Urvashi: ‘തുടക്കകാലത്ത് സിനിമയിൽ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാതിരുന്നതിന് കാരണമുണ്ട്’; ഉർവശി
Urvashi Reveals Why She Didn’t Dub for Her Early Films: കരിയറിന്റെ തുടക്കകാലത്ത് ഉർവശി തന്റെ കഥാപാത്രങ്ങൾക്ക് സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാറില്ലായിരുന്നു. ഇപ്പോഴിതാ അതിനു പിന്നിലുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് ഉർവശി. ബാലതാരമായി സിനിമയിലെത്തിയ നടി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. എന്നാൽ, കരിയറിന്റെ തുടക്കകാലത്ത് ഉർവശി തന്റെ കഥാപാത്രങ്ങൾക്ക് സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാറില്ലായിരുന്നു. ഇപ്പോഴിതാ അതിനു പിന്നിലുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
തുടക്കകാലത്ത് സിനിമയിൽ ഡബ്ബ് ചെയ്യാതിരുന്നതിനുള്ള കാരണം ചെന്നൈ വരെ പോകാൻ തനിക്ക് സാധിക്കാത്തത് കൊണ്ടായിരുന്നുവെന്ന് ഉർവശി പറയുന്നു. പണ്ടൊക്കെ സിനിമയുടെ ഷൂട്ടിങ് കേരളത്തിലും, പോസ്റ്റ് പ്രൊഡക്ഷൻ മൊത്തം ചെന്നൈയിലുമായിരുന്നുവെന്നും നടി പറഞ്ഞു. കൂടാതെ തന്റെ തന്റെ ശബ്ദത്തിന് മെച്യൂരിറ്റി കുറവായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു. ന്യൂസ് 18 കേരളക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉർവശി.
“ആദ്യമൊക്കെ സിനിമയുടെ ബേസ് മൊത്തം മദ്രാസിലായിരുന്നു. എന്നാൽ ഔട്‌ഡോർ ഷൂട്ടിങ്ങെല്ലാം കേരളത്തിലായിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ മൊത്തം ചെന്നൈയിലും ഷൂട്ടിങ്ങെല്ലാം കേരളത്തിലുമായി. അന്ന് 15ഉം 16ഉം ദിവസമായിരുന്നു ഒരു സിനിമയുടെ ഷൂട്ടിങ് ഉണ്ടാകുക. അത്യാവശ്യം പ്രാധാന്യമുള്ള റോളാണ് എനിക്കുള്ളതെങ്കിൽ അതിൽ അഞ്ചോ ആറോ ദിവസത്തെ വർക്കാകും എനിക്ക് ഉണ്ടാകുക.
ഒരു സിനിമയുടെ വർക്ക് കഴിഞ്ഞാൽ ഉടനെ എനിക്ക് അടുത്ത സിനിമയുടെ സെറ്റിലേക്ക് പോകേണ്ടി വരും. ആ സമയത്തൊക്കെ ഒരു ദിവസം തന്നെ അഞ്ച് സിനിമയ്ക്ക് വരെ വേണ്ടി വർക്ക് ചെയ്തിട്ടുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. ഡബ്ബിങ്ങിനായി അന്ന് പുരുഷന്മാർക്ക് പെട്ടെന്ന് ട്രെയ്‌നിലോ ബസിലോ ചാടി കയറി പോകാമായിരുന്നു. ഒരു ദിവസം കൊണ്ട് ഡബ്ബ് ചെയ്ത് തീർത്തതിന് ശേഷം പിറ്റേന്ന് രാവിലെ തന്നെ ഇവിടേക്ക് തിരിച്ചുവരാൻ സാധിക്കുമായിരുന്നു.
ഞാൻ എന്റെ പരിവാരങ്ങളുടെ കൂടെയാണ് എവിടെയും പോകുന്നത്. മേക്കപ്പ്മാനും ഹെയർ ഡ്രസറുമൊക്കെയായി എന്റെ കൂടെ കുറേയാളുകൾ എപ്പോഴും ഉണ്ടാകും. തമിഴിലും തെലുങ്കിലും നിന്നുമൊക്കെയല്ലേ ഞാൻ വന്നത്. അതുകൊണ്ട് തന്നെ ഈ സ്റ്റാഫുകൾ ഇല്ലാതെ എനിക്ക് ഒറ്റക്ക് യാത്ര ചെയ്യാൻ കഴിയില്ല. ഞാൻ അവസാന നിമിഷമാണ് ടിക്കറ്റുകൾ എടുക്കുക. പലപ്പോഴും ടിക്കറ്റ് എടുക്കാതെയായിരിക്കും യാത്ര. യാത്രയുടെ പ്രശ്‌നം എനിക്ക് നല്ലപോലെ ഉണ്ടായിരുന്നു.
അതുമാത്രമല്ല അന്ന് എന്റെ ശബ്ദത്തിന് ഒരു സ്‌കൂൾ കുട്ടിയുടെ മെച്യൂരിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതായിരുന്നു പ്രധാന കാരണം. നായിക ഗൗരവത്തിൽ സംസാരിക്കേണ്ട ഡയലോഗ് വരുന്ന സമയത്ത് സൗണ്ട് റെക്കോർഡിസ്റ്റ് എന്നോട് പറയാറുള്ളത് ‘അയ്യോ ഉർവശി, തീരെ ചെറിയ ശബ്ദമാണല്ലോ’ എന്നായിരുന്നു. അങ്ങനെ പറഞ്ഞ് എന്നെ ഡബ്ബിങ്ങിൽ നിന്ന് മാറ്റുമായിരുന്നു” ഉർവശി പറയുന്നു.