Maala Parvathi : അത് ശരിക്കും വർക്കൗട്ടല്ല; സിനിമയിലെ രംഗമാണ്; വൈറൽ വിഡിയോയിൽ പ്രതികരിച്ച് മാല പാർവതി
Maala Parvathi Clarifies The Viral Video : തൻ്റെ വർക്കൗട്ടെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോ മുറ എന്ന സിനിമയിലെ രംഗമാണെന്ന് മാല പാർവതിയുടെ ഫേസ്ബുക്ക് കുറിപ്പ്. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നുണ്ടെന്നും മാല പാർവതി പറഞ്ഞു.
തൻ്റെ വർക്കൗട്ടെന്ന തരത്തിൽ പ്രചരിക്കുന്ന വിഡിയോയിൽ വിശദീകരണവുമായി നടി മാല പാർവതി. പ്രചരിക്കുന്നത് തൻ്റെ ഒറിജിനൽ വർക്കൗട്ട് വിഡിയോ അല്ലെന്നും സിനിമയിലെ രംഗമാണെന്നും അവർ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത മുറ എന്ന സിനിമയിലെ രംഗമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന രംഗം പലരും തൻ്റെ വർക്കൗട്ട് വിഡിയോ ആയി തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ടെന്നും അത് സിനിമയിലെ രംഗമാണെന്നുമാണ് മാല പാർവതി കുറിച്ചത്. ആമസോൺ പ്രൈം വിഡിയോയിൽ സിനിമ കാണാമെന്നും അവർ പറയുന്നു. ‘മുറ’ എന്ന സിനിമയില്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ഒരു രംഗമുണ്ട്. അത് എന്റെ വര്‍ക്ക്ഔട്ട് വിഡിയോ ആയി തെറ്റിദ്ധരിച്ച് പലരും മെസേജ് അയയ്ക്കുന്നുണ്ട്. മുറ എന്ന ചിത്രത്തിലെ ഒരു രംഗമാണത്. സിനിമ കാണൂ. ആമസോണ്‍ പ്രൈം വിഡിയോയില്‍ കാണാം’- മാല പാർവതി ഫേസ്ബുക്ക് പേജിൽ കുറിച്ചു.
മുഹമ്മദ് മുസ്തഫ കപ്പേളയ്ക്ക് ശേഷം ഒരുക്കിയ ആക്ഷൻ ത്രില്ലർ സിനിമയാണ് മുറ. സുരാജ് വെഞ്ഞാറമൂട്, മാല പാർവതി തുടങ്ങിയവർക്കൊപ്പം ചില പുതുമുഖ താരങ്ങൾ കൂടി പ്രധാന വേഷത്തിലെത്തിയ മുറ കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസായിരുന്നു. സിനിമയിൽ സുരാജും മാല പാർവതിയും നെഗറ്റീവ് വേഷങ്ങളിലാണ് അഭിനയിക്കുന്നത്. തീയറ്ററിൽ കാര്യമായ നേട്ടമുണ്ടാക്കാതിരുന്ന സിനിമ പക്ഷേ, ഒടിടി റിലീസോടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമയിലെ അഭിനേതാക്കളുടെ തകർപ്പൻ പ്രകടനങ്ങൾ ഉൾപ്പെടെ മുറ സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്.
Also Read : Mura OTT : കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ ഒരുക്കിയ ചിത്രം; മുറ ഒടിടിയിലേക്ക്
ഹൃദു ഹാറൂൺ, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണ, പിഎൽ തെനപ്പൻ, വിഘ്നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ്, അൽഫ്രെഡ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എച്ച് ആർ പിക്ചേഴ്സിൻ്റെ ബാനറിൽ റിയ ഷിബുവാണ് ചിത്രത്തിൻ്റെ നിർമ്മാണം. സുരേഷ് ബാബുവാണ് മുറയുടെ തിരക്കഥ രചന നിർവഹച്ചിരിക്കുന്നത്. ഫസിൽ നാസർ ആണ് ഛായാഗ്രാഹകൻ. ചമ്മൻ ചാക്കോ എഡിറ്റർ, ക്രിസ്റ്റി ജോബിയാണ് സിനിമയുടെ സംഗീത സംവിധായകൻ. ഈ വർഷം നവംബർ എട്ടിനാണ് സിനിമ തീയറ്ററുകളിൽ റിലീസായത്.
തകർപ്പൻ ആക്ഷൻ രംഗങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട മുറ തിരുവനന്തപുരം, ബെംഗളൂരു, തെങ്കാശി, മധുര എന്നിവിടങ്ങളിലായി 57 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരിച്ചത്. തിരുവനന്തപുരത്തിൻ്റെ നാട്ടുശൈലി ഉപയോഗിച്ചിരിക്കുന്ന ചിത്രം തിരുവനന്തപുരത്ത് തുടങ്ങി പിന്നീട് മധുര, ബെംഗളൂരു തുടങ്ങിയ ഇടങ്ങളിലേക്കെത്തുകയാണ്. ‘വാളെടുത്തവൻ വാളാൽ’ എന്ന പ്രയോഗത്തിൻ്റെ ചലച്ചിത്രാവിഷ്കാരമാണ് മുറ. ചില ഗൂണ്ടകളെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന കഥയിലേക്ക് നാല് ചെറുപ്പക്കാർ എത്തുന്നതും സിനിമയുടെ കഥാഗതി മാറിമറിയുന്നതുമാണ് മുറയിലൂടെ പറയുന്നത്. വളരെ ഒറിജിനലും വയലൻ്റുമായ ആക്ഷൻ രംഗങ്ങളാണ് മേക്കിംഗിൽ സിനിമയുടെ പ്രത്യേകത. സുരാജ് അവതരിപ്പിച്ച അനി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.