L2 Empuraan: ‘എമ്പുരാനിൽ’ മോഹൻലാലിനൊപ്പം മമ്മൂട്ടിയും? ആരാധകരെ ആവേശത്തിലാക്കി പുതിയ റിപ്പോർട്ടുകൾ
മോഹന്‍ലാലിന്റെ ഗോഡ് ഫാദറായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചനകൾ. വാർത്തകൾ ശരിയെങ്കിൽ 'ട്വന്റി 20' എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാവും 'എമ്പുരാൻ'.
മലയാളം സിനിമാപ്രേക്ഷകർ ഉറ്റുനോക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘എമ്പുരാൻ’. മലയാള സിനിമ രംഗത്ത് പല റെക്കോർഡുകളും വാരിക്കൂട്ടിയ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമ പ്രേമികളെ ആവേശത്തിലാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ‘എമ്പുരാനി’ൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയും ഒരു ഗസ്റ്റ് റോളിൽ എത്തുമെന്നാണ് റിപ്പോർട്ട്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സെയ്ദ് മസൂദ് എന്ന കഥാപാത്രത്തിന്റെ പിതാവിന്റെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക എന്നാണ് സൂചന. മോഹന്‍ലാൽ അവതരിപ്പിക്കുന്ന അബ്രഹാം ഖുറേഷിയുടെ ഗോഡ് ഫാദറായാണ് മമ്മൂട്ടി എത്തുന്നതെന്നും ചിലർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
എമ്പുരാനു വേണ്ടിയുള്ള മമ്മൂട്ടിയുടെ ഭാഗങ്ങള്‍ രഹസ്യമായി ചിത്രീകരിച്ചു കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പൃഥ്വിരാജോ ചിത്രത്തിന്റെ അണിയറപ്രവർത്തകരോ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല. 2008-ൽ പുറത്തിറങ്ങിയ ‘ട്വന്റി 20’ എന്ന ചിത്രത്തിലായിരുന്നു അവസാനമായി മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് സ്‌ക്രീനിൽ എത്തിയത്. റിപ്പോർട്ടുകൾ ശെരിയെങ്കിൽ, 17 വർഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാകും ‘എമ്പുരാൻ’. സ്‌ക്രീനിൽ വീണ്ടും അവരെ ഒന്നിച്ചു കാണാൻ ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
‘എമ്പുരാന്റെ’ ചിത്രീകരണം പല രാജ്യങ്ങളിലായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ‘ലൂസിഫർ’ റിലീസ് ചെയ്തത് 2023 മാർച്ച് 28നാണ്. അതേ ദിവസം തന്നെ ‘എമ്പുരാനും’ തിയേറ്ററുകളിൽ എത്തിക്കാനാണ് സംവിധായകൻ പൃത്വിരാജിന്റെയും ടീമിന്റെയും ശ്രമമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അങ്ങനെയെങ്കിൽ ‘എമ്പുരാന്‍’ 2025 മാര്‍ച്ച് 28നാവും തിയേറ്ററിലെത്തുക. ചിത്രം നിർമിക്കുന്നത് ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് തിരക്കഥാകൃത്തായ മുരളി ഗോപി നേരത്തെ തന്നെ പറഞ്ഞിരുന്നു.