Hema Committe Report : ‘ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക; ഇപ്പോഴത്തെ പ്രശ്‌നങ്ങളുമായി വീഡിയോക്ക് യാതൊരു ബന്ധവുമില്ല’; യുവനടി
ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് തന്റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണെന്നും താരം പറയുന്നു
സിനിമ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന ക്രൂരതകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്. ഇതിനിടെയിൽ ഒരു പുതുമുഖ താരത്തിന്റെ വീഡിയോ വൈറലായിരുന്നു. ഒരു ചിത്രത്തിൻ്റെ ഓഡിഷനെത്തിയപ്പോഴുണ്ടായ കാസ്റ്റിംഗ് കൗച്ച് ദുരനുഭവം തുറന്നുപറയുന്നു വീഡിയോ ആണ് സൈബർ ലോകത്ത് ഇടം നേടിയത്. 24 ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ ഇത് വീണ്ടും ചർച്ചവിഷയമായതോടെ സംഭവത്തിൽ പ്രതികരിച്ച് താരം തന്നെ രംഗത്ത് എത്തി.
ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് തന്റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണ്, പലരും മുഴുവൻ അഭിമുഖവും കണ്ടിട്ടില്ലെന്നും താരം പറയുന്നു. അവർ പണം നേടാൻ വേണ്ടി നടത്തിയ വ്യാജ ഓഡിഷനായിരുന്നുവെന്നും താരം പറയുന്നു. ഇപ്പോഴത്തെ പ്രശ്നനങ്ങളുമായി തന്റെ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ദയവായി ഈ ക്ലിപ്പ് ശ്രദ്ധ നേടാൻ വേണ്ടി ഷെയർ ചെയ്യുന്നത് നിർത്തണമെന്നും താരം പറയുന്നു.ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
പോസ്റ്റിന്റെ പൂർണ രൂപം
”ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് എന്റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണ്, പലരും മുഴുവൻ അഭിമുഖവും കണ്ടിട്ടില്ല, യഥാർത്ഥ സംഭവത്തെക്കുറിച്ച് അറിയുകയും ഇല്ല. 10 വർഷങ്ങൾക്ക് മുമ്പ് നടന്ന അനുഭവമാണ് പങ്കുവെച്ചത്, ഞാൻ സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ്. അതിൽ പങ്കെടുത്തവർക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല, അവർ പണം നേടാൻ വേണ്ടി നടത്തിയ fake audition ആയിരുന്നു.
ഇപ്പോഴത്തെ പ്രശ്നനങ്ങളുമായി എന്റെ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. ദയവായി ഈ ക്ലിപ്പ് ശ്രദ്ധ നേടാൻ വേണ്ടി ഷെയർ ചെയ്യുന്നത് നിർത്തുക, വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളിൽ എനിക്ക് യാതൊരു പങ്കുമില്ല.”
Also read-Hema Committe Report : ഓഡീഷനിലും അതിക്രമം; ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ചർച്ചയായ വീഡിയോ
താരത്തിന്റെ അഭിമുഖത്തിലെ വാക്കുകൾ ഇങ്ങനെ: ”ഒരു ചില്ലിട്ട റൂമിലായിരുന്നു ഓഡിഷൻ നടക്കുന്നത്. അര മണിക്കൂറോളം ഇയാളെന്നെ ഓഡിഷൻ ചെയ്യിപ്പിക്കുന്നുണ്ട്. കുറെ ഷൂട്ടിനു ശേഷം ഇയാളെന്റെടുത്ത് പറഞ്ഞു, മുടി പാറിയിട്ടുണ്ട്, അത് ഡ്രസിംങ് റൂമിൽ പോയി ശരിയാക്കിയിട്ട് വരൂ എന്ന് പറഞ്ഞു, ഒക്കെ സാർ ഡ്രസിംങ് റൂമിൽ പോയ ഉടൻ ഇയാൾ പിന്നാലെ വന്ന് പുറകിൽ നിന്ന് കടന്നു പിടിക്കുകയായിരുന്നു. അത്യാവശ്യം നല്ല പൊക്കവും തടിയുമുണ്ട്. എത്ര തട്ടി മാറ്റിയിട്ടും അയാൾ പോകുന്നുണ്ടായിരുന്നില്ല. അയാൾ എന്നോട് പറഞ്ഞു ഇപ്പോ ഒന്ന് മനസ് വെച്ചാൽ മഞ്ജു വാര്യരുടെ മോളായായിരിക്കും സ്ക്രീനിൽ ആളുകൾ കാണുക . നമ്മുടെ അവസ്ഥയെ മുതലാക്കുന്ന തരത്തിലായിരുന്നു. ഒന്നും അറിയേണ്ട, അമ്മയും അനിയത്തിയും പുറത്തിരുന്നോട്ടെ, പത്ത് മിനിട്ട് ഇവിടെ നിന്നാൽ മതിയെന്ന് പറഞ്ഞു. കരയാൻ തുടങ്ങിയ ഞാൻ അയാളുടെ ക്യാമറ തട്ടിത്താഴെയിടാൻ നോക്കി. അയാളുടെ ശ്രദ്ധ മാറിയ സമയത്ത് ഞാൻ അവിടെ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു”.