നിർത്തിയാലോയെന്ന് പോലും ചിന്തിച്ചു’; മഞ്ജിമ മോഹൻ
Manjima Mohan About Oru Vadakkan Selfie Movie: ഒരു വടക്കൻ സെൽഫി' ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടി മഞ്ജിമ മോഹൻ. സിനിമ വിജയിച്ചെങ്കിലും തനിക്ക് പേഴ്‌സണലി ഒരു പരാജയമായിരുന്നുവെന്നും അഭിനയം നിർത്തിയാലോയെന്ന് വരെ ചിന്തിച്ചെന്നും നടി പറയുന്നു.

1997ൽ അനിൽ ബാബു സംവിധാനം ചെയ്ത ‘കളിയൂഞ്ഞാൽ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെക്ക് ചുവടെടുത്തു വെച്ച് ‘പ്രിയം, ‘സുന്ദരപുരുഷൻ’ തുടങ്ങിയ ചിത്രങ്ങളുടെ ശ്രദ്ധ നേടിയ നടിയാണ് മഞ്ജിമ മോഹൻ. പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും നര്‍ത്തകിയായ കലാമണ്ഡലം ഗിരിജയുടെയും മകൾ കൂടിയാണ് മഞ്ജിമ. ബാലതാരമായി ഏറെ ശ്രദ്ധിക്കപ്പെട്ട താരം 2015ല്‍ ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്.
ജി പ്രജിത്ത് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന്റെ തിരക്കഥയിൽ ഒരുക്കിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായെങ്കിലും, സിനിമയുടെ ക്ലൈമാക്സിൽ മഞ്ജിമ കരയുന്ന രംഗം വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ‘ഒരു വടക്കൻ സെൽഫി’ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടി മഞ്ജിമ മോഹൻ. സിനിമ വിജയിച്ചെങ്കിലും തനിക്ക് പേഴ്‌സണലി ഒരു പരാജയമായിരുന്നു എന്ന് നടി പറയുന്നു. ഇതിന് പിന്നാലെ അഭിനയം നിർത്തിയാലോയെന്ന് വരെ ചിന്തിച്ചെന്നും നടി കൂട്ടിച്ചേർത്തു. സണ്‍ മ്യൂസിക് തമിഴിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജിമ മനസ് തുറന്നത്.
“എന്റെ പരാജയത്തെ കുറിച്ച് ചോദിക്കുകയാണെങ്കിൽ ഒരു വടക്കൻ സെൽഫി എന്ന സിനിമ എനിക്ക് പേഴ്‌സണലി ഒരു പരാജയമായിരുന്നു. ആ സിനിമ നല്ലതായിരുന്നു, വിജയിച്ചിരുന്നു. പക്ഷെ എനിക്ക് അങ്ങനെ ആയിരുന്നില്ല. ആ ചിത്രത്തിലെ ക്ലൈമാക്‌സ് സീനിലെ എന്റെ അഭിനയത്തെ ആളുകൾ ഒരുപാട് ക്രിട്ടിസൈസ് ചെയ്തിരുന്നു. ഒരുപാടു പേർ എനിക്ക് പെർഫോം ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞിരുന്നു.
ആ സീൻ തിയേറ്ററിൽ നിന്ന് കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് ചില ആളുകൾ പ്രൊഡ്യൂസറിനെ വരെ വിളിച്ചിരുന്നു. ഈ സിനിമയ്ക്ക് ശേഷം എനിക്ക് പടം കിട്ടുമോ നല്ല കഥാപാത്രങ്ങൾ വരുമോയെന്ന ചിന്ത വന്നു. സിനിമ നിർത്തി പിജിയോ മറ്റോ പഠിക്കാൻ പോയാലോ എന്ന് വരെ ചിന്തിച്ചിരുന്നു. ആ സമയത്താണ് ഗൗതം വാസുദേവ് സാർ എന്നെ അദ്ദേഹത്തിന്റെ സിനിമയിലേക്ക് വിളിക്കുന്നത്” മഞ്ജിമ മോഹൻ പറയുന്നു.