Mani Ratnam: ‘ആ സംഭവത്തിന് ശേഷം ഞാനെന്റെ സിനിമ തീയേറ്ററിൽ പോയി കണ്ടിട്ടില്ല’; മണിരത്നം
Mani Ratnam Shares an Experience Faced on Theater: സംവിധായൻ മണിരത്‌നത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് 1986ൽ പുറത്തിറങ്ങിയ 'മൗനരാഗം'. ഇപ്പോഴിതാ ആ ചിത്രം തീയറ്ററിൽ പോയി കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് അദ്ദേഹം.

പ്രമുഖ തെന്നിന്ത്യൻ സിനിമാ സംവിധായകനാണ് മണിരത്നം. സിനിമയിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അഭിനയിക്കാൻ ഒരുപാട് താരങ്ങൾ ആഗ്രഹിക്കാറുമുണ്ട്. 1983ൽ ‘പല്ലവി അനുപല്ലവി’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് മണിരത്‌നം സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നത്. തുടർന്ന് 1985ൽ ‘പകൽ നിലവ്’ എന്ന ചിത്രത്തിലൂടെ തമിഴിൽ സജീവമായി.
അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘മൗനരാഗം’. ഇപ്പോഴിതാ 1986ൽ പുറത്തിറങ്ങിയ ‘മൗനരാഗം’ എന്ന സിനിമ തീയറ്ററിൽ പോയി കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകൻ. സിറ്റിയിൽ നിന്നും പുറത്തുള്ള ഒരു തീയറ്ററിൽ പോയാണ് താൻ സിനിമ കണ്ടതെന്നും, അതോടെ തീയറ്ററിൽ പോയി തന്റെ സിനിമകൾ കാണുന്നത് നിർത്തിയെന്നും അദ്ദേഹം പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മണിരത്നം മനസുതുറന്നത്.
‘എന്റെ മൗനരാഗം എന്ന സിനിമ റിലീസായ സമയത്ത് ഒരു സംഭവമുണ്ടായി. അന്ന് സിനിമ റിലീസായതിന് ശേഷം ഞാന്‍ സിറ്റിയില്‍ നിന്നും പുറത്തുള്ള ഒരു തിയേറ്ററില്‍ പോയാണ് ആ പടം കണ്ടത്. അതിനുശേഷം എന്റെ സിനിമകൾ ഞാൻ തിയേറ്ററില്‍ പോയി കാണുന്നത് നിര്‍ത്തിയെന്നതാണ് സത്യം. അന്ന് ഞാൻ സിനിമ കാണാനായി തീയറ്ററിൽ പോയ സമയത്ത് അവിടെ ആദ്യത്തെ പത്ത് റോ കാലിയായിരുന്നു. സിനിമ റീലിസായി രണ്ടാമത്തെ ദിവസമായിരുന്നു. ശരി, നമുക്ക് ഇങ്ങനെയൊക്കെയേ വിധിച്ചുട്ടുള്ളുവെന്ന് വിചാരിച്ചു. പടം കഴിഞ്ഞ് പുറത്തു വന്നപ്പോൾ ഒരാൾ ചോദിച്ചു ‘എന്താടാ ഈ ചെയ്തിരിക്കുന്നത്, ആ പെണ്ണിന് നാല് അടി കൊടുത്താല്‍ ഈ പ്രശ്‌നമെല്ലാം തീരില്ലേ’ എന്ന്.
അന്ന് അയാൾ പറഞ്ഞത് ശരിയാണല്ലോ എന്ന് ഞാനും ചിന്തിച്ചു. എന്നാൽ, അയാൾ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. പക്ഷെ ഈയൊരു കാര്യം ഞാൻ സിനിമയിൽ കൊണ്ടുവരേണ്ടതായിരുന്നു. എന്നിട്ട് വയലന്‍സ് ഒന്നിനുമുള്ള പരിഹാരമല്ലെന്ന് മനസിലാക്കി കൊടുക്കണമായിരുന്നു എന്ന് തോന്നി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഞാന്‍ ചിന്തിച്ചതേയില്ല. ഒരുപക്ഷെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളൊക്കെ അങ്ങനെ പരിഹരിക്കുന്നവരും ഉണ്ടാകാം. അദ്ദേഹം പറഞ്ഞ കാര്യം ഞാൻ സ്വീകരിക്കുന്നുവെന്നല്ല, പക്ഷെ അതിലൂടെയും ചില കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു” മണിരത്‌നം പറയുന്നു.
അതേസമയം, മോഹൻ, രേവതി, കാർത്തിക്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1986ല്‍ മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് ‘മൗനരാഗം’. മണിരത്‌നം എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ വി.കെ. രാമസാമി, രാ. ശങ്കരന്‍, ഭാസ്‌കര്‍, കാഞ്ചന, വാണി, കലൈശെല്‍വി, സോണിയ എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തിയിരുന്നു.