Manu Padmanabhan Nair: വെള്ളം, കൂമൻ അടക്കം നിരവധി സിനിമകളുടെ നിർമ്മാണ പങ്കാളി; സിനിമാ നിർമ്മാതാവ് മനു പത്മനാഭൻ നായർ ബസിൽ കുഴഞ്ഞുവീണ് മരിച്ചു
Manu Padmanabhan Nair Death: ചലച്ചിത്ര നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ ബസില്‍ കുഴഞ്ഞുവീണ് മരിച്ചു. കോയമ്പത്തൂരില്‍ നിന്നുള്ള യാത്രയ്ക്കിടെ പാലക്കാട് വെച്ച് കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞു വീഴുകയായിരുന്നു
പാലക്കാട്: ചലച്ചിത്ര നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ ബസില്‍ കുഴഞ്ഞുവീണ് മരിച്ചു. കോയമ്പത്തൂരില്‍ നിന്നുള്ള യാത്രയ്ക്കിടെ പാലക്കാട് വെച്ച് കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ബസില്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോയി.
വെള്ളം, കൂമന്‍, അടക്കമുള്ള ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയാണ്. പത്ത് കല്‍പനകള്‍, പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു. കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്. സംവിധായകന്‍ പ്രജേഷ് സെന്‍, നിര്‍മാതാവ് ബാദുഷ, നടനും നിര്‍മാതാവുമായ തമ്പി ആന്റണി തെക്കേക്ക് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
പ്രജേഷ് സെന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്:
”വെള്ളം, കൂമൻ അടക്കം നിരവധി സിനിമകളുടെ നിർമ്മാണ പങ്കാളി ആയ പ്രൊഡ്യൂസർ മനു പദ്മനാഭൻ നായർ നിര്യാതനായി. ആദരാഞ്ജലികൾ”.
എന്‍.എം. ബാദുഷ ഫേസ്ബുക്കില്‍ പങ്കുവച്ചത്:
”പ്രിയ സുഹൃത്ത് മനു വിട പറഞ്ഞു വെള്ളം, കൂമൻ സിനിമകളുടെ എല്ലാം നിർമ്മാണ പങ്കാളി ആയിരുന്നു ആദരാഞ്ജലികൾ”.
തമ്പി ആന്റണി തെക്കേക്ക് ഫേസ്ബുക്കില്‍ പങ്കുവച്ചത്:
”മനുവും പോയി. പാണ്ടിപ്പള്ളിൽ മനു പത്മനാഭൻ നായർ. എന്റെ പ്രിയ സുഹൃത്തും മനുഷ്യസ്നേഹിയുമായിരുന്നു. പത്തുകല്പനയിൽ എന്നോടൊപ്പം ഉണ്ടായിരുന്ന പ്രൊഡ്യൂസർ. ജയസൂര്യയുടെ വെള്ളം എന്ന സിനിമയുടെ ഒരു നിർമാതാവുമായിരുന്നു. കൊച്ചിയിലേക്കു വരുബോൾ പാലക്കാട്ടുവെച്ചായിരുന്നു അന്ത്യം. ഭാര്യ ഗീത, മകൾ വൈക അഞ്ചു വയസ്”.
പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2021-ൽ പുറത്തിറങ്ങിയ ചിത്രമാണ് വെള്ളം. ജയസൂര്യ, സംയുക്ത മേനോൻ തുടങ്ങിയവരായിരുന്നു മുഖ്യ കഥാപാത്രങ്ങള്‍. യഥാര്‍ത്ഥ ജീവിതകഥയെ ആസ്പദമാക്കിയുള്ളതായിരുന്നു ഈ ചിത്രം. 2021 ജനുവരി 22-നാണ് ചിത്രം റിലീസ് ചെയ്തത്. മുഴുക്കുടിയനായ മുരളിയുടെ കഥ പറയുന്ന ചിത്രം വന്‍ വിജയമായിരുന്നു.
വെള്ളത്തിലെ അഭിനയത്തിന് ജയസ്യൂരയ്ക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. മുരളി കുന്നുംപുറത്ത് എന്ന മലയാളി വ്യവസായിയുടെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി പ്രജേഷ് സെൻ ഒരുക്കിയ ചിത്രമാണിത്. മനു പത്മനാഭന്റെ നിര്യാണത്തില്‍ മുരളി കുന്നുംപുറത്തും അനുശോചിച്ചു.
കെ ആർ കൃഷ്ണ കുമാറിന്റെ രചനയിൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമന്‍ 2022ലാണ് റിലീസ് ചെയ്തത്. ആസിഫ് അലി, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, ബാബുരാജ്, ഹന്ന റെജി കോശി, മേഘനാഥൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ത്രില്ലര്‍ ഗണത്തിലുള്ള ഈ ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.