L2 Empuraan: സുജിത് വാസുദേവിന് റഷ്യൻ വീസ കിട്ടിയില്ല; അപ്പോൾ പൃഥ്വിരാജ് ചെയ്തത് ഞെട്ടിച്ചുകളഞ്ഞു: വെളിപ്പെടുത്തലുമായി സ്റ്റണ്ട് സിൽവ
Stunt Silva About Prithviraj Sukumaran: ലൂസിഫർ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ കാര്യങ്ങൾ പങ്കുവച്ച് ആക്ഷൻ കൊറിയോഗ്രാഫർ സ്റ്റണ്ട് സിൽവ. ക്യാമറമാൻ സുജിത് വാസുദേവിൻ്റെ റഷ്യൻ വീസ തള്ളിയപ്പോൾ പൃഥ്വിരാജ് ചെയ്തത് ഞെട്ടിച്ചുകളഞ്ഞെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

ക്യാമറമാൻ സുജിത് വാസുദേവിൻ്റെ റഷ്യ വീസ തള്ളിയപ്പോൾ പൃഥ്വിരാജ് ചെയ്തത് ഞെട്ടിച്ചുകളഞ്ഞെന്ന് ആക്ഷൻ കൊറിയോഗ്രാഫർ സ്റ്റണ്ട് സിൽവ. ലൂസിഫർ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവമാണ് ഇപ്പോൾ സ്റ്റണ്ട് സിൽവ വെളിപ്പെടുത്തിയിരിക്കുന്നത്. ലൂസിഫറിൻ്റെയും എമ്പുരാൻ്റെയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുജിത് വാസുദേവാണ്. ഒരു തമിഴ് യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
“ലൂസിഫർ ആദ്യ ഭാഗം ചെയ്തുകൊണ്ടിരുന്നപ്പോൾ ക്രൂ മൊത്തം റഷ്യയിൽ പോയി ഷൂട്ട് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നു. എല്ലാവരുടെയും പാസ്പോർട്ടും ടിക്കറ്റും വീസയുമൊക്കെ എടുത്തു. റഷ്യയിൽ ഹോട്ടലുമൊക്കെ ബുക്ക് ചെയ്തു. അപ്പോൾ ക്യാമറമാൻ സുജിത് വാസുദേവിൻ്റെ വീസ അപേക്ഷ തള്ളി. തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു അത്. ഒരു പുതിയ ക്യാമറമാനെ വീസയൊക്കെ ശരിയാക്കി കൊണ്ടുപോകാമെന്ന് വെച്ചാൽ ഡേറ്റൊക്കെ കഴിയും. അത് നടക്കില്ല. എന്താ ചെയ്യേണ്ടതെന്നറിയില്ല. അപ്പോൾ ഡയറക്ടർ പറഞ്ഞു, അസിസ്റ്റൻ്റിനെ അയക്കൂ. താൻ നോക്കിക്കോളാമെന്ന്.”- സ്റ്റണ്ട് സിൽവ പ്രതികരിച്ചു.
ഒരു ദിവസം പൃഥ്വിരാജ് ഇരുന്ന് ഫുൾ വായിക്കുകയാണ്. ക്യാമറയുടെ എക്സ്പോഷർ എന്താവണം, ലെൻസ് ഏത് വെക്കണം, ഫിൽട്ടർ ഏത്, ഷട്ടർ സ്പീഡ് അങ്ങനെ ടെക്നിക്കൽ കാര്യങ്ങളൊക്കെ പൃഥ്വിരാജ് സർ ഇരുന്ന് വായിക്കുകയാണ്. എന്നോട് പറഞ്ഞു, ‘എന്ത് ചെയ്യാൻ പറ്റും, അദ്ദേഹത്തിൻ്റെ വീസ തള്ളിയല്ലോ. അത് കൈകാര്യം ചെയ്യണം’ എന്ന്. അതായത്, ഒരാൾക്ക് വരാൻ പറ്റാത്ത സാഹച്യര്യമുണ്ടായാൽ, എന്തെങ്കിലും തടസമുണ്ടായാൽ അത് നമ്മൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് അദ്ദേഹം തയ്യാറായിരുന്നു. അങ്ങനെ തന്നെ ആക്ഷൻ ഡയറക്ടർ ഇല്ലെങ്കിലും ചെയ്യും. അങ്ങനെ സീനുകളുണ്ട്.”- അദ്ദേഹം തുടർന്നു.




ലൂസിഫർ സിനിമാ പരമ്പരയിലെ രണ്ടാം സിനിമയായ എമ്പുരാൻ മുരളി ഗോപിയുടെ തിരക്കഥയിലാണ് ഒരുങ്ങുന്നത്. പൃഥ്വിരാജ് സുകുമാരനാണ് സിനിമയുടെ സംവിധാനം. ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നീ ബാനറുകളിലായി ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ദീപക് ദേവ് സിനിമയുടെ സംഗീതസംവിധാനം നിർവഹിക്കുന്നു. അഖിലേഖ് മോഹൻ സിനിമ എഡിറ്റ് ചെയ്തിരിക്കുന്നു. മോഹൻലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, സാനിയ അയ്യപ്പൻ, ശിവദ, തുടങ്ങിയവരാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ഈ മാസം 27ന് സിനിമ റിലീസാവും.