Mammootty: മമ്മൂട്ടിക്ക് വൻകുടലിൽ അർബുദത്തിൻ്റെ പ്രാഥമിക ലക്ഷണം; പ്രോട്ടോൺ തെറാപ്പി ചെന്നൈയിലെ ആശുപത്രിയിലെന്ന് റിപ്പോർട്ട്
Mammootty Has Early Signs Of Colon Cancer: മമ്മൂട്ടി ചെന്നൈയിൽ പ്രോട്ടോൺ തെറാപ്പിയ്ക്ക് വിധേയനാകുമെന്ന് റിപ്പോർട്ട്. വൻകുടൽ ക്യാൻസറിൻ്റെ പ്രാഥമിക ലക്ഷണങ്ങളാണ് മമ്മൂട്ടിയ്ക്കുള്ളതെന്നും ഉടൻ തന്നെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നുമാണ് റിപ്പോർട്ട്.

മമ്മൂട്ടിയ്ക്ക് വൻകുടലിൽ അർബുദത്തിൻ്റെ പ്രാഥമിക ലക്ഷണമെന്ന് റിപ്പോർട്ട്. ആശങ്കപ്പെടാനില്ലെന്നും പ്രോട്ടോൺ തെറാപ്പിക്കായി താരത്തെ ഈ മാസം 19ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നും ദീപിക റിപ്പോർട്ട് ചെയ്തു. അഞ്ച് ദിവസത്തെ പ്രോട്ടോൺ തെറാപ്പിയാണ് മമ്മൂട്ടിയ്ക്ക് നടത്തുന്നതെന്നും ഈ ആഴ്ച തന്നെ അദ്ദേഹം ചികിത്സയ്ക്ക് വിധേയനാവുമെന്നും റിപ്പോർട്ടിൽ പറയുന്നു.
മമ്മൂട്ടിയ്ക്ക് ക്യാൻസർ കണ്ടെത്തിയതിനെ തുടർന്ന് മഹേഷ് നാരായണൻ സിനിമ നിർത്തിവച്ചു എന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. ഇതിനിടെ മമ്മൂട്ടിയ്ക്ക് ശ്വാസം മുട്ടലാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. പിന്നാലെ ഈ രണ്ട് റിപ്പോർട്ടുകളും മമ്മൂട്ടിയുടെ പിആർ ടീം തള്ളി. റമദാൻ മാസമായതിനാൽ മമ്മൂട്ടി അവധിയെടുത്തതാണെന്നും നോമ്പിന് ശേഷം താരം ഷൂട്ടിംഗിൽ ജോയിൻ ചെയ്യുമെന്നുമായിരുന്നു പിആർ ടീം പറഞ്ഞതായി പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവെക്കുന്ന തരത്തിലാണ് ദീപികയുടെ റിപ്പോർട്ട്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് പോലെ യാതൊരു ആശങ്കയുമില്ല എന്നും ദീപിക റിപ്പോർട്ട് ചെയ്യുന്നു. വളരെ നേരത്തെ തന്നെ രോഗനിർണ്ണയം നടത്താൻ കഴിഞ്ഞതിനാൽ പ്രാഥമിക ചികിത്സ കൊണ്ട് തന്നെ മമ്മൂട്ടിയ്ക്ക് പൂർണ ആരോഗ്യം വീണ്ടെടുക്കാനാവും. ഇപ്പോൾ ചെന്നൈയിലെ വസതിയിലാണ് മമ്മൂട്ടി ഉള്ളത്. ഇവിടെ നിന്ന് ദിനവും പോയിവരാവുന്ന തരത്തിലാണ് ചെന്നൈയിലെ ആശുപത്രിയിൽ അദ്ദേഹത്തിൻ്റെ ചികിത്സ ക്രമീകരിച്ചിരിക്കുന്നത്. കുടുംബവും മമ്മൂട്ടിയ്ക്കൊപ്പമുണ്ട്. ഭാര്യ സുൽഫത്ത്, നടനും മകനുമായ ദുൽഖർ സൽമാൻ, മകൾ സുറുമി, ദുൽഖറിൻ്റെ ഭാര്യ അമാൽ സൂഫിയ, സുറുമിയുടെ ഭർത്താവ് ഡോ. മുഹമ്മദ് റെഹാന് സെയ്ദ് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടെന്നും ദീപികയുടെ റിപ്പോർട്ടിൽ പറയുന്നു. പ്രോട്ടോൺ തെറാപ്പിക്ക് ശേഷം മമ്മൂട്ടി മഹേഷ് നാരായണൻ സിനിമയിൽ ജോയിൻ ചെയ്യുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.




മമ്മൂട്ടിയ്ക്കൊപ്പം മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ,നയൻ താര തുടങ്ങിയവരും അഭിനയിക്കുന്ന ബിഗ് ബജറ്റ് സിനിമയാണ് മഹേഷ് നാരായണൻ്റെ സംവിധാനത്തിലൊരുങ്ങുന്നത്. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി- മോഹൻലാൽ കോംബോ ബിഗ് സ്ക്രീനിൽ തിരികെയെത്തുന്നത്. ഹരികൃഷ്ണൻസ് എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി – മോഹൻലാൽ – കുഞ്ചാക്കോ ബോബൻ എന്നിവർ ഒരുമിക്കുന്ന അടുത്ത സിനിമ കൂടിയാണ് ഇത്. 1988ലാണ് ഹരികൃഷ്ണൻസ് റിലീസായത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആൻ്റോ ജോസഫാണ് സിനിമ നിർമ്മിക്കുന്നത്.