Lal Jose: കലാഭവൻ മണി ക്യാപ്റ്റൻ രാജുവിനോട് ദേഷ്യപ്പെട്ടു; ക്യാപ്റ്റൻ രാജു മാറിനിന്ന് കരഞ്ഞു; വെളിപ്പെടുത്തി ലാൽ ജോസ്
Kalabhavan Mani Got Angry With Captain Raju: പട്ടാളം സിനിമയുടെ ചിത്രീകരണത്തിനിടെ ക്യാപ്റ്റൻ രാജുവിനോട് കലാഭവൻ മണി ദേഷ്യപ്പെട്ട് സംസാരിച്ചു എന്ന് ലാൽ ജോസ്. ഒരു സീൻ കുറേ ടേക്ക് പോയപ്പോൾ മണി അസ്വസ്ഥനായെന്നും അപ്പോഴായിരുന്നു സംഭവമെന്നും അദ്ദേഹം വിശദീകരിച്ചു.

പട്ടാളം സിനിമയുടെ ചിത്രീകരണത്തിനിടെ കലാഭവൻ മണി ക്യാപ്റ്റൻ രാജുവിനോട് ദേഷ്യപ്പെട്ടു എന്ന് സംവിധായകൻ ലാൽ ജോസിൻ്റെ വെളിപ്പെടുത്തൽ. ഇത് കേട്ട് ക്യാപ്റ്റൻ രാജു മാറിനിന്ന് കരഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കി 2003ൽ ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയാണ് പട്ടാളം. ബിജു മേനോൻ, ജ്യോതിർമയി, ടെസ്സ ജോസഫ് തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചു.
“മണി പട്ടാളം എന്ന സിനിമയിൽ ഫുൾ പട്ടാള ക്യാമ്പിലെ ആളുകളും നാട്ടുകാരുമൊക്കെ നിൽക്കുമ്പോൾ രാത്രി ഓടിവന്നിട്ട് ഡയലോഗ് പറയുന്ന ഒരു സീനുണ്ട്. കുറച്ച് ലെങ്തിയായുള്ള ഡയലോഗാണ്. സാധാരണ രീതിയിൽ മണിയുടെ എല്ലാം ഫസ്റ്റ് ടേക്കിൽ ഓക്കെയാണ്. ആ ഷോട്ട് മാത്രം 15, 16 ടേക്ക് കഴിഞ്ഞു. അപ്പോൾ മണിക്ക് സങ്കടവും ദേഷ്യവുമൊക്കെ വരാൻ തുടങ്ങി. സ്വയം ചീത്ത പറയാനും അടിക്കാനുമൊക്കെ തുടങ്ങി. ക്യാപ്റ്റൻ രാജുച്ചേട്ടൻ ആ സിനിമയിൽ അഭിനയിച്ചിരുന്നു. അദ്ദേഹം മണിയോട് എന്തോ പറയാൻ പോയപ്പോൾ മണി ഭയങ്കരമായി ദേഷ്യപ്പെട്ടു. “നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതി, നിങ്ങൾക്ക് തന്നെ അഭിനയിക്കാനറിയില്ല” എന്നൊക്കെ പറഞ്ഞു. ഇത് കേട്ട് രാജുച്ചായൻ മാറിനിന്ന് കരച്ചിലായി. 22ആമത്തെ ടേക്ക് ഓക്കെയായി. രാജുച്ചായനോട് ദേഷ്യപ്പെട്ടത് മണിയ്ക്ക് വിഷമമുണ്ടാക്കിയിരുന്നു. അപ്പോൾ എന്നെ ഫേസ് ചെയ്യാനുള്ള ഒരു ബുദ്ധിമുട്ടായിരിക്കാം, മണി കുറച്ച് ഒരു അകലം പാലിച്ചു പിന്നീട് എന്നോട്.”- ലാൽ ജോസ് പറഞ്ഞു.




ക്യാപ്റ്റൻ രാജുവും കലാഭവൻ മണിയും ഏറെക്കാലം മലയാള സിനിമയിൽ നിറഞ്ഞുനിന്ന താരങ്ങളാണ്. ഇരുവരും മരണപ്പെടുകയും ചെയ്തു. ക്യാപ്റ്റൻ രാജു 2018ലും കലാഭവൻ മണി 2016 ലുമാണ് മരണപ്പെട്ടത്. റെജി നായറിൻ്റെ തിരക്കഥയിൽ ഒരുങ്ങിയ സിനിമയാണ് പട്ടാളം. മഹാസുബൈറും സുധീഷും ചേർന്നാണ് സിനിമ നിർമ്മിച്ചത്. എസ് കുമാർ ആയിരുന്നു ക്യാമറ കൈകാര്യം ചെയ്തത്. രഞ്ജൻ എബ്രഹാം എഡിറ്റിംഗും വിദ്യാസാഗർ സംഗീതസംവിധാനവും നിർവഹിച്ചു.