Madhu C Narayanan : കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ്റെ അടുത്ത സിനിമയൊരുങ്ങുന്നു; നായകൻ നസ്ലൻ
Madhu C Narayanan - Naslen: കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ നസ്ലൻ നായകനാവും. സിനിമയിലെ നായികയ്ക്കായുള്ള കാസ്റ്റിങ് കോൾ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

മധു സി നാരായണൻ, നസ്ലൻ
ഒടുവിൽ ആ കാത്തിരിപ്പിന് അവസാനമാവുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയൊരുക്കി മലയാള സിനിമയ്ക്ക് ഇന്ത്യയിൽ മുഴുവൻ ആരാധകരെയുണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മധു സി നാരായണൻ തൻ്റെ അടുത്ത സിനിമയുമായെത്തുന്നു. സിനിമയുടെ കാസ്റ്റിങ് കോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഇക്കാര്യം ഉറപ്പിക്കപ്പെട്ടത്. 2019ലാണ് മധു സി നാരായണൻ കുമ്പളങ്ങി നൈറ്റ്സ് സംവിധാനം ചെയ്യുന്നത്.
മധു സി നാരായണൻ്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ മിറാഷ് ഖാനാണ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കാസ്റ്റിങ് കോൾ പോസ്റ്റർ പങ്കുവച്ചത്. നായികയ്ക്കായാണ് കാസ്റ്റിങ് കോൾ. ‘കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് നസ്ലിൻ്റെ നായികയായി 20നും 25നും ഇടയിൽ പ്രായം വരുന്ന നടിയെ തേടുന്നു’ എന്നതാണ് കാസ്റ്റിങ് കോൾ പോസ്റ്ററിലെ പ്രധാന അറിയിപ്പ്. ഇതോടെയാണ് മധു സി നാരായണൻ്റെ രണ്ടാം സിനിമ ഒരുങ്ങുകയാണെന്ന് ഉറപ്പായത്.
ശ്യാം പുഷ്കരൻ്റെ തിരക്കഥയിൽ മധു സി നാരായണൻ ഒരുക്കിയ സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്. ഫഹദ് ഫാസിൽ, നസ്രിയ നസീം, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. ഷെയിൻ നിഗം, അന്ന ബെൻ, ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, മാത്യു തോമസ്, ഗ്രേസ് ആൻ്റണി തുടങ്ങിയവരാണ് സിനിമയിൽ അഭിനയിച്ചത്. അന്ന ബെൻ, മാത്യു തോമസ് എന്നിവരുടെ അരങ്ങേറ്റ സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, അഭിനയം തുടങ്ങി വിവിധ മേഖലകളിൽ സിനിമ ഒരു ബെഞ്ച്മാർക്ക് സെറ്റ് ചെയ്തിരുന്നു. നിരൂപകർക്കിടയിൽ ഏറെ ചർച്ചയായ സിനിമ ബോക്സോഫീസിലും നേട്ടമുണ്ടാക്കി.
മികച്ച നടൻ (ഫഹദ് ഫാസിൽ), സംവിധായകൻ (മധു സി നാരായണൻ), കലാസംവിധായകൻ (ജ്യോതിഷ് ശങ്കർ) എന്നിവർക്കും മികച്ച സിനിമയായി കുമ്പളങ്ങി നൈറ്റ്സിനും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചു. കുമ്പളങ്ങി നൈറ്റ്സാണ് മലയാള സിനിമയ്ക്ക് ദേശീയതലത്തിൽ വിലാസമുണ്ടാക്കിയത്. മറ്റ് പല സംസ്ഥാനങ്ങളിലെയും സിനിമാസ്വാദകർ കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് മലയാള സിനിമ അറിഞ്ഞുതുടങ്ങിയത്. ഇപ്പോഴും പല സിനിമാചർച്ചകളിലും അഭിമുഖങ്ങളിലും കുമ്പളങ്ങി നൈറ്റ്സ് കടന്നുവരാറുണ്ട്. സിനിമ ശ്രദ്ധിക്കപ്പെട്ടതിന് ശേഷം മധു സി നാരായണൻ്റെ അടുത്ത സിനിമയ്ക്കായി സിനിമാലോകം മുഴുവൻ കാത്തിരിക്കുകയായിരുന്നു.
ദക്ഷിണേന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട പ്രേമലുവിന് ശേഷം നസ്ലൻ അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാവും ഇത്. ഖാലിദ് റഹ്മാൻ്റെ സംവിധാനത്തിലൊരുങ്ങുന്ന ആലപ്പുഴ ജിംഖാന എന്ന സിനിമയിലാണ് നസ്ലൻ നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ നസ്ലൻ്റെ ഐ ആം കാതലൻ എന്ന സിനിമ പുറത്തിറങ്ങിയിരുന്നെങ്കിലും സിനിമയുടെ ചിത്രീകരണം നേരത്തെ തന്നെ പൂർത്തിയായിരുന്നു. ആലപ്പുഴ ജിംഖാനയ്ക്ക് ശേഷം താരം മധു സി നാരായണൻ്റെ സിനിമയിൽ അഭിനയിക്കുമെന്നാണ് സൂചന. സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ലെങ്കിലും മധു സി നാരായണൻ്റെ അടുത്ത സിനിമയെന്ന നിലയിൽ ഇപ്പോഴേ ഇത് ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.