L360 Updates: കാത്തിരിപ്പിന് വിരാമം! മോഹൻലാൽ-ശോഭന ചിത്രം ‘എൽ360’ ടൈറ്റിൽ പ്രഖ്യാപനം നാളെ
L360 Title Announcement: കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധായകൻ തരുൺ മൂർത്തി ലൊക്കേഷനിൽ നിന്നുള്ള പാക്കപ്പ് ചിത്രങ്ങൾ പങ്കുവെച്ചതിനോടൊപ്പം നവംബർ 8-ന് മറ്റൊരു അപ്ഡേറ്റ് കൂടി എത്തുമെന്ന് സൂചിപ്പിച്ചിരുന്നു.
മലയാളി സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നകായനായെത്തുന്ന പുതിയ ചിത്രം. ‘എൽ 360’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം, മോഹൻലാലിൻറെ സിനിമ കരിയറിലെ 360-ാമത്തെ ചിത്രമാണ്. സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നാളെ (നവംബർ 8) ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ. തന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴിയാണ് നടൻ ഇക്കാര്യം ആരാധകരെ അറിയിച്ചത്.
നാളെ വൈകിട്ട് അഞ്ച് മണിക്കാണ് ടൈറ്റിൽ പ്രഖ്യാപനം. അതേസമയം, ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിച്ചതായി കഴിഞ്ഞ ദിവസം സംവിധായകൻ തരുൺ മൂർത്തി അറിയിച്ചിരുന്നു. “99 ദിവസങ്ങളിലെ ഫാൻ ബോയ് നിമിഷങ്ങൾ” എന്ന അടിക്കുറിപ്പോടെ ലൊക്കേഷനിൽ നിന്നുള്ള പാക്കപ്പ് ചിത്രങ്ങളാണ് തരുൺ ഫേസ്‍ബുക്കിൽ പങ്കുവെച്ചത്. പോസ്റ്റിന് താഴെ നവംബർ 8-ന് മറ്റൊരു അപ്ഡേറ്റ് കൂടി എത്തുമെന്നും സംവിധായകൻ സൂചിപ്പിച്ചിരുന്നു.
ALSO READ: 99 ദിവസത്തെ ചിത്രീകരണത്തിന് ശേഷം മോഹൻലാലിൻറെ ‘എൽ 360’ക്ക് പാക്കപ്പ്; ഫസ്റ്റ് ലുക്ക് ഉടൻ എത്തും
മോഹൻലാൽ നായകനായ ചിത്രത്തിൽ നായികയായി എത്തുന്നത് ശോഭനയാണ്. 15 വർഷത്തിന് ശേഷമാണ് ഒരു ചിത്രത്തിലൂടെ വീണ്ടും ഇവർ ഒന്നിക്കുന്നത്. ‘ഷൺമുഖം’ എന്നൊരു സാധാരണക്കാരനായ ടാക്സി ഡ്രൈവറായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ഭാര്യയും മക്കളും അടങ്ങുന്ന തന്റെ കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുടുംബനാഥനാണ് ഷൺമുഖം. നല്ല സുഹൃത്ത് ബന്ധങ്ങളുള്ള ഇദ്ദേഹം നാട്ടുകാരുടെ പ്രിയപ്പെട്ടവനാണ്. ഷണ്മുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് തരുൺ ഈ ചിത്രത്തിലൂടെ.
ചിത്രം നിർമിക്കുന്നത് രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. കെ ആർ സുനിലിന്റെ കഥയ്ക്ക്, തിരക്കഥ രചിച്ചത് തരുൺ മൂർത്തിയും, കെ ആർ സുനിലും ചേർന്നാണ്. ഷാജികുമാറാണ് ഛായാഗ്രഹണം.
ചിത്രസംയോജനം: നിഷാദ് യൂസഫ്, കലാ സംവിധാനം: ഗോകുൽ ദാസ്, മേക്കപ്പ്: പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ മാനേജർ: ശിവൻ പൂജപ്പുര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, പിആർഒ: വാഴൂർ ജോസ്.