Makeup Artist Assault: ‘അതിജീവിതകൾക്ക് മാനസിക പിന്തുണ നൽകുന്നതിന് പകരം ഭാഗ്യലക്ഷ്മി അവരെ ഒറ്റപ്പെടുത്തി’; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി മേക്കപ്പ് ആർട്ടിസ്റ്റ്
Makeup Artist Open Letter to CM Pinarayi Vijayan: ഭാഗ്യലക്ഷ്മിയുടെ ഈഗോയും ഇരട്ടത്താപ്പുമാണ് ഫെഫ്കയെ ഇല്ലാതാക്കി കളഞ്ഞത്. ഒരിക്കൽ ഫെഫ്കയിലെ വനിതാ സംഘടനാ പ്രവർത്തകരെ ചേർത്ത് വിളിച്ച യോഗത്തിൽ, പരാതി കൊടുത്ത സ്ത്രീകളെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഭാഗ്യലക്ഷ്മി അപമാനിച്ചതായും അവർ വെളിപ്പെടുത്തി.
![Makeup Artist Assault: ‘അതിജീവിതകൾക്ക് മാനസിക പിന്തുണ നൽകുന്നതിന് പകരം ഭാഗ്യലക്ഷ്മി അവരെ ഒറ്റപ്പെടുത്തി’; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി മേക്കപ്പ് ആർട്ടിസ്റ്റ് Makeup Artist Assault: ‘അതിജീവിതകൾക്ക് മാനസിക പിന്തുണ നൽകുന്നതിന് പകരം ഭാഗ്യലക്ഷ്മി അവരെ ഒറ്റപ്പെടുത്തി’; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി മേക്കപ്പ് ആർട്ടിസ്റ്റ്](https://images.malayalamtv9.com/uploads/2025/01/BHAGYALAKSHMI.png?w=1280)
ചലച്ചിത്ര മേഖലയിൽ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തി മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി മേക്കപ്പ് ആർട്ടിസ്റ്റ്. സജി കൊരട്ടി എന്ന മേക്കപ്പ് മാനിൽ നിന്നും 2014-ൽ ലൈംഗികാതിക്രമം നേരിട്ടെന്നും, സംഭവം ഫെഫ്കയിൽ അറിയിച്ചിട്ടും നടപടി ഒന്നും തന്നെ ഉണ്ടായില്ലെന്നും അവർ പറയുന്നു. 65 ദിവസത്തെ ജോലി ഉണ്ടെന്ന് പറഞ്ഞ് ഊട്ടിയിൽ കൊണ്ടുപോയി അഡ്ജസ്റ്റ്മെന്റിന് നിർബന്ധിച്ചതായും, തയ്യാറാകാതെ വന്നപ്പോൾ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നും അവർ വെളിപ്പെടുത്തി. ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളെ കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്.
ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിനെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചപ്പോൾ എല്ലാവരും പരാതി നൽകണമെന്ന് പറഞ്ഞതായി മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു. ഫെഫ്കയിലെ വനിതാ സംഘടനയുടെ ജനനവും മരണവും ഒരു ദിവസം കൊണ്ടാണ് നടന്നതെന്നും, അതിനുള്ള കാരണം ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടെ അധികാരമോഹമാണെന്നും അവർ പറയുന്നു. ഭാഗ്യലക്ഷ്മിയുടെ ഈഗോയും ഇരട്ടത്താപ്പുമാണ് ഫെഫ്കയെ ഇല്ലാതാക്കി കളഞ്ഞത്. ഒരിക്കൽ ഫെഫ്കയിലെ വനിതാ സംഘടനാ പ്രവർത്തകരെ ചേർത്ത് വിളിച്ച യോഗത്തിൽ, പരാതി കൊടുത്ത സ്ത്രീകളെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഭാഗ്യലക്ഷ്മി അപമാനിച്ചതായും അവർ വെളിപ്പെടുത്തി.
ഇതിന് പിന്നാലെ ഭാഗ്യലക്ഷ്മിയെ പിന്തുണയ്ക്കുന്ന കുറച്ച് സ്ത്രീകളെ ക്ലാസ് കൊടുത്ത് പത്രസമ്മേളനം നടത്തിയെന്നും, ഇതിലൂടെ വീണ്ടും പരാതിക്കാരെ അപമാനിക്കുകയും അവരുടെ പേര് വിവരങ്ങൾ പുറത്തുവിടുകയും, ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്‌തെന്നും അവർ പറയുന്നു. അതിജീവിതകൾക്ക് മാനസികമായി പിന്തുണ നൽകാതെ അവരെ കൂടുതൽ മാനസിക സമ്മർദത്തിലാക്കി ഒറ്റപ്പെടുത്തുകയാണ് ഭാഗ്യലക്ഷ്മി ചെയ്‌തെന്നും അവർ പറഞ്ഞു.
പുതിയ വനിതാ സംഘടന രൂപീകരിച്ചത് പെർമനന്റ് മെമ്പർ ആയിട്ടുള്ള പല സ്ത്രീകളുടെയും അറിവോടെയല്ലെന്നും, അവരുടെ തോന്നിവാസത്തിന് കൂട്ടുനിൽക്കുന്ന സ്ത്രീകളെ മാത്രം അറിയിച്ചുകൊണ്ടാണ് രൂപീകരിച്ചതിനും അവർ ആരോപിച്ചു. പ്രതികളായ വ്യക്തികളെ സംരക്ഷിച്ചും പരാതിക്കാരികളായ സ്ത്രീകളെ പുറത്താക്കിയും സംഘടനാ വിരുദ്ധ കാര്യങ്ങളാണ് ഇവിടെ നടക്കുന്നതും അവർ വെളിപ്പെടുത്തി.
സർക്കാർ സ്ത്രീ സുരക്ഷയ്ക്കായി പുതിയ നടപടികൾ സ്വീകരിക്കുമ്പോൾ, ഇവിടുത്തെ സംഘടനാ മേധാവികൾ സ്ത്രീകളെ അപമാനിക്കുകയാണെന്നും അവർ പറഞ്ഞു. ‘പേടി കൂടാതെ ജോലി ചെയ്യാൻ നമുക്ക് ഇനി എന്നാണ് കഴിയുക?’ ദാരിദ്ര്യം നേരിടുകയാണെന്നും, ആത്മഹത്യയുടെ വക്കിലാണെന്നും പറഞ്ഞു കൊണ്ടാണ് കത്ത് അവസാനിക്കുന്നത്.