Onam Box Office Collection: ഒരു വിവാദവും തൊട്ടില്ല; കോടികൾ വാരി വിതറുന്നു, ഓണം തൂക്കിയ ചിത്രങ്ങള്‍
Malayalam Onam Box Office Collection Reports: സൂപ്പർ താര ചിത്രങ്ങൾ ഇല്ലാതിരുന്ന ഓണത്തിന് ആസിഫ് അലി, ടൊവീനോ സുപ്രീമസി തന്നെയായിരുന്നു കണ്ടത്. ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുടെ തേരോട്ടമായിരുന്നു തീയ്യേറ്ററിൽ
വിവാദങ്ങൾക്കും ആശങ്കകൾക്കും ഇടയിൽ ഇത്തവണയും മലയാള സിനിമയെ ഓണം കാത്തു. നിരവധി ചിത്രങ്ങളാണ് മികച്ച ബോക്സോഫീസ് നേട്ടം കാഴ്ച വെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദങ്ങളും ഓണം റിലീസുകളെ ബാധിച്ചേക്കുമോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും ഇതിനൊന്നും ഇട കൊടുത്തില്ല. സൂപ്പർ താര ചിത്രങ്ങൾ ഇല്ലാതിരുന്ന ഓണത്തിന് ആസിഫ് അലി, ടൊവീനോ സുപ്രീമസി തന്നെയായിരുന്നു കണ്ടത്. ആസിഫിൻ്റെ പുതിയ ചിത്രം കിഷ്കിന്ധാകാണ്ഡവും, ടൊവീനോയുടെ അജയൻ്റെ രണ്ടാം മോഷണവും തീയ്യേറ്ററുകളിൽ മികച്ച പ്രകടനം തുടരുകയാണ്.
കിഷ്കിന്ധ കാണ്ഡം
ബാഹുൽ രമേശിൻ്റ രചനയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ ചിത്രമാണ് കിഷ്കിന്ധ കാണ്ഡം. ആസിഫലിയെ കൂടാതെ വിജയ രാഘവൻ, അപർണ ബാലമുരളി, ജഗദീഷ് തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. വെറും 45 ലക്ഷം മാത്രം റിലീസ് ദിവസം ലഭിച്ച ചിത്രത്തിൻ്റെ ഇതുവരെയുള്ള നേട്ടം 5.88 കോടിയാണെന്ന് ബോക്സോഫീസ് ട്രാക്കറായ സാക്നിക്ക് പങ്ക് വെച്ച കണക്കിൽ പറയുന്നു. രണ്ടാം ദിനം 65 ലക്ഷവും, മൂന്നാം ദിനം 1.35 കോടിയും, നാലാം ദിനം 1.95 കോടിയും, അഞ്ചാം ദിനം 1.48 കോടിയുമാണ് ചിത്രം നേടിയത്. 5 മുതൽ 7 കോടി വരെയാണ് എൻ്റർടെയിൻമെൻ്റ് വെബ്സൈറ്റുകളുടെ കണക്ക് പ്രകാരം ചിത്രത്തിൻ്റെ ബജറ്റ്. സെപ്റ്റംബർ 12-നാണ് ചിത്രം റിലീസ് ചെയ്തത്.
അജയൻ്റെ രണ്ടാം മോഷണം
സുജിത് നമ്പ്യാറിൻ്റെ രചനയിൽ ടൊവീനോ ട്രിപ്പിൾ റോളിൽ എത്തിയ അജയൻ്റെ രണ്ടാം മോഷണമാണ് ബോക്സോഫീസിലെ മറ്റൊരു ഹിറ്റ്. ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രം മാജിക് ഫ്രെയിംസും യുജിഎം എൻ്റർടൈൻമെൻ്റും ചേർന്നാണ് നിർമ്മിച്ചത്. സെപ്റ്റംബർ 12-ന് തന്നെ തീയ്യേറ്ററിൽ എത്തിയ ചിത്രത്തിൻ്റെ ബജറ്റ് 30 കോടിയാണ്. ബോക്സോഫീസ് കണക്ക് പ്രകാരം ഇതുവരെ നാല് ദിവസം കൊണ്ട് ചിത്രം നേടിയത് 16 കോടിക്ക് മുകളിലാണ്. സമീപകാലത്തെ തന്നെ മികച്ച ഓപ്പണിംഗാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചത് ഏകദേശം 3.35 കോടിയാണ് ചിത്രം നേടിയത്. ടൊവീനോയെ കൂടാതെ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, ജഗദീഷ്, കബീർ ദുഹാൻ സിംഗ്, പ്രമോദ് ഷെട്ടി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
കൊണ്ടൽ
ആൻ്റണി പെപ്പെയും, രാജ് ബി ഷെട്ടിയും തകർത്ത് അഭിനിയിച്ച കൊണ്ടലും ബോക്സോഫീസിൽ തുടരുന്നുണ്ട്. മൂന്ന് ദിവസത്തെ കണക്ക് പ്രകാരം ചിത്രം ഇതുവരെ നേടിയത് ഏകദേശം 1.61 കോടിയാണ് സെപ്റ്റംബർ 15 വരെയുള്ള മാത്രം കണക്കാണിത്. അജിത് മാമ്പള്ളി സംവിധാനം ചെയ്ത ചിത്രത്തിൽ പെപ്പെയെ കൂടാതെ പ്രമോദ് വെളിയനാട്, ഗൗതമി നായര്‍, ജയ കുറുപ്പ്, ഷെബീർ കല്ലറക്കൽ, ശരത്ത് സഭ, ഉഷ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു, സോഫിയപോൾ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റോയിലിൻ റോബർട്ട്, അജിത്ത് തോന്നക്കൽ എന്നിവരും ചിത്രത്തിൻ്റെ രചനയുടെ ഭാഗമായിട്ടുണ്ട്. ഒരു കംപ്ലീറ്റ് ആക്ഷൻ പാക്കാണ് ചിത്രം.