Mahesh Narayanan Movie: രാവണന്റെ നാട്ടിൽ ഹരിക്കും കൃഷ്ണനുമൊപ്പം സുദർശനും! സോഷ്യൽ മീഡിയ കത്തിച്ച് ഹരികൃഷ്ണൻസ് കോംമ്പോ
Mammootty Mohanlal Movie Update: 80 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് പുറത്ത് വരുന്ന വിവരം. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്.
കൊച്ചി: തീയറ്ററുകൾ പൂരപ്പറമ്പാക്കാൻ മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ വീണ്ടും വരുന്നു എന്ന വാർത്ത ആരാധകർ ആവേശത്തോടെയാണ് കേട്ടത്. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മിനി സ്ക്രീനിലേക്ക് മമ്മൂട്ടി- മോഹൻലാൽ കോംബോ തിരിച്ചെത്തുക. മലയാളികൾ കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത് വന്നതിന് പിന്നാലെ സിനിമാ പ്രേമികളും ആവേശത്തിലാണ്. ശ്രീലങ്കയിലെ കൊളംബോയിൽ വച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഇരുവർക്കുമൊപ്പം കുഞ്ചാക്കോ ബോബനും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
സമൂഹമാദ്ധ്യങ്ങളിൽ കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ നിന്ന് കുഞ്ചാക്കോ ബോബൻ പങ്കുവച്ച സെൽഫിയാണ് ഇപ്പോൾ ഡിജിറ്റൽ ലോകത്തെ ചർച്ചാ വിഷയം. വിത്ത് ദി ബിഗ് എം സ്, ഫാൻ ബോയ് മൊമെന്റ് ഒരു മഹേഷ് നാരായണൻ ചിത്രം എന്ന അടിക്കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ ചിത്രം പങ്കുവച്ചത്. സെൽഫിക്ക് പിന്നാലെ 1988-ൽ റിലീസ് ചെയ്ത ഹരികൃഷ്ണൻ എന്ന സിനിമയും ചർച്ചയായിരിക്കുകയാണ്. ചിത്രത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സുദർശൻ എന്ന കഥാപാത്രത്തെ കുഞ്ചാക്കോ ബോബനും അവതരിപ്പിച്ചിരുന്നു. 26 വർഷങ്ങൾക്ക് ശേഷം ഈ കോംബോ വീണ്ടും മിനി സ്ക്രീനിലേക്ക് എത്തുന്നതിന്റെ ത്രില്ലിലാണ് ആരാധകർ. എന്നാൽ ഹരികൃഷ്ണൻസ് സിനിമയുമായി മഹേഷ് നാരായൺ ചിത്രത്തിന് ബന്ധമുണ്ടോ എന്ന് ചോദിക്കുന്നവരും ഒട്ടനവധിയാണ്. എന്തെ വീണ്ടും ഒരു ഹരികൃഷ്ണൻസ് ഉണ്ടാകുമോ? ഹരികൃഷ്ണൻസ് 2, മോഹിനി വർമ്മ പിന്നെയും തുടങ്ങിയ കമന്റുകളാണ് ആരാധകർ പങ്കുവയ്ക്കുന്നത്. തീയറ്ററിലൂടെ ആദ്യമായി മമ്മൂട്ടി- മോഹൻലാൽ കാണാൻ സാധിക്കുമെന്ന സന്തോഷം പങ്കുവയ്ക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിലെ പ്രിയതാരങ്ങൾ വീണ്ടും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. 2008 ൽ റിലീസ് ചെയ്ത ട്വന്റി 20-ലാണ് മമ്മൂട്ടിയും മോഹൻലാലും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. 2013-ൽ പുറത്തിറങ്ങിയ കടൽ കടന്നൊരു മാത്തുക്കുട്ടിയിലും ഇരുവരും ഒരുമിച്ചെത്തി. അതേസമയം, മഹേഷ് നാരായൺ ചിത്രത്തിൽ അതിഥി വേഷമാണ് കെെകാര്യം ചെയ്യുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ശ്രീലങ്കയ്ക്ക് പുറമെ ലണ്ടൻ, ഷാർജ, അസർബൈജാൻ, ദുബായ്, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലും കേരളത്തിലും സിനിമയുടെ ഷൂട്ടിംഗ് നടക്കും. ബോളിവുഡിൽ നിന്നുള്ള മാനുഷ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
80 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് പുറത്ത് വരുന്ന വിവരം. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി മഞ്ജു വാര്യർ തുടങ്ങിയ വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഡീ ഏജിംഗ് ടെക്നോളജി ചിത്രത്തിൽ ഉപയോഗിക്കുന്നുണ്ടെന്നും വിവരങ്ങളുണ്ട്. എങ്കിൽ ആദ്യമായി ഡീ ഏജിംഗ് ടെക്നോളജി ഉപയോഗിക്കുന്ന മലയാള സിനിമയായി മഹേഷ് നാരായൺ ചിത്രം മാറും.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ ആണ് മോഹൻലാലിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. വെെശാഖ് സംവിധാനം ചെയ്ത ടർബോയാണ് മമ്മൂട്ടിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. അമൽ നീരദ് സംവിധാനം ചെയ്ത ബോഗെയ്ൻവില്ലയാണ് ഒടുവിൽ ആരാധകർക്ക് മുന്നിലെത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം.