BK Hari Narayanan: ‘അമല ആശുപത്രിയിലേക്കുള്ള യാത്രയിൽ ചിന്തിച്ചത് ഒരൊറ്റ കാര്യമാണ്’; പി ജയചന്ദ്രനെ കുറിച്ച് ഹരി നാരായണൻ

BK Hari Narayanan Note on P Jayachandran Demise: ഗാനരചയിതാവ് ബികെ ഹരി നാരായണൻ പി ജയചന്ദ്രനെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പി ജയചന്ദ്രന്റെ മരണവിവരം അറിഞ്ഞ് അമല ആശുപത്രിയിലേക്കുള്ള യാത്രയിൽ തന്റെ ചിന്തകൾ എന്തായിരുന്നുവെന്ന് പങ്കുവയ്ക്കുകയാണ് അദ്ദേഹം.

BK Hari Narayanan: അമല ആശുപത്രിയിലേക്കുള്ള യാത്രയിൽ ചിന്തിച്ചത് ഒരൊറ്റ കാര്യമാണ്; പി ജയചന്ദ്രനെ കുറിച്ച് ഹരി നാരായണൻ

ബികെ ഹരിനാരായണൻ, പി ജയചന്ദ്രൻ

Updated On: 

11 Jan 2025 15:44 PM

പി ജയചന്ദ്രന്റെ വിയോഗ വാർത്തയിൽ നിന്ന് മലയാളക്കര ഇനിയും കരകയറിയിട്ടില്ല. ഭാവഗായകന്റെ ശബ്ദം നിലച്ചത് മലയാളികൾക്ക് എന്നും ഒരു തീരാനഷ്ടമായിരിക്കും. ഇതിനിടെ, ഗാനരചയിതാവ് ബികെ ഹരി നാരായണൻ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. പി ജയചന്ദ്രന്റെ മരണവിവരം അറിഞ്ഞ് അമല ആശുപത്രിയിലേക്കുള്ള യാത്രയിൽ താൻ ചിന്തിച്ചത് ജയേട്ടൻ തനിക്കാരായിരുന്നു എന്ന കാര്യം മാത്രമാണെന്ന് ഹരി പറയുന്നു. യുവ എഴുത്തുകാരി ദീപ നിഷാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്റായാണ് ഹരി നാരായൺ ഈ കുറിപ്പ് പങ്കുവെച്ചത്.

പി ജയൻചന്ദ്രനെ കുറിച്ച് പറയുമ്പോൾ ഹരി നാരായണന് വാക്കുകൾ മതിയാകുന്നില്ല. തനിക്കാരായിരുന്നു ജയേട്ടൻ എന്ന ചോദ്യത്തിന് അദ്ദേഹത്തിന് ഉത്തരം ഏറെയാണ്. മുഹമ്മദ് റാഫി എന്ന് പറയുമ്പോൾ കരഞ്ഞിരുന്ന ആളായും, സുശിലാമ്മ എന്ന് പറയുമ്പോൾ രോമാഞ്ചം കൊണ്ടിരുന്ന ആളായും, എം എസ് വിയിൽ ആവേശം കൊണ്ടിരുന്ന ആളായും ഭാസ്കരനേയും ജാനകിയേയും ലതാജിയേയും ഇഷ്ടപ്പെട്ടിരുന്ന ആളായുമൊക്കെ ഹരി അദ്ദേഹത്തെ കുറിച്ച് ഓർക്കുന്നു. ജയചന്ദ്രന് ഒരിക്കലും മരണമില്ലെന്നും, സംഗീതത്തിലൂടെ അദ്ദേഹം ഇനിയും ജീവിക്കുമെന്നും പറഞ്ഞു കൊണ്ടാണ് ഹരി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഹരി നാരായണന്റെ വാക്കുകൾ ഇങ്ങനെ:

 “ഇന്നലെ രാവിലെ ആണ് ബാലുച്ചേട്ടൻ വിളിച്ച് ജയേട്ടനെ കാണാൻ പോകാം എന്ന് പറയുന്നത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് ഗുൽമോഹർ ഫ്ലാറ്റിൽ ജയേട്ടൻ കിടക്കുന്ന റൂമിൽ എത്തുന്നത്. കടക്കുമ്പോൾ ഞങ്ങളെ തിരിച്ചറിഞ്ഞ തിളക്കം ആ കണ്ണിലുണ്ട്. വർക്കിനെപ്പറ്റിയാണ് ചോദിച്ചത്. ” ജയേട്ടൻ ഒന്ന് സെറ്റ് ആവട്ടെ . നമുക്ക് എടുത്തു വച്ച പാട്ടുകളൊക്കെ പാടണം. “അതെ പാടണം” ആ വാക്കുകളിൽ അപ്പോഴും ഒരു നിശ്ചയദാർഢ്യമുണ്ടായിരുന്നു. ജയേട്ടൻ പതുക്കെ ഉച്ചമയക്കത്തിലേക്ക് കടക്കുകയാണെന്ന് തോന്നി. ഞങ്ങൾ യാത്രപറഞ്ഞിറങ്ങി. അത് ഒടുവിലെ കാഴ്ചയാവുമെന്ന് കരുതിയില്ല. മരണവിവരം അറിഞ്ഞ് അമല ആശുപത്രിയിലേക്കുള്ള യാത്രയിൽ ചിന്തിച്ചത് ഒരൊറ്റ കാര്യമാണ് എനിക്കാരായിരുന്നു ജയേട്ടൻ?

ഒരച്ഛൻ്റെ വാത്സല്യം തന്നൊരാൾ. “താനെനിക്ക് മകനെ പ്പോലെ”എന്ന് പറഞ്ഞ ഒരേ ഒരാൾ. സുഹൃത്തിനെപ്പോലെ എന്തും പറയാൻ സ്വാതന്ത്ര്യമുള്ളയാൾ. പഴയകാല മദിരാശി സിനിമയുടെ ചരിത്രങ്ങൾ, ഞാൻ കേട്ടിട്ടില്ലാത്ത ഭാസ്കരൻ മാഷിന്റെ പാട്ടുകൾ എല്ലാം പറഞ്ഞു തന്നയാൾ. കാറിലിരുത്തി എം എസ് വിയുടേയും, കണ്ണദാസൻ്റെയും കെ.വി മഹാദേവൻ്റെയും പാട്ട് കേൾപ്പിച്ച്, ആ പാട്ടുണ്ടായ കഥകൾ പറഞ്ഞ് തന്ന ഗുരുനാഥൻ.

കൃഷ്ണൻ കുട്ടിപ്പൊതുവാളെ കുറിച്ച് , തൃത്താല കേശവനെ കുറിച്ച്, ജി എൻ ബിയെ കുറിച്ച്, മണി അയ്യരെ കുറിച്ച്, അമ്മന്നൂർ മാധവ ചാക്യാരെ കുറിച്ച്, കോട്ടക്കൽ കുട്ടൻ മാരാരെ കുറിച്ച്, പുകഴേന്തിയെ കുറിച്ച്, ബാബുക്കയെ കുറിച്ച് സത്യനെ കുറിച്ച്, പ്രേംനസീറിനെ കുറിച്ച്, ശിവാജി ഗണേശനെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന ആൾ. മുഹമ്മദ് റാഫി എന്ന് പറയുമ്പോൾ കരഞ്ഞിരുന്ന ആൾ, സുശിലാമ്മ എന്ന് പറയുമ്പോൾ രോമാഞ്ചം കൊണ്ടിരുന്ന ആൾ, എം എസ് വിയിൽ ആവേശം കൊണ്ടിരുന്ന ആൾ. ഭാസ്കരനേയും ജാനകിയേയും ലതാജിയേയും ഇഷ്ടപ്പെട്ടിരുന്ന ആൾ. ഗുരുവായ ദേവരാജൻ മാഷുടെ ചിത്രം വച്ച പേഴ്സ് കാണിച്ച് അഭിമാനം കൊണ്ടിരുന്നയാൾ. കുന്നംകുളത്തെ 50 ശതമാനം Branded ഷോപ്പിൽ നിന്ന് അവിടെ ഉള്ളത് മുഴുവൻ വാങ്ങി തൻ്റെ കാറിലേക്കിട്ട് ചിരിച്ച് കണ്ണിറുക്കിയ ആൾ. പേരാമംഗലത്തെ ട്രിനിറ്റിയിൽ നിന്ന് ‘താനീ ഓഫ് കളർ ഒക്കെ മാറ്റൂ എന്നുപറഞ്ഞ് കളർഫുൾ ടീ ഷർട്ടുകൾ വാങ്ങിത്ത ആൾ. ഒറ്റപ്പാലം ഹരിയുടെ തിമിലയും പോരൂരിൻ്റെ തായമ്പകയും, ദോശയും ഇഷ്ടപ്പെട്ടിരുന്ന ആൾ.

എൻ്റെ കയ്യിൽ നിന്ന് ശ്ലോകങ്ങൾ എഴുതി വാങ്ങി ബൈ ഹാർട്ട് പഠിക്കുമ്പോൾ ആവേശമുള്ള വിദ്യാർത്ഥി, ഗുരുവായൂരപ്പന് കൊടുക്കാൻ എനിക്കൊരു പാട്ട് വേണം താൻ തന്നെ എഴുതണമെന്ന് പറഞ്ഞ് ‘നീയെന്ന ഗാനത്തെ’ എഴുതിപ്പിച്ചയാൾ. അത് വായിച്ച് ഫോണിൻ്റെ മറുതലയ്ക്കലിരുന്ന് പൊട്ടിക്കരഞ്ഞയാൾ.മകൾ ലക്ഷ്മിയുടെ ഈണമെന്നെ പലവട്ടം പാടി കേൾപ്പിച്ച്, അതിൽ രാമനാഥൻ മാഷിനുള്ള സമർപ്പണമായി വരി എഴുതിപ്പിച്ചയാൾ. അത് കഴിഞ്ഞ് ഒരു പേന സമ്മാനമായി തന്നയാൾ. താൻ ആദ്യമായി സംഗീതം ചെയ്യുന്ന ആർബത്തിലെ പത്ത് പാട്ടുകൾക്ക് ഞാൻ വരിയെഴുതിയാൽ മതി എന്ന് പറഞ്ഞയാൾ. നാട്ടിലെ പഞ്ചവാദ്യത്തിന് ഒന്ന് വിളിക്കാതെ പോലും വന്നിരുന്നയാൾ . കളർ മുണ്ടും തലക്കെട്ടുമായി പതികാലം മുഴുവൻ താളംപിടിച്ചു കേട്ടു നിന്നയാൾ. വിഷുവിന് കൈ നീട്ടമായി പതിവ് തെറ്റിക്കാതെ ‘ഒരു വിഷുപ്പാട്ടിൻ്റെ’ എന്ന പാട്ട് പാടി തന്നിരുന്നയാൾ. എത്രയോ പാട്ടുകൾ ഫോണിൻ്റെ മറുതലയ്ക്കലിരുന്ന് പാടി തന്നയാൾ.

ദേവരാജൻ മാഷേ, ദക്ഷിണാമൂർത്തി സ്വാമിയെ തുടങ്ങി ചിറ്റൂർ ഗോപിയേട്ടനേയും, ബാലമുരളിയേട്ടനേയും വരെ സുന്ദരമായി അനുകരിച്ചിരുന്നയാൾ. എം.സ്.വിയ്ക്കുള്ള ട്രിബ്യൂട്ട് ആയി വലിയൊരു പ്രോഗാം പാലക്കാട്ട് നടക്കുമ്പോൾ അവതാരകനായി കൂട്ടി കൊണ്ടുപോയ ആൾ. സുശീലാമ്മയ്ക്കടുത്തു കൊണ്ടു പോയി നിർത്തി പരിചയപ്പെടുത്തിയ ആൾ. ഇതൊക്കെയാണെങ്കിലും ആരാണെനിക്ക് ജയേട്ടൻ ?
അറിയില്ല. ജയേട്ടന് ഞാനാരെന്നും അറിയില്ല.

ഇന്ന് സംഗീത നാടക അക്കാദമിയുടേയും, വീടിൻ്റെയും പരിസരത്ത്, ജയേട്ടനെ ഇഷ്ടപ്പെടുന്ന ഒരുപാടു പേരുണ്ടായിരുന്നു. എത്രയോ ദൂരെ നിന്ന് എത്തിയവർ. എവിടെയും അടയാളപ്പെടുത്താത്തവർ. ഒരു ക്യാമറക്കണ്ണിലും പെടാതെ, മാവിൻ്റെ മറവിലോ, കെട്ടിടത്തിൻ്റെ മറവിലോ നിന്ന് ഏങ്ങിയേങ്ങി കരയുന്നവർ. അതിലൊരാൾ ചിരപരിചിതനെ പോലെ വന്ന് കൈ പിടിച്ചു. പിന്നെ തേങ്ങിക്കൊണ്ട് ചുമലിലേക്ക് ചാഞ്ഞു.

ദൂരെ നിന്ന് കണ്ടിട്ടുണ്ട് ജയചന്ദ്രൻ സാറിനെ. ഇതു വരെ പരിചയപ്പെട്ടിട്ടില്ല. എന്തിനാ പരിചയപ്പെടണേ പാട്ടിലൂടെ ദെവസോം അറിയല്ലേ. അങ്ങേര് മരിക്കുകയായൊന്നുമില്ല. എന്നും രാവിലെ ഓരോ പാട്ടായി വന്ന് നമ്മളെ ഇങ്ങനെ തൊടില്ലേ. പിന്നെ എങ്ങനെ മരിക്കാൻ. പിന്നെങ്ങനാ മരിക്കാ. അതെ എല്ലാറ്റിനുമുപരി മരണമില്ലാത്ത ശബ്ദമാണ് ജയേട്ടൻ. ‘അദ്ദേഹം മരിക്കില്ല, എന്നും രാവിലെ ഓരോ പാട്ടായി വന്ന് നമ്മളെ ഇങ്ങനെ തോടും, മരണമില്ലാത്ത ശബ്ദമാണ് ജയേട്ടൻ’; ഹരി നാരായണൻ പറയുന്നു.”

ദീപ നിഷാന്ത് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്:

Related Stories
Sujatha Mohan: അത് കേട്ടതോടെ ഞാന്‍ ഗാനമേളക്കും പാട്ടിനും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയായി: സുജാത മോഹന്‍
L2: Empuraan: എമ്പുരാൻ്റെ വേൾഡ് വൈഡ് റിലീസ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയത് ഇവർ
Mammootty Health Update : ‘റംസാനായത് കൊണ്ട് വിശ്രമത്തിലാണ്’; മമ്മൂട്ടിക്ക് ക്യാൻസറാണെന്നുള്ള അഭ്യൂഹങ്ങളെ തള്ളി താരത്തിൻ്റെ ടീം
AR Rahman: റഹ്മാന് നിർജലീകരണത്തെ തുടർന്നുള്ള ആരോ​ഗ്യപ്രശ്നം; ആശുപത്രി വിട്ടു
Asif Ali: ഓർഡിനറി സിനിമയിൽ 750 അടിയുള്ള ഡാമിലേക്ക് ചാടി; അസുരവിത്ത് ചിത്രീകരണത്തിനിടെ തോളെല്ല് ഊരിപ്പോയി; അനുഭവങ്ങൾ പറഞ്ഞ് ആസിഫ് അലി
AR Rahman-Saira banu: ‘എആർ റഹ്മാന്റെ മുൻ ഭാര്യയെന്ന് വിളിക്കരുത്’; ഞങ്ങൾ വിവാഹമോചിതരായിട്ടില്ലെന്ന് സൈറ ബാനു
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ