5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actors Who Were Arrested in 2024 : ലൈംഗികാതിക്രമം മുതൽ കൊലപാതകം വരെ; 2024-ൽ അറസ്റ്റിലായ താരങ്ങൾ

Celebrities Who Were Arrested in 2024 : ലൈംഗികാതിക്രമം മുതൽ കൊലപാതകം വരെ താരങ്ങളുടെ അറസ്റ്റിനു കാരണമായി. 2024-ൽ അറസ്റ്റിലായ താരങ്ങൾ ആരൊക്കെ എന്ന് നോക്കാം.

Actors Who Were Arrested in 2024 :  ലൈംഗികാതിക്രമം മുതൽ കൊലപാതകം വരെ; 2024-ൽ അറസ്റ്റിലായ താരങ്ങൾ
sarika-kp
Sarika KP | Published: 13 Dec 2024 15:44 PM

സിനിമ മേഖലയിൽ കോളിളക്കം സൃഷ്ടിച്ച ഒരു വർഷം കൂടിയാണ് 2024, പ്രത്യേകിച്ചും മലയാള സിനിമ മേഖലയിൽ. സിനിമയ്ക്കുള്ളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിച്ച് തയ്യാറാക്കി പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമ മേഖലയ്ക്ക് അകത്തും പുറത്തും ഏറെ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. ഒടുവിൽ പല പ്രമുഖരുടെയും അറസ്റ്റിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചു. ലൈംഗികാതിക്രമം മുതൽ കൊലപാതകം വരെ താരങ്ങളുടെ അറസ്റ്റിനു കാരണമായി. 2024-ൽ അറസ്റ്റിലായ താരങ്ങൾ ആരൊക്കെ എന്ന് നോക്കാം.

നടന്‍ അല്ലു അര്‍ജുന്‍

2024 അവസാനിക്കുമ്പോൾ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍ എന്ന വാർത്തയാണ് ഒടുവിൽ വരുന്നത്. ഡിസംബർ 13 ന് ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂബിലി ഹില്‍സിലെ വീട്ടിലെത്തിയാണ് അല്ലുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അല്ലുവിനെ ചിക്കടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

നടി കസ്തൂരി

കഴിഞ്ഞ മാസമായിരുന്നു നടി കസ്തൂരി അറസ്റ്റിലായത്. തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം നടത്തിയതിനെ തുടർന്നാണ് അറസ്റ്റ്. സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവരെ ഹൈദരാബാദില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കച്ചിബൗളിയിൽ നിർമ്മാതാവിന്റെ വീട്ടിൽ ആണ് ഒളിവിൽ കഴിഞ്ഞത്. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് നടിയെ കസ്റ്റഡിയിലെടുത്തത്. കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

നടന്‍ ബാല

‌ഒക്ടോബറിലായിരുന്നു നടന്‍ ബാലയെ പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍ ഭാര്യയുടെ പരാതിയിലാണ് നടപടി. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ കടവന്ത്ര പൊലീസാണ് നടനെ അറസ്റ്റു ചെയ്തത്. മകളെയും തന്നെയും പിന്തുടർന്ന് ശല്യം ചെയ്‌തെന്നും പരാതിയിൽ യുവതി ആരോപിക്കുന്നു. നടനെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസെടുത്തത്.

Also Read: എടാ മോനേ 2024 അവസാനിച്ചു! എങ്കിലും എങ്ങനെ മറക്കും ഈ ഡയലോഗുകൾ

നടന്‍ സിദ്ദിഖ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ നിരവധി താരങ്ങൾക്കെതിരെ പരാതിയുമായി സ്ത്രീകൾ രം​ഗത്ത് എത്തിയിരുന്നു. ഇതിനിടെയിൽ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖ് അറസ്റ്റിലായി. കഴിഞ്ഞ മാസമാണ് ചോ​ദ്യം ചെയ്യലിനായി തിരുവനന്തപുരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരായപ്പോഴാണ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തേ സുപ്രീം കോടതിയില്‍ നിന്ന് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു. ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് നടന്‍ ഹാജരായത്. 2016ല്‍ ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ക്ഷണിച്ചെന്നും പിന്നീട് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ സിദ്ദിഖ് താമസിച്ച മുറിയില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് താരത്തിനെയുണ്ടായ പരാതി. ഇത് പ്രകാരം സെക്ഷന്‍ 376 ബലാത്സംഗം, 506 ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ സിദ്ദിഖിനെതിരെ ചുമത്തി കേസെടുക്കുകയായിരുന്നു.

നടന്‍ ബൈജു സന്തോഷ്

മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന്റെ പേരിൽ നടന്‍ ബൈജു സന്തോഷ് അറസ്‌റ്റിലായതും ഈ വർഷം തന്നെയാണ്. മ്യൂസിയം പൊലീസാണ് താരത്തിനെ കസ്‌റ്റഡിയിലെടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തിയത്. പിന്നീട് നടനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനടുത്താണ് സംഭവം.ബൈജു ഓടിച്ച കാര്‍ ബൈക്കിലും വൈദ്യുത പോസ്‌റ്റിലും ഇടിച്ചു. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ട് പോയി പോസ്‌റ്റില്‍ ഇടിക്കുകയായിരുന്നു.

നടൻ ഗണപതി

കഴിഞ്ഞ മാസം തന്നെയായിരുന്നു നടൻ ഗണപതിയും പോലീസ് പിടിയിലാകുന്നത്. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനം ഓടിച്ചതിന്റെ പേരിലാണ് നടന്‍ ഗണപതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മദ്യലഹരിയില്‍ അലക്ഷ്യമായി വാഹനം ഓടിച്ചതിനെതിരെ കളമശ്ശേരി പൊലീസ് ആണ് നടനെതിരെ കേസെടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഗണപതിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആലുവയില്‍ നിന്നും അമിത വേഗത്തില്‍ അപകടകരമായി കാര്‍ ഓടിച്ച ഗണപതിയുടെ വാഹനം കളമശ്ശേരിയില്‍ നിന്നുള്ള പെട്രോളിംഗ് സംഘം തടയുകയായിരുന്നു.

നടൻ വിനായകൻ

കൊച്ചിയിൽ നിന്ന് ഗോവയ്ക്കുള്ള യാത്രക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിൽ നടൻ വിനായകൻ ഒക്ടോബറിൽ അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിൽ വെച്ച് ഇൻഡിഗോ എയർലൈൻസിന്റെ ഗേറ്റ് ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയിരുന്നെന്നാണ് വിനായകനെതിരെയുള്ള പരാതി. വിനായകൻ മദ്യലഹരിയിലായിരുന്നു. ജീവനക്കാരനോട് അപമര്യാദയായി പെരുമാറുകയും വഴക്കിടുകയും ചെയ്‌തെന്ന് ആർജിഐ പോലീസ് ഇൻസ്‌പെക്ടർ കെ ബാലരാജു പറഞ്ഞിരുന്നു.

നടൻ മുകേഷ്

പീഡനക്കേസിൽ നടനും എംഎല്‍എയുമായ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് ഒക്ടോബറിലായിരുന്നു. തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഹാജരായ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് വിട്ടയക്കുകയായിരുന്നു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് തൃശ്ശൂർ വടക്കാഞ്ചേരി പൊലീസിൻ്റെ നടപടി. 2011ല്‍ ആണ് കേസിനാസ്പദമായ സംഭവം. സിനിമാ ഷൂട്ടിങ്ങിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി.കേസിൽ മുകേഷിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.

നടൻ ദർശൻ തൂഗുദീപ

കഴിഞ്ഞ ജൂണിലായിരുന്നു കന്നഡ ചലച്ചിത്ര താരം ദർശൻ തൂഗുദീപ കൊലപാതക കേസില്‍ അറസ്റ്റിലായത്. രേണുക സ്വാമി (33) എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് താരത്തെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്‌തത്. ദര്‍ശന്‍റെ സുഹൃത്തായ നടിയ്‌ക്ക് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശം അയച്ചുവെന്നതിന്‍റെ പേരിലാണ് കൊലപാതകം എന്നാണ് പുറത്തുവരുന്ന വിവരം.47 കാരനായ താരത്തെ മൈസൂരുവിലുള്ള ഫാം ഹൗസില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. രേണുക സ്വാമിയെ ബെംഗളൂരുവിന് അടുത്തുള്ള സോമനഹള്ളിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Latest News