Mammootty: കഥ പറയുമ്പോൾ സിനിമയിലെ ആ സീൻ വീണ്ടും ചെയ്യണമെന്ന് മമ്മൂട്ടി വാശിപിടിച്ചു; ഇപ്പോഴുള്ളത് റിഹേഴ്സൽ സീനാണ്: വെളിപ്പെടുത്തി സംവിധായകൻ
Mammootty Katha Parayumbol Scene: മമ്മൂട്ടി നായകനായെത്തിയ കഥ പറയുമ്പോൾ എന്ന സിനിമയിലെ പ്രശസ്തമായ രംഗം റിഹേഴ്സൽ സീനാണെന്ന് സംവിധായകൻ എം മോഹനൻ. രംഗം വീണ്ടും ഷൂട്ട് ചെയ്യണമെന്ന് മമ്മൂട്ട് വാശിപിടിച്ചെങ്കിലും ശ്രീനിവാസൻ അത് വേണ്ടെന്ന് സമ്മതിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

വിനീത് ശ്രീനിവാസൻ നായകനായെത്തിയ ‘ഒരു ജാതി ജാതകം’ എന്ന സിനിമ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുന്ന ചിത്രം എം മോഹനനാണ് സംവിധാനം ചെയ്തത്. ‘കഥ പറയുമ്പോൾ’ എന്ന മമ്മൂട്ടിച്ചിത്രത്തിലൂടെ സംവിധാന കരിയർ ആരംഭിച്ച എം മോഹനൻ്റെ ആറാമത്തെ സിനിമയാണ് ഒരു ജാതി ജാതകം. ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ കഥ പറയുമ്പോൾ എന്ന തൻ്റെ ആദ്യ സിനിമയിലെ ഒരു രംഗത്തെപ്പറ്റി അദ്ദേഹം വെളിപ്പെടുത്തിയത് വൈറലായിരുന്നു.
സിനിമയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു രംഗമായിരുന്നു തൻ്റെ ബാല്യകാലസുഹൃത്തായിരുന്ന ബാലനെപ്പറ്റി സൂപ്പർ സ്റ്റാർ അശോക് രാജ് വൈകാരികമായി സംസാരിക്കുന്ന രംഗം. മമ്മൂട്ടി തകർത്തഭിനയിച്ച ഈ സീൻ സിനിമയിലെ തന്നെ ഏറ്റവും മനോഹരമായ സീനുകളിൽ ഒന്നായിരുന്നു. ഹിന്ദി അടക്കം പലഭാഷകളിലേക്ക് സിനിമ റീമേക്ക് ചെയ്തപ്പോഴും ഈ സീൻ വച്ചാണ് ആരാധകർ പ്രകടനങ്ങളെ താരതമ്യം ചെയ്തത്. ഈ സീൻ റിഹേഴ്സൽ ആയിരുന്നു എന്നാണ് സംവിധായകൻ എം മോഹനൻ്റെ വെളിപ്പെടുത്തൽ.




“ആ സീനിൽ എല്ലാവരും കരയുകയായിരുന്നു എന്നതാണ് വാസ്തവം. അത് ഫിലിമിലാണ് ഷൂട്ട് ചെയ്തത്, രണ്ട് ക്യാമറ വച്ചിട്ട്. അത് മൂന്നാല് ഷോട്ടൊക്കെ കാര്യമായി മാർക്ക് ചെയ്തു. പക്ഷേ, ഈ ഷോട്ടുകളൊക്കെ അങ്ങ് പോവുകയാണ്. മമ്മുക്ക ഇങ്ങനെ നിന്ന് പറയുകയാണ്. റിയൽ ലൈഫിൽ പറയുമ്പോലെ പറയുകയാണ്. ഷോട്ടൊന്നും കട്ട് ചെയ്തില്ല. സുകുവേട്ടനോട് (പി സുകുമാർ – ക്യാമറമാൻ) കട്ട് ചെയ്യണ്ടന്ന് പറഞ്ഞു. അങ്ങനെ നോൺ സ്റ്റോപ്പ് പോവുകയാണ് ചെയ്തത്. ഒരു ക്യാമറയിലെ ഷോട്ട് റണ്ണൗട്ടായിപ്പോയി. ഒരു ക്ലോസ് വച്ചത്. പക്ഷേ, മറ്റേ ക്യാമറ എടുത്തു. പ്രസംഗം കഴിഞ്ഞപ്പഴാണ് കട്ട് പറയുന്നത്. കട്ട് പറയാൻ മറന്നുപോയെന്നതാണ് സത്യം. മമ്മൂട്ടി പറഞ്ഞു, ആ സീൻ മാറ്റിയെടുക്കണമെന്ന്. അതിൽ കൂടുതൽ ഇമോഷണലായെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ പറഞ്ഞു, മമ്മുക്ക, അത് കേട്ടിരുന്ന ഞങ്ങളെല്ലാവരും കരഞ്ഞു. മമ്മൂട്ടി സമ്മതിച്ചില്ല, അത് മാറ്റിയെടുക്കണമെന്ന് വാശിപിടിച്ചു. അപ്പോ ശ്രീനിയേട്ടൻ (ശ്രീനിവാസൻ) കേറിവന്നു. മാറ്റിയെടുക്കണമെന്ന് പറഞ്ഞപ്പോൾ, അത് നന്നായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനിയേട്ടൻ പറഞ്ഞപ്പോഴാണ് മമ്മൂട്ടി വഴങ്ങിയത്. യഥാർത്ഥത്തിൽ അതൊരു റിഹേഴ്സലായിരുന്നു. അന്നേരം എനിക്കെന്തോ തോന്നി, റോൾ ചെയ്തേക്കാമെന്ന്. അങ്ങനെ സുകുവേട്ടനോട് ഇത് റോൾ ചെയ്യാം, മമ്മുക്കയോട് പറയണ്ട എന്ന് പറഞ്ഞു. അങ്ങനെ ചെയ്തതാണ്.”- അദ്ദേഹം പറഞ്ഞു.
ശ്രീനിവാസൻ്റെ തിരക്കഥയിൽ അദ്ദേഹത്തിനൊപ്പം മമ്മൂട്ടി, മീന തുടങ്ങിയവർ അഭിനയിച്ച് 2007ൽ പുറത്തായ സിനിമയാണ് കഥ പറയുമ്പോൾ. രഞ്ജൻ എബ്രഹാമായിരുന്നു എഡിറ്റ്. എം ജയചന്ദ്രൻ സംഗീതസംവിധാനം നിർവഹിച്ചു. മുകേഷും ശ്രീനിവാസനും ചേർന്നായിരുന്നു നിർമ്മാണം. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് സിനിമ റീമേക്ക് ചെയ്തു. തമിഴിൽ രജനികാന്തും ഹിന്ദിയിൽ ഷാരൂഖ് ഖാനും അഭിനയിച്ചിരുന്നു.