5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Turbo Movie : 72കാരൻ്റെ അഴിഞ്ഞാട്ടം; ടർബോയുടെ മേക്കിങ് വീഡിയോ പുറത്ത്

Turbo Movie Making Video : സിനിമയിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

Turbo Movie : 72കാരൻ്റെ അഴിഞ്ഞാട്ടം; ടർബോയുടെ മേക്കിങ് വീഡിയോ പുറത്ത്
jenish-thomas
Jenish Thomas | Published: 26 May 2024 14:57 PM

Turbo Movie Mammootty Fighting Behind Scene Video : പ്രേക്ഷകരെ ആവേശത്തിലാഴ്ത്തികൊണ്ടാണ് മമ്മൂട്ടിയുടെ ടർബോ കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തിയത്. മമ്മുട്ടിയുടെ മാസ് ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞ ചിത്രം ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. സിനിമയെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കുന്നത് മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങളാണ്. ഇപ്പോൾ ആ ആക്ഷൻ രംഗങ്ങളുടെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

സിനിമയിലെ പള്ളി പെരുന്നാൾ സമയത്തുള്ള ഫൈറ്റ് രംഗത്തിൻ്റെയും കൂടാതെ ചിത്രത്തിൽ ശ്രദ്ധേയമായ കാർ ചേസിങ് രംഗങ്ങളുടെയും മേക്കിങ് വീഡിയോയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. സിനിമയിലെ കാർ ചേസിങ് രംഗങ്ങൾ വളരെ മികവുറ്റതായിരുന്നു. മമ്മൂട്ടിയുടെ തന്നെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ടർബോ നിർമിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 70 കോടിയിൽ അധികം ചിലവഴിച്ചാണ് ടർബോ ചിത്രീകരിച്ചിരിക്കുന്നത്.

ALSO READ : Turbo Movie: ‘ടർബോ’ റിവ്യൂവിന് ഔദ്യോഗിക പോസ്റ്റർ ഉപയോഗിച്ചു; യൂട്യൂബർക്കെതിരെ മമ്മൂട്ടി കമ്പനി

ടർബോയുടെ ബോക്സ്ഓഫീസ്

വലിയ പ്രൊമോഷനുകൾ ഒന്നുമില്ലാതെ സാധാരണ മമ്മൂട്ടി കമ്പനി ചിത്രം തിയറ്ററുകൾ എത്തിയത് പോലെയാണ് ടർബോയുടെ റിലീസ്. എന്നാൽ ആദ്യ ദിനം തന്നെ മമ്മൂട്ടി ചിത്രം ആഗോളത്തലത്തിൽ നേടിയത് 17.3 കോടി രൂപയാണ്. റിലീസ് ദിവസം കേരളത്തിൽ നിന്നും മാത്രം 6.15 കോടി ടർബോ നേടിയതായിട്ടാണ് ബോക്സ്ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്ക്നിക്ക് റിപ്പോർട്ട് ചെയ്യുന്നത്.

ചിത്രം റിലീസായി മൂന്ന് ദിവസം പിന്നിടുമ്പോൾ ടർബോയുടെ ആകെ ബോക്സ്ഓഫീസ് കളക്ഷൻ 35 കോടിയായതായിട്ടാണ് സാക്ക്നിക്കിൻ്റെ കണക്ക് വ്യക്തമാക്കുന്നത്. കേരള ബോക്സ്ഓഫീസിൽ ഇതുവരെയായി മമ്മൂട്ടി ചിത്രം നേടിയത് 14 കോടിയോളം രൂപയാണ്. 19 കോടിയോളമാണ് ചിത്രത്തിൻ്റെ ഇതുവരെയുള്ള ഓവർസീസ് കളക്ഷൻ.

വൈശാഖാണ് ചിത്രത്തിൻ്റെ സംവിധായകൻ. മധുരരാജ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന സിനിമയെന്ന് പ്രത്യേകതയും ടർബോയ്ക്കുണ്ട്. മിഥുൻ മാനുവൽ തോമസാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയാണ് ടർബോയിൽ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. തെലുങ്ക് താരം സുനിലും ചിത്രത്തിൽ മറ്റൊരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്.

പാച്ചുവും അത്ഭുത വിളക്കും സിനിമ ഫെയിം അഞ്ജന ജയപ്രകാശാണ് ടർബോയിലെ നായിക. ഇവർക്ക് പുറമെ ബിന്ദു പണിക്കർ, ദിലീഷ് പോത്തൻ, ശബരീഷ്, കബിർ ദുഹാൻ സിങ്, അമിനാ നിജം, നിരഞ്ജന അനൂപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. വിഷ്ണു ശർമയാണ് ഛായാഗ്രാഹകൻ. ഷമീർ മുഹമ്മദാണ് ചിത്രത്തിൻ്റെ എഡിറ്റർ. ക്രിസ്റ്റോ സേവ്യറാണ് സിനിമയിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. നിരവധി ആക്ഷൻ രംഗങ്ങൾ ഉള്ള സിനിമയുടെ സംഘട്ടനം ഒരുക്കിയിരിക്കുന്നത് ഫീനിക്സ് ബാബുവാണ്. ഷാജി നടുവിൽ പ്രൊഡക്ഷൻ ഡിസൈനർ. ഷാജി പാടൂരും സജിമോനുമാണ് കോ ഡയറക്ടർമാർ.