Manichitrathazhu: സിമ്പിൾ എന്നാൽ തീർത്തും സ്റ്റൈലിഷ്! സാരിയെ ഇത്രേമേൽ മലയാളികൾ ഏറ്റെടുത്തത് ഇതാദ്യം; ഗംഗയുടെ സാരിക്കഥ
Manichitrathazhu Movie Unknown Stories: മലയാളികളുടെ എക്കാലത്തെയും നിത്യവിസ്മയ ചിത്രമാണ് മണിച്ചിത്രത്താഴ്. തിരക്കഥ കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളികളെ ഞെട്ടിച്ച ചിത്രം വീണ്ടും തീയറ്ററുകളിൽ കാണാൻ സാധിച്ചതിന്‍റെ ആകാംഷയിലാണ് ആരാധകർ.
മോഹന്‍ലാല്‍-ശോഭന കൂട്ടുക്കെട്ടില്‍ ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് (Manichitrathazhu Movie) 1993-ലാണ് പുറത്തിറങ്ങിയത്. മധു മുട്ടമാണ് തിരക്കഥ എഴുതിയത്. ശോഭന അഭിനയിച്ച് അതുല്യമാക്കിയ കഥാപാത്രത്തെ ചുറ്റിപറ്റിയായിരുന്നു ചിത്രം മുന്നോട്ട് പോകുന്നത്. ഗംഗയായും നാഗവല്ലിയായും ശോഭന അഭിനയിച്ച് വിസ്മയിപ്പിച്ചപ്പോള്‍ ആ കഥാപാത്രത്തെ മാത്രമല്ല ആരാധകര്‍ ഏറ്റെടുത്തത്. മോഹൻലാലിനും ശോഭനയ്ക്കും പുറമെ സുരേഷ് ഗോപി, തിലകൻ, ഇന്നസെൻ്റ് , ഗണേഷ് കുമാർ, നെടുമുടി വേണു, വിനയ പ്രസാദ്, കെപിഎഎസി ലളിത, സുധീഷ്, കുതിരവട്ടം പപ്പു, രുദ്ര തുടങ്ങിയ വൻതാരനിരയാണ് അണിനിരന്നത്. ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് പുറമെ കോസ്റ്റ്യൂമിലും വലിയ പങ്കാണുള്ളത്. അതിനു ഉദാഹരണമാണ് സിനിമയിലെ ശോഭനയുടെ സാരികൾ. സിനിമ ഹിറ്റായതോടൊപ്പം ശോഭനയുടെ ഔട്ട്ഫിറ്റിനെയും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. 90കാലത്തിൽ എല്ലാവർക്കും ആകര്‍ഷണം തോന്നുന്ന തരത്തിലുള്ള സാരികളായിരുന്നു ശോഭന ചിത്രത്തിൽ ധരിച്ചിരുന്നത്.
സാരിയും ഒരു കഥാപാത്രമാണ്
31 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിൻ്റെ കഥയ്ക്ക് മാത്രമല്ല സാരികള്‍ക്കും പുതുമ നഷ്ടപ്പെടുന്നില്ല. ഗംഗയെന്ന കഥാപാത്രം ഭൂരിഭാഗം സമയവും സാരി തന്നെയാണ് ചിത്രത്തിലുള്ളത്. ശോഭനയുടെ കഥാപാത്രമായ ഗംഗയുടെ സാരിക്കു തീപിടിക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. ‘എങ്ങനെയാണെന്നറിയില്ല, സാരി മുക്കാൽഭാഗവും കത്തിയശേഷമാണ് ഞാനറിഞ്ഞത്. അല്ലി, ഒരു സാരി ഇങ്ങെടുക്ക്’ എന്ന് ഗംഗ എന്ന കഥാപാത്രം പറയുന്നതിലൂടെ ‘സാരി’ തിരക്കഥയുടെ ഭാഗമാവുക കൂടി ചെയ്യുന്നുണ്ട്.
ALSO READ : Manichitrathazhu : എല്ലാവരും ഭയക്കുന്ന ആ രാഗം എങ്ങനെ നാഗവല്ലിയുടെ പ്രിയരാഗമായി? മണിച്ചിത്രത്താഴിലെ രഹസ്യം
പല സീനുകളിലും സാരിയും അത് ധരിച്ചിരിക്കുന്നതും ആരാധകരിൽ കൗതുകം ഉണർത്തും. ഇതിനു പുറമെ സാരിയ്ക്കൊപ്പം ഉപയോഗിച്ച ബ്ലൗസുകൾക്കുമുണ്ട് പ്രത്യേകത. ചില സാരികൾക്ക് കോൺട്രാസ്റ്റും ചിലതിനും മാച്ചിങ്ങുമായ ബ്ലൗസുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ കാലഘട്ടത്തിലും ട്രെൻഡിയായി നിൽക്കുന്ന ഹാഫ്സ്ലീവോ, ത്രീഫോർത്തോ കൈകളുള്ള ബ്രോഡ്നെക്ക് ബ്ലൗസാണ് അതിൽ മിക്കതും.
മണിച്ചിത്രത്താഴിലെ സാരിക്കഥ
ചിത്രത്തെപറ്റി പല ചർച്ചകൾ ഉയർന്നപ്പോഴും അതിൽ സാരിക്കഥയും സ്ഥാനം പിടിച്ചിരുന്നു. ഗംഗ എന്ന കഥാപാത്രം ധരിച്ചിരിക്കുന്ന സാരികൾ തിരഞ്ഞെടുത്തതിൽ ശോഭനയ്ക്കും പങ്കുണ്ടായിരുന്നുവെന്ന് ചിത്രത്തിൻ്റെ സംവിധായകൻ ഫാസിൽ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മണിച്ചിത്രത്താഴിൻ്റെ വസ്ത്രാലങ്കാരത്തിൻ്റെ കാര്യത്തിൽ വലിയ വെല്ലുവിളികൾ നേരിട്ടിരുന്നതായും ഫാസിൽ വ്യക്തമാക്കിയിരുന്നു. ശോഭന നേരിട്ട് പോയി വാങ്ങിച്ചതാണ് മിക്ക സാരികളും. തൊട്ടടുത്ത കടയിൽ കിട്ടുന്ന രീതിയിൽ സിംപിളായിരിക്കണം സാരികൾ. എന്നാൽ നൂറുകടകളിൽ തിരഞ്ഞാലും കിട്ടുകയുമരുത് എന്നായിരുന്നു സാരി തിരഞ്ഞെടുക്കുന്നതിൽ താൻ ശോഭനയ്ക്ക് നൽകിയ നിർദേശമെന്നും ഫാസിൽ വ്യക്തമാക്കിയിരുന്നു. പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ വേലായുധൻ കീഴില്ലമാണ് മണിച്ചിത്രത്താഴിൻ്റെ വസ്ത്രാലങ്കാരം. പി.എൻ മണിയായിരുന്നു മേക്കപ്പ് ആർട്ടിസ്റ്റ്. മണിച്ചിത്രത്താഴ് വീണ്ടും തീയറ്ററുകളിൽ റിലീസാകാൻ ഒരുങ്ങുകയാണ്