Premalu: പുഷ്പ 2 വിനേയും കൽക്കിയെയും പിന്നിലാക്കി പ്രേമലു; ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇതാദ്യം
India's most profitable film of 2024: ബോക്സ് ഓഫീസിൽ ആയിരം കോടി കളക്ഷൻ നേടിയ പാൻ ഇന്ത്യൻ ചിത്രങ്ങളെ എല്ലാം മറികടന്ന് 2024ല്‍ രാജ്യത്ത് ഏറ്റവും അധികം ലാഭം കൊയ്ത ചിത്രം എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് 'പ്രേമലു'.
ഇന്ത്യൻ സിനിമ ഒരുപാട് ചരിത്ര നേട്ടങ്ങൾ കൈവരിച്ച ഒരു സുവർണ കാലഘട്ടം ആയിരുന്നു 2024. രണ്ടു സിനിമകൾ ആയിരം കോടി ക്ലബ്ബിൽ ഇടംനേടിയപ്പോൾ, ഒരു ചിത്രം ആയിരം കോടിയോട് അടുക്കുന്നു. ‘പുഷ്പ 2: ദി റൂൾ’, ‘കൽക്കി 2898 എഡി’, ‘സ്ത്രീ 2’ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസ് പിടിച്ചു കുലുക്കിയപ്പോൾ, വലിയ താരനിരകൾ ഒന്നും അണിനിരക്കാതെ തന്നെ വൻ വിജയം കൈവരിച്ച ചിത്രങ്ങൾ വേറെയും.
മലയാളം സിനിമയെടുക്കുമ്പോഴും ഒരുപാട് നേട്ടങ്ങൾക്ക് വഴിയൊരുക്കിയ വർഷമാണ് 2024. ഇന്ത്യൻ സിനിമയിൽ മലയാള സിനിമയുടെ അലയടിച്ചതും ഈ വർഷം തന്നെയാണ്. വലിയ താരനിരകൾ ഒന്നും തന്നെ ഇല്ലാതെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തി വലിയ വിജയം കൈവരിച്ച ചിത്രമാണ് ‘പ്രേമലു’. ബോക്സ് ഓഫീസിൽ ആയിരം കോടി കളക്ഷൻ നേടിയ പാൻ ഇന്ത്യൻ ചിത്രങ്ങളെ എല്ലാം മറികടന്ന് 2024ല്‍ രാജ്യത്ത് ഏറ്റവും അധികം ലാഭം കൊയ്ത ചിത്രം എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് ‘പ്രേമലു’.
പുഷ്പ 2: ദ റൂള്‍ , കല്‍ക്കി 2898 എഡി, സ്ത്രീ 2 എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ആയിരം കോടി ക്ലബില്‍ ഇടം നേടിയതെങ്കിലും, ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമെന്ന കിരീടം ലഭിച്ചത് പ്രേമലു എന്ന കൊച്ചുചിത്രത്തിനാണ് എന്നതാണ് ശ്രദ്ധേയം. സൂപ്പർ താരങ്ങളൊന്നും ഇല്ലാതെ മൂന്നു കോടി രൂപ ബജറ്റിൽ നിര്‍മിച്ച ‘പ്രമേലു’ 45 മടങ്ങിലേറെ കളക്ഷനാണ് നേടിയത്. 136 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസിൽ ചിത്രം സ്വന്തമാക്കിയത്. ഒരു ഇന്ത്യൻ ചിത്രത്തിനും ഈ വർഷം 45 മടങ്ങ് ലാഭം സ്വന്തമാക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല ഇന്ത്യൻ സിനിമ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വരുമാനം കൂടിയാണ് ഇത്.
അതേസമയം, 2024-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം ‘പുഷ്പ 2’ ആണ്. 350 കോടി രൂപ ബജറ്റിൽ ഒരുക്കിയ ചിത്രം ഇതിനകം നേടിയത് 1800 കോടി കളക്ഷനാണ്. 600 കോടി ബജറ്റിൽ ഇറങ്ങിയ ‘കല്‍ക്കി 2898 എഡി’യുടെ കളക്ഷൻ 1,200 കോടിയാണ്. 90 കോടി ബജറ്റിൽ നിർമിച്ച, ബോളിവുഡിൽ വലിയ തരംഗം സൃഷ്‌ടിച്ച ‘സ്ത്രീ 2’ 875 കോടി കളക്ഷനാണ് സ്വന്തമാക്കിയത്.
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നസ്ലിന്‍, മമിത ബൈജു എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രേമലു’. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ റൊമാന്റിക് കോമഡി ചിത്രം വലിയ തരംഗമാണ് സൃഷ്ടിച്ചത്. ശ്യാം മോഹന്‍, മീനാക്ഷി രവീന്ദ്രന്‍, അഖില ഭാര്‍ഗവന്‍, അല്‍ത്താഫ് സലിം, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. ഭാവനസ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ്ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.