Movie Strike: സിനിമാ തർക്കം ഒത്തുതീർപ്പിലേക്ക്?; പോസ്റ്റ് പിൻവലിച്ച് ആൻ്റണി പെരുമ്പാവൂർ, എമ്പുരാനെതിരെ പ്രതികാര നടപടി ഇല്ല
Malayalam Movie Strike: സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് വാർത്താസമ്മേളനം നടത്തിയ ജി സുരേഷ് കുമാറിനെതിരെയാണ് ആൻ്റണി പെരുമ്പാവൂർ ഫേസ്ബുക്ക് പോസ്റ്റിട്ടത്. താൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇടാൻ ഉണ്ടായ സാഹചര്യവും ആൻറണി പെരുമ്പാവൂർ ബി ആർ ജേക്കബിനോട് വിശദീകരിച്ചിരുന്നതായാണ് വിവരം.

ആൻ്റണി പെരുമ്പാവൂർ, ജി സുരേഷ് കുമാർ
കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമാ മേഖലയിൽ നിലനിന്നിരുന്ന തർക്കങ്ങൾക്ക് അവസാനം. ഫിലിം ചേംബർ പ്രസിഡൻ്റ് ബി ആർ ജേക്കബ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമായി കൂടിക്കാഴ്ച്ച നടത്തിയതായാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ നിർമ്മാതാവ് ജി സുരേഷ് കുമാറിനെ വിമർശിച്ചുകൊണ്ട് ആൻറണി പെരുമ്പാവൂർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് നീക്കം ചെയ്യുകയും ചെയ്തു. ഇതോടെ മലയാള സിനിമയിലെ തർക്കങ്ങൾക്ക് അവസാനമായെന്ന് തന്നെയാണ് സൂചന ലഭിക്കുന്നത്.
അതേസമയം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനവും ആന്റണി പെരുമ്പാവൂർ നിർമ്മാണവും നിർവഹിക്കുന്ന ചിത്രമായ എമ്പുരാനെ ലക്ഷ്യമിട്ട് ചില നീക്കങ്ങൾ നടക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മാർച്ച് മാസത്തിൽ ഫിലിം ചേംബർ ഒരു പണിമുടക്കിനും തീരുമാനിച്ചിട്ടില്ലെന്നും തിയറ്റർ ഉടമകളും മലയാളികളും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാനെന്നും ചേംബർ പ്രസിഡൻറ് ഇതിന് പിന്നാലെ പ്രതികരണവുമായി എത്തിയിട്ടുണ്ട്. സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമായ എമ്പുരാൻ മാർച്ച് 27നാണ് തീയറ്ററുകളിൽ എത്തുന്നത്.
സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് വാർത്താസമ്മേളനം നടത്തിയ ജി സുരേഷ് കുമാറിനെതിരെയാണ് ആൻ്റണി പെരുമ്പാവൂർ ഫേസ്ബുക്ക് പോസ്റ്റിട്ടത്. താൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇടാൻ ഉണ്ടായ സാഹചര്യവും ആൻറണി പെരുമ്പാവൂർ ബി ആർ ജേക്കബിനോട് വിശദീകരിച്ചിരുന്നതായാണ് വിവരം. റിലീസിനൊരുങ്ങുന്ന എമ്പുരാന്റെ ബജറ്റിനെ കുറിച്ചുള്ള പരാമർശം തന്നെ വേദനിപ്പിച്ചുവെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. താൻ ഫോസ്ബുക്കിൽ പോസ്റ്റിട്ടത് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ചതിന് ശേഷമായിരുന്നു എന്നും ആൻ്റണി വ്യക്തമാക്കി.
എമ്പുരാൻ ബജറ്റിനെക്കുറിച്ചുള്ള സുരേഷ് കുമാറിൻ്റെ പരാമർശം തിരുത്തിയതായി ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ചേംബർ പ്രസിഡൻറിനോട് പോസ്റ്റ് പിൻവലിക്കാനുള്ള സന്നദ്ധതയും ആൻറണി അറിയിച്ചു. ഇപ്പോൾ നിലനിൽക്കുന്ന തർക്കം അധികനാളുണ്ടാകില്ലെന്നും ഉടൻ അവസാനിക്കുമെന്നുമാണ് ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞത്. എമ്പുരാൻ സിനിമയോട് യാതൊരുവിധ പ്രതികാര നടപടിക്കും ഇല്ലെന്നും ചേംബർ അറിയിച്ചിട്ടുണ്ട്.
സിനിമാ മേഖലയിൽ താരങ്ങളുടെ ഉയർന്ന പ്രതിഫലം ഉൾപ്പടെയുള്ള കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജൂൺ ഒന്നിനാണ് നിർമ്മാതാക്കളുടെ സംഘടന സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇത് സംഘടനാ തീരുമാനം അല്ലെന്ന് ആരോപിച്ചുകൊണ്ട് നിർമ്മാതാവ് സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂർ രംഗത്തെത്തുകയായിരുന്നു. മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ അടക്കമുളള പ്രമുഖ നടന്മാരും ഇതിനെ പിന്തുണയ്ച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.