Mammootty-Mohanlal Film : ‘ആരാധകരെ ശാന്തരാകുവിന്‍’; 11 വർഷങ്ങൾക്ക് ശേഷം താര രാജാക്കന്മാർ ഒരുമിച്ച് ബിഗ് സ്ക്രീനിലേക്ക്’; മഹേഷ് നാരായണൻ ചിത്രം ഷൂട്ടിംഗ് ശ്രീലങ്കയിൽ
Mammootty-Mohanlal Film മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമാണം മമ്മൂട്ടികമ്പനിയും ആശീർവാദ് സിനിമാസും ഒരുമിച്ചാകും ഏറ്റെടുക്കുക. എന്നാൽ ചിത്രത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മലയാളികളുടെ അഹങ്കാരമായ താര രാജാക്കന്മാർ ഒരുമിച്ച് ബിഗ് സ്ക്രീനിലേക്ക് എത്താൻ പോകുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇത് യാഥാർത്ഥ്യമായാൽ പതിനൊന്ന് വർഷങ്ങൾക്കും ശേഷമാണ് മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കാൻ പോകുന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ശ്രീലങ്കയിൽ ആയിരിക്കുമെന്നാണ് വാർത്തകൾ പുറത്തുവരുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമാണം മമ്മൂട്ടികമ്പനിയും ആശീർവാദ് സിനിമാസും ഒരുമിച്ചാകും ഏറ്റെടുക്കുക. എന്നാൽ ചിത്രത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 15ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. മലയാളം സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആന്‍റോ ജോസഫും സംവിധായകന്‍ മഹേഷ് നാരായണനും നിർമാതാവ് സിവി സാരഥിയുമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടത്തിയത്. എംപി യാദമിനി ഗുണവര്‍ധന, അഡ്വൈസര്‍ സുഗീശ്വര സേനാധിര എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 30 ദിവസം ശ്രീലങ്കയിലായിരിക്കും സിനിമ ചിത്രീകരിക്കുക. കൂടാതെ കേരളത്തിലും ഡല്‍ഹിയിലും ലണ്ടനിലും ചിത്രീകരണമുണ്ടാകുമെന്നും റിപ്പോർട്ട് ഉണ്ട്.
സൂപ്പർ താരങ്ങളുടെ ചിത്രം നടക്കുന്നതിലൂടെ രാജ്യത്തേക്ക് കൂടുതൽ സിനിമ പ്രവർത്തകരെ ആകർഷിക്കാനാണ് ശ്രീലങ്കൻ ഗവൺമെന്റ് ശ്രമിക്കുന്നത്. വിദേശനാണ്യ വരുമാനം വർധിപ്പിക്കുന്നതിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ സാധ്യതകൾ എടുത്തുകാണിച്ചുകൊണ്ട് ശ്രീലങ്കയെ ചിത്രീകരണ സ്ഥലമായി തിരഞ്ഞെടുത്തതിന് പ്രധാനമന്ത്രി ഗുണവർധന നന്ദി അറിയിച്ചു. ദ് എലിഫന്റ് വാക്ക്, ടാർസൻ, ബ്രിഡ്ജ് ഓൺ ദി റിവർ ക്വായ് തുടങ്ങിയ രാജ്യാന്തര സിനിമകളുടെ പ്രധാന ലൊക്കേഷനെന്ന നിലയിൽ ലോക സിനിമയിലും ശ്രീലങ്ക സുപ്രധാന അടയാളമാണ്.
എന്നാൽ മമ്മൂട്ടി സുരേഷ് ഗോപി കൂട്ടുക്കെട്ടാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ ഈ ചിത്രത്തിൽ സുരേഷ് ഗോപിയുടെ ഭാഗമാണ് ഇപ്പോൾ മോഹൻലാൽ അവതരിപ്പിക്കുന്നതെന്നും പുറത്തു വരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം മോഹൻലാൽ മമ്മൂട്ടി കോമ്പോയിൽ അൻപതോളം സിനിമകളിലാണ് പുറത്തിറങ്ങിയിട്ടുള്ളത്. 2013 ൽ റിലീസ് ചെയ്ത കടൽ കടന്നൊരു മാത്തുക്കുട്ടിയിലാണ് അവസാനമായി ഒരുമിച്ച് എത്തിയ ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ടർബോയാണ് മമ്മൂട്ടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഗൗതം വസുദേവ് മേനോൻറെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്’ എന്ന ചിത്രമാണ് താരത്തിന്റെ പുതിയ സിനിമ. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടെ ഈ സിനിമയ്ക്കുണ്ട്. മമ്മൂട്ടി ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവ് വേഷത്തിലാണ് ഈ ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസാണ് മോഹൻലാലിന്റേതായി ഇനി തിയറ്ററിലെത്താനിരിക്കുന്ന ചിത്രം. ചിത്രം ഒക്ടോബറിൽ തിയറ്ററുകളിലെത്തും.