L2 Empuraan: അത് ആരാണെന്ന് അറിയാൻ ഇനി തലപുകഞ്ഞാലോചിക്കേണ്ട; ട്രെയിലർ ഡീകോഡ് ചെയ്ത് ആ സസ്പെൻസ് പൊളിച്ചു
L2 Empuraan Surprising Character : എമ്പുരാനിലെ മോഹൻലാൽ ഉൾപ്പെടെയുള്ള 36 കഥാപാത്രങ്ങളെ പ്രത്യേക പോസ്റ്ററിലൂടെ അവതരിപ്പിച്ചെങ്കിലും ആ സർപ്രൈസ് കഥാപാത്രം ആരെന്ന് മാത്രം സിനിമയുടെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നില്ല. രാജ്യാന്തര സിനിമ താരമാകും ആ വേഷം കൈകാര്യം ചെയ്യുകയെന്നായിരുന്നു അഭ്യൂഹങ്ങൾ.

തിയറ്ററിൽ എത്തുന്നതിന് മുമ്പ് തന്നെ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനോട് അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളിൽ എല്ലാം ട്വിസ്റ്റോട് ട്വിസ്റ്റാണ്. ലൈക്ക പ്രൊഡക്ഷനുമായി ബന്ധപ്പെട്ട പ്രതിസന്ധി, പിന്നാലെ രക്ഷകരം നീട്ടികൊണ്ട് ഗോകുലം മൂവീസൻ്റെ കടന്നുവരവ് എല്ലാം ഒരു സിനിമക്കഥയെ വെല്ലുന്ന സ്ഥിതിഗതികളാണ് എമ്പരുനോട് അനുബന്ധിച്ച് അണിയറയിൽ സംഭവിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടതിലും വൻ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് മാർച്ച് 20-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 1.08ന് പ്രദർശിപ്പിക്കുമെന്ന് അറിയിച്ച ട്രെയിലർ അർധ രാത്രി 12 മണിയോടെയാണ് റിലീസ് ചെയ്തത്.
ട്രെയിലറിൽ ആ വെളിപ്പെടുത്താത്ത താരം ആരാകുമെന്ന് അറിയിക്കുമെന്ന് ആരാധകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ സസ്പെൻസ് നിലനിർത്തികൊണ്ട് ഡ്രാഗൺ ചിഹ്നം പതിപ്പിച്ചിട്ടുള്ള വസ്ത്രം ധരിച്ച് പുറംതിരഞ്ഞ് നിൽക്കുന്ന കഥാപാത്രത്തെ അതേപടി വീണ്ടും കാണിക്കുകയും ചെയ്തു. എന്നാൽ ട്രെയിലറിൽ ആ കഥാപാത്രം ആരാകുമെന്ന് ഒരു സൂചന നൽകിട്ടുണ്ടെന്ന് ചിലർ അഭിപ്രായപ്പെടുന്നത്. ചില ആരാധകർ ട്രെയിലറിൽ നൽകിയിരിക്കുന്ന സൂചന ഡീകോഡ് ചെയ്ത് ആ സസ്പെൻസ് പൊളിച്ചിരിക്കുകയാണ്.
ചിത്രത്തിൽ ജതിൻ രാംദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ തോമസാണ് ഡ്രാഗൺ ചിഹ്നം പതിപ്പിച്ചിട്ടുള്ള വസ്ത്രം ധരിച്ച് പുറംതിരഞ്ഞ് നിൽക്കുന്നതെന്നാണ് ചില നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. കാരണം ട്രെയിലറിൽ പറയുന്ന ചില സംഭാഷണങ്ങളാണ്. “ദൈവപുത്രൻ തെറ്റുകൾ ചെയ്യുമ്പോൾ ചെകുത്താനെ അല്ലാതെ വേറെ ആരെയാണ് ആശ്രയിക്കുക” എന്നാണ് ട്രെയിലറിൽ നൽകുന്ന ആ സൂചന. മറ്റ് ചില സൂചനകളും ട്രെയിലറിൽ നൽകുന്നുണ്ട്. എന്നാൽ മുഖം പൂർണമായും വെളിപ്പെടുത്താത്ത മറ്റൊരു കഥാപാത്രത്തെയും ട്രെയിലറിൽ കാണിക്കുന്നുണ്ട്. അതാകാമെന്ന് ചിലർ സംശയമായി ഉന്നയിക്കുന്നത്.
ഇനി യഥാർഥത്തിൽ അതാരാണെന്ന് അറിയാൻ മാർച്ച് 27-ാം തീയതി വരെ കാത്തിരിക്കണം. മാർച്ച് 27നാണ് എമ്പുരാൻ തിയറ്ററുകളിൽ എത്തുക. രാവിലെ ആറ് മണിക്കാണ് മോഹൻലാൽ ചിത്രത്തിൻ്റെ ആദ്യ ഷോ ചാർട്ട് ചെയ്തിരിക്കുന്നത്. 2019 റിലീസായ ലൂസിഫർ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ആദ്യ ഭാഗത്തിലെ ഒട്ടുമിക്ക താരങ്ങൾക്ക് പുറമെ ബോളിവുഡ്, രാജ്യാന്തര സിനിമ താരങ്ങളും പൃഥ്വിരാജ് ഒരുക്കുന്ന ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.