Lal Jose : അരഞ്ഞാണ മോഷണ സീനിനെപ്പറ്റി താൻ ചോദിച്ചു, അദ്ദേഹം സമ്മതിച്ചു; വെളിപ്പെടുത്തി ലാൽ ജോസ്
Lal Jose Dileep Kavya Madhavan Scene : ദിലീപ്, കാവ്യ മാധവൻ ഒന്നിച്ച മീശ മാധവൻ എന്ന സിനിമയിലെ അരഞ്ഞാണ സീനിനെപ്പറ്റി വ്യക്തമാക്കി സംവിധായകൻ ലാൽ ജോസ്. ആ സീനിലേക്ക് എത്തിയതെങ്ങനെ എന്ന് തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്.
ലാൽ ജോസ്, ദിലീപ്, കാവ്യ മാധവൻ തുടങ്ങി പലരുടെയും കരിയറിലെ ഏറ്റവും സുപ്രധാനമായ സിനിമകളിലൊന്നാണ് മീശ മാധവൻ. ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയിൽ കാവ്യ മാധവനായിരുന്നു നായിക. സൂപ്പർ ഹിറ്റായ മീശമാധവന് ഇന്നും ആരാധകരുണ്ട്. 2002ൽ പുറത്തിറങ്ങിയ സിനിമയിലെ ഒരു പ്രധാന സീൻ ആയിരുന്നു അരഞ്ഞാണം മോഷണം സീൻ. ആ സീൻ രൂപപ്പെട്ടതിനെപ്പറ്റി ലാൽ ജോസ് ഇപ്പോൽ തുറന്നുപറയുകയാണ്.
മാധവൻ എന്ന കള്ളനായാണ് ദിലീപ് സിനിമയിൽ വേഷമിട്ടത്. ഭഗീരഥൻ പിള്ള എന്ന പലിശക്കാരനാണ് സിനിമയിലെ പ്രധാന വില്ലൻ. ഭഗീരഥൻ പിള്ളയുടെ മകളാണ് രുഗ്മിണി. തുടക്കത്തിൽ മാധവൻ്റെ ശത്രു ആയ രുഗ്മിണി പിന്നീട് മാധവനെ പ്രണയിക്കുകയാണ്. ഇതിനിടെയുണ്ടാവുന്ന ഒരു പ്രധാനപ്പെട്ട സംഭവമാണ് അരഞ്ഞാണ മോഷണം. തൻ്റെ വീട്ടിൽ കയറി മോഷ്ടിക്കൂ എന്ന് രുഗ്മ്മിണി മാധവനെ വെല്ലുവിളിക്കുമ്പോൾ വെല്ലുവിളി സ്വീകരിച്ച് മാധവൻ എത്തുകയാണ്. അപ്പോൾ ഉറങ്ങിക്കിടക്കുന്ന രുഗ്മിണിയുടെ അരയിൽ അരഞ്ഞാണം കാണുകയും അത് മാധവൻ മോഷ്ടിക്കുകയും ചെയ്യുന്നു. ഈ സീൻ ഉണ്ടായതിനെപ്പറ്റി തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ലാൽ ജോസ് വെളിപ്പെടുത്തിയത്.
കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദ് എഴുതിയ ചന്ദ്രോത്സവം എന്ന തിരക്കഥയിൽ നിന്നാണ് ആ സീനിലേക്കുള്ള ആശയം ലഭിച്ചതെന്ന് ലാൽ ജോസ് പറയുന്നു. ഒരു സംഗീത ആൽബവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് ബീയാർ പ്രസാദുമായി താൻ അടുക്കുന്നതെന്ന് ലാൽ ജോസ് പറയുന്നു. അദ്ദേഹം ആ സമയത്ത് ചന്ദ്രോത്സവം എന്ന പേരിൽ ഒരു സ്ക്രിപ്റ്റ് എഴുതിവച്ചിരുന്നു. പ്രിയൻ സാറുമായിച്ചേർന്ന് സിനിമയാക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ട് വേണ്ടെന്ന് വച്ചിരിക്കുകയായിരുന്നു. ആ സമയത്ത് രണ്ടാം ഭാവമൊക്കെ ചെയ്തുകഴിഞ്ഞ് താൻ മീശമാധവൻ്റെ ആലോചനയിലാണ്. മീശമാധവനെക്കുറിച്ച് തങ്ങൾ ചർച്ച ചെയ്യുമായിരുന്നു. ബീയാർ പ്രസാദ് ചന്ദ്രോത്സവം എഴുതിയത് വാത്സ്യായൻ കാമശാസ്ത്രം എഴുതുന്ന കാലഘട്ടത്തിൽ നടക്കുന്ന കഥ ആയാണ്. കഥയിൽ ഒരു കള്ളൻ മോഷ്ടിക്കാനായി കൊട്ടാരത്തിനുള്ളിൽ കയറുന്ന രംഗമുണ്ടായിരുന്നു. അയാൾ ഉറങ്ങിക്കിടക്കുന്ന രാജകുമാരിയുടെ അരഞ്ഞാണം മോഷ്ടിക്കുന്നതായിരുന്നു രംഗം. അത് തനിക്ക് ഇഷ്ടപ്പെട്ടു. ഇത് എന്തായാലും താങ്കൾ സിനിമയാക്കുന്നില്ലല്ലോ. താൻ സിനിമയാക്കാൻ പോകുന്ന കള്ളൻ്റെ കഥയിൽ നാടൻ വേർഷനായി ഇത് ഉപയോഗിച്ചോട്ടെ അന്ന് ചോദിച്ചപ്പോൾ ബീയാർ പ്രസാദ് സമ്മതിച്ചു. അങ്ങനെയാണ് ആ സീനുണ്ടാവുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
ചേക്ക് എന്ന സാങ്കല്പിക ഗ്രാമത്തിലെ മാധവൻ എന്ന കള്ളൻ്റെ കഥയാണ് മീശ മാധവൻ. രഞ്ജൻ പ്രമോദ് തിരക്കഥയൊരുക്കിയ സിനിമ മഹാസുബൈറാണ് നിർമ്മിച്ചത്. എസ് കുമാർ ക്യാമറയും രഞ്ജൻ അബ്രഹാം എഡിറ്റിംഗും നിർവഹിച്ച സിനിമയിൽ വിദ്യാസാഗർ ഒരുക്കിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായി. ദിലീപ്, കാവ്യ മാധവൻ എന്നിവർക്കൊപ്പം ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ തുടങ്ങിയവരും വേഷമിട്ടു. ദിലീപിനെ ഒരു സൂപ്പർ താരമായി ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച സിനിമയാണ് മീശ മാധവൻ. തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി വിവിധ ഭാഷകളിൽ സിനിമ റീമേക്ക് ചെയ്തിട്ടുണ്ട്.