Superhit Movies 2024: 2024 മമ്മൂട്ടി അങ്ങ് തൂക്കി; ഒരു ഹിറ്റും സമ്മാനിക്കാതെ മോഹന്‍ലാല്‍; ഈ വർഷം ആകെ പിറന്നത് 25 ഹിറ്റ് സിനിമകള്‍
Malayalam Superhit Movies 2024: ഇതോടെ ഈ വർഷം റിലീസ് ചെയ്തതിൽ 22 വിജയ ചിത്രങ്ങളാണുള്ളത്. ഇതിനു പുറമെ ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തിയ റൈഫില്‍ ക്ലബ്ബ്, മാർക്കോ, ഇഡി എന്നീ മൂന്ന് ചിത്രങ്ങളും വൻ സ്വീകാര്യതയാണ് നേടുന്നത്. അങ്ങനെയെങ്കില്‍ കടന്നുപോകുന്ന വർഷം വിജയം കൈവരിക്കാനായ മലയാള ചിത്രങ്ങളുടെ എണ്ണം 25 തികയ്ക്കും.
2024 മലയാള സിനിമ ലോകത്തിന് സമ്മാനിച്ചത് ഒട്ടനവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്. മുൻ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ വിജയകുതിപ്പ് നേടിയ ചിത്രങ്ങളുടെ പട്ടിക നീളുന്നു. മികച്ച റെക്കോർട്ട് കളക്ഷൻ നേടി മഞ്ഞുമ്മല്‍ ബോയിസും, അവേശവും, പ്രേമലുവും മുൻനിരയിൽ തന്നെയുണ്ട്. ഇതോടെ ഈ വർഷം റിലീസ് ചെയ്തതിൽ 22 വിജയ ചിത്രങ്ങളാണുള്ളത്. ഇതിനു പുറമെ ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തിയ റൈഫില്‍ ക്ലബ്ബ്, മാർക്കോ, ഇഡി എന്നീ മൂന്ന് ചിത്രങ്ങളും വൻ സ്വീകാര്യതയാണ് നേടുന്നത്. അങ്ങനെയെങ്കില്‍ കടന്നുപോകുന്ന വർഷം വിജയം കൈവരിക്കാനായ മലയാള ചിത്രങ്ങളുടെ എണ്ണം 25 തികയ്ക്കും.
വരുന്ന ഡിസംബർ 25ന് റിലീസിന് എത്തുന്ന മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ഫാന്റസി ത്രീഡി ബറോസ് കൂടെ കണക്കിലെടുത്താല്‍ 2024 ആകെ 207 ചിത്രങ്ങളാണ് തീയറ്ററുകളിൽ എത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചുനോക്കുമ്പോൾ എണ്ണത്തില്‍ നേരിയ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 222 ചിത്രങ്ങളാണ് തീയറ്ററുകളിൽ എത്തിയത്. വിജയ ചിത്രങ്ങളുടെ എണ്ണത്തില്‍ വർധനവുണ്ടായെങ്കിലും ആകെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 1000 കോടിയുടെ നഷ്ടമെങ്കിലും നിർമ്മാതാക്കള്‍ക്കുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്.
Also Read: തീയറ്ററിൽ കണ്ടത് മാത്രമല്ല മോനേ; ഒടിടിയിൽ എത്തുക ‘മാർക്കോ’യുടെ അൺകട്ട് പതിപ്പ്
ഇത്തവണ തിയേറ്ററില്‍ നിന്ന് മാത്രം ലഭിച്ച വരുമാനം വിലയിരുത്തി ഫിലിം ചേംമ്പർ നടത്തിയ വിശകലനത്തിൽ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് അടക്കം 11 ചിത്രങ്ങളാണ് സൂപ്പർ ഹിറ്റ് ചാർട്ടില്‍ ഇടം നേടിയിരിക്കുന്നത്. ടെലിവിഷൻ സാറ്റലൈറ്റ്, ഒടിടി എന്നിവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ചേംബർ കണക്കാക്കിയിട്ടില്ല. ഈ പട്ടികയിൽ റെഫില്‍ ക്ലബ്ബും മാർക്കോയും ഇടംപിടിച്ചാൽ ആകെ ഹിറ്റ് ചിത്രങ്ങളുടെ എണ്ണം 13 ആകും. മഞ്ഞുമ്മൽ ബോയ്സിന് പുറമെ പ്രേമലു, ഭ്രമയുഗം, ആവേശം, ആടുജീവിതം, വർഷങ്ങൾക്കു ശേഷം, ഗുരുവായൂർ അമ്പല നടയിൽ, ടർബോ, വാഴ, എആർഎം, കിഷ്കിന്ധാകാണ്ഡം എന്നിവയാണ് മറ്റ് ചിത്രങ്ങൾ. ഇതിൽ മൂന്നെണ്ണം ഒഴികെ ബാക്കിയെല്ലാം ചെയ്തത് യുവസംവിധായകരാണ് എന്നതാണ് ഏറെ പ്രത്യേകത. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. അതേസമയം മോഹന്‍ലാല്‍, ദിലീപ് എന്നിവർക്ക് 2024 ല്‍ ഒരു ഹിറ്റ് പോലുമില്ല. മലൈക്കോട്ടെ വാലിബന്‍ എന്ന ഒറ്റ ചിത്രമാണ് മോഹന്‍ലാലിന്റേതായി ഈ വർഷം പുറത്തിറങ്ങിയത്.
ഇതിനു പുറമെ ഈ വർഷം പുറത്തിറങ്ങിയ ഏബ്രഹാം ഓസ്‍ലർ, അന്വേഷിപ്പിൻ കണ്ടെത്തും, ബൊഗെയ്ൻവില്ല, ഹലോ മമ്മി, സൂക്ഷ്മദർശിനി, പണി എന്നീ ചിത്രങ്ങളെ ഹിറ്റുകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തലവൻ, ഗോളം, നുണക്കുഴി, അഞ്ചക്കള്ള കോക്കൻ, ഉള്ളൊഴുക്ക് എന്നിവയും ആവറേജ് ഹിറ്റുകളായി. തിയേറ്റർ വരുമാനത്തിന് പുറമെ ടെലിവിഷൻ സാറ്റലൈറ്റ്, ഒടിടി വരുമാനം കൂടി ലഭിക്കുന്നതോടെ ഏതാനും സിനിമകള്‍ കൂടെ നിർമ്മാതാവിന്റെ കീശ ചോരാതെ കാക്കുമെങ്കിലും നഷ്ട ചിത്രങ്ങളുടെ കണക്ക് 150 -ഓളം വരും.