Malaika Arora: മലൈക അറോറയ്‌ക്ക് വാറണ്ട്; നടപടി സെയ്ഫ് അലി ഖാന്‍ വ്യവസായിയെ ആക്രമിച്ച കേസിൽ
Malaika Arora: ഇന്ത്യൻ വംശജനും ദക്ഷിണാഫ്രിക്കൻ ബിസിനസുകാരനുമായ ഇഖ്ബാൽ ശർമ്മയെ സെയ്ഫ് അലി ഖാൻ ആക്രമിച്ചെന്നാണ് കേസ്. 2012 ഫെബ്രുവരി 22-ന് സെയ്ഫ് അലി ഖാനും സുഹൃത്തുക്കളും മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം.

ബോളിവുഡ് താരം മലൈക അറോറയ്ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് മുംബൈ ഹൈക്കോടതി. 2012-ൽ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ഉൾപ്പെട്ട കേസിലാണ് നടപടി. മലൈക കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.
കോടതിയില്‍ തുടര്‍ച്ചയായി ഹാജറാകാത്തതിനെ തുടര്‍ന്ന് മാര്‍ച്ച് 15ന് 5,000 രൂപയുടെ ജാമ്യം ലഭിക്കാവുന്ന വാറണ്ട് മലൈകയ്ക്കെതിരെ പുറപ്പെടുവിടുവിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ മലൈക ഹാജരാവുകയോ വാറണ്ട് കൈപ്പറ്റുകയോ ചെയ്യാത്തതിനാലാണ് വീണ്ടും വാറണ്ട് ഇറക്കാന്‍ ഉത്തരവിട്ടത്. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ സെയ്ഫ് ഉൾപ്പെടെയുള്ള മറ്റ് പ്രതികൾ വക്കീൽ മുഖേന അവധി തേടുകയും കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ വംശജനും ദക്ഷിണാഫ്രിക്കൻ ബിസിനസുകാരനുമായ ഇഖ്ബാൽ ശർമ്മയെ സെയ്ഫ് അലി ഖാൻ ആക്രമിച്ചെന്നാണ് കേസ്. 2012 ഫെബ്രുവരി 22-ന് സെയ്ഫ് അലി ഖാനും സുഹൃത്തുക്കളും മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. ഇഖ്ബാൽ ശർമ്മ, സെയ്ഫിന്റെ സംഘത്തിൽ നിന്നുള്ള ഉച്ചത്തിലുള്ള സംസാരം എതിർത്തതാണ് തർക്കത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് സെയ്ഫ് ശര്‍മ്മയുടെ മൂക്കിൽ ഇടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തന്റെ ഭാര്യ പിതാവിനെ ആക്രമിച്ചുവെന്നും ശർമ്മ പറയുന്നു.
എന്നാൽ സ്ത്രീകൾക്കെതിരെ ശർമ്മ അധിക്ഷേപകരവും പ്രകോപനപരവുമായ രീതിയിൽ സംസാരിച്ചതാണ് തർക്കം വഷളാക്കിയത് എന്നാണ് എതിര്‍ഭാഗം പറയുന്നത്. സംഭവത്തിൽ സെയ്ഫ് അലി ഖാനെയും സുഹൃത്തുക്കളായ ഷക്കീൽ ലഡക്ക്, ബിലാൽ അമ്രോഹി എന്നിവരെയും അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. സംഭവസമയത്ത്, സെയ്ഫിനൊപ്പം കരീന കപൂർ ഖാൻ, കരിഷ്മ കപൂർ, മലൈക അറോറ, അമൃത അറോറ, മറ്റ് സുഹൃത്തുക്കൾ എന്നിവരും ഉണ്ടായിരുന്നു. കേസിലെ പ്രധാന സാക്ഷിയാണ് മലൈക.