Mala Parvathy: ‘സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ പ്രചരിപ്പിക്കുന്നു’; പരാതിയുമായി നടി മാല പാർവതി
Mala parvathy filed case against youtube channels: ഇത്തരത്തിൽ മോശമായ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുട്യൂബ് ചാനലുകളുടെ വിവരങ്ങളും നടി പൊലീസിന് കൈമാറിയിട്ടുണ്ടെന്നനാണ് വിവരം. സംഭവത്തിൽ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ]ഹണി റോസിന് പിന്നാലെ സൈബര്‍ ആക്രമണത്തിനെതിരെ പരാതിയുമായി നടി മാല പാർവതി. യൂട്യൂബ് വഴി മോശം ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാല പാർവതി പോലീസിൽ പരാതി നൽകിയത്. രണ്ടാഴ്‌ച മുമ്പാണ് നടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മുൻപാകെ പരാതി നൽകിയതെന്നാണ് വിവരം. താൻ അഭിനയിച്ച സിനിമയിലെ ചില രംഗങ്ങൾ എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ ചില യുട്യൂബര്‍മാര്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഇത്തരത്തിൽ മോശമായ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുട്യൂബ് ചാനലുകളുടെ വിവരങ്ങളും നടി പൊലീസിന് കൈമാറിയിട്ടുണ്ടെന്നനാണ് വിവരം. സംഭവത്തിൽ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, അശ്ലീല ആംഗ്യങ്ങളിലൂടേയും ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടേയും നിരന്തരമായി അധിക്ഷേപിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഹണി റോസ് നല്‍കിയ പരാതിയിൽ പോലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസമാണ് നടി അദ്ദേഹത്തിനെതിരെ പോലീസിൽ പരാതി നൽകിയത്. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണം ഭാരതീയ ന്യായസംഹിത 75(4) വകുപ്പ്, ഇലക്ട്രോണിക് മാധ്യമം വഴിയുള്ള അശ്ലീല പരാമർശം ഐടി ആക്ട് 67 എന്നീ വകുപ്പുകൾ ചുമത്തിയാണ് ബോബി ചെമ്മണ്ണൂരിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
ഒരാൾ തനിക്കെതിരെ കുറച്ചു കാലമായി ലൈംഗികാതിക്ഷേപം നടത്തുവെന്ന് ഹണി റോസ് തന്നെയാണ് തന്റെ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ഇത്തരം കമന്റുകളെ വെറും പുച്ഛത്തോടെ തള്ളിക്കളയൽ ആണ് പതിവെങ്കിലും അതിനർത്ഥം പ്രതികരണശേഷി ഇല്ലെന്നല്ല എന്നും നടി പറഞ്ഞിരുന്നു. അപമാനവും അധിക്ഷേപവും തുടർന്നാൽ ആ വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുമെന്നും നടി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം സ്വഭാവക്കാർക്കെതിരെ താൻ യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് ഹണി റോസ് ഫേസ്ബുക്കിൽ കുറിച്ചത്. ബോബി ചെമ്മണ്ണൂരിന്റെ പേര് പരാമർശിക്കാതെ ആയിരുന്നു നടി സാമൂഹിക മാധ്യമങ്ങളിൽ ഹണി പോസ്റ്റ് പങ്ക് വെച്ചിരുന്നത്.
പിന്നാലെ, എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അശ്ലീല കമൻ്റിട്ട 27 പേർക്കെതിരെ പോലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ അഭിനേതാക്കളുടെ സംഘടനയായ അമ്മ നടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തൊട്ടു പിന്നാലെ, വിമന്‍ ഇന്‍ സിനിമ കളക്ടീവും (ഡബ്ല്യുസിസി) നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.