L2 Empuraan Pre Sale Collection: വൻമരങ്ങളെ വെട്ടി വീഴ്ത്തി എമ്പുരാൻ; പ്രീസെയിൽ റെക്കോർഡുകൾ തൂക്കി ഈ ‘ചെകുത്താന്റെ പട’
L2 Empuraan Pre Sale Collection: ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റായ ബുക്ക് മൈ ഷോയിലൂടെ 24 മണിക്കൂറിൽ ഏറ്റവും അധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞ റെക്കോർഡും ഇനി എമ്പുരാന് സ്വന്തം. കൽക്കി, ജവാൻ, പുഷ്പ, ലിയോ തുടങ്ങിയ വൻമരങ്ങളെ വെട്ടി വീഴ്ത്തിയാണ് എമ്പുരാന്റെ ഈ നേട്ടം.

മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ തിയറ്ററുകളിലെത്താൻ ഇനി വെറും അഞ്ച് ദിവസം മാത്രം. സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. റിലീസാകുന്നതിന് മുമ്പ് തന്നെ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റായ ബുക്ക് മൈ ഷോയിലൂടെ 24 മണിക്കൂറിൽ ഏറ്റവും അധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞ റെക്കോർഡും ഇനി എമ്പുരാന് സ്വന്തം.
കൽക്കി, ജവാൻ, പുഷ്പ, ലിയോ തുടങ്ങിയ വൻമരങ്ങളെ വെട്ടി വീഴ്ത്തിയാണ് എമ്പുരാന്റെ ഈ നേട്ടം. സിനിമയുടെ നിർമ്മാതാക്കൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച വിവരം അനുസരിച്ച് പ്രീ-സെയിൽ ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ 645,000 ടിക്കറ്റുകളാണ് വിറ്റ് പോയിരിക്കുന്നത്. ഇതിന് മുമ്പ് ബുക്ക് മൈ ഷോയിൽ റെക്കോർഡ് തീർത്തത് പ്രഭാസിന്റെ കൽക്കി ആയിരുന്നു. 360,000 ടിക്കറ്റുകളായിരുന്നു അന്ന് വിറ്റത്. 253k നേടി ഷാരൂഖ് ഖാന്റെ ജവാൻ രണ്ടാം സ്ഥാനത്തും 219k നേടി അല്ലു അർജുന്റെ പുഷ്പ 2 മൂന്നാം സ്ഥാനത്തും ആയിരുന്നു. ബുക്ക് മൈ ഷോയിലൂടെ വിറ്റഴിച്ചത്, പ്രഭാസിന്റെ കൽക്കി 360,000, ദളപതി വിജയുടെ ലിയോ 126000 ടിക്കറ്റുകൾ വിറ്റഴിച്ച വിജയുടെ ലിയോ ആയിരുന്നു നാലാം സ്ഥാനത്ത്. എന്നാൽ ഈ റെക്കോർഡുകളെല്ലാം മറി കടന്നിരിക്കുകയാണ് അബ്രാം ഖുറേഷിയും സംഘവും.
അഡ്വാൻസ് ബുക്കിങ് ആരംഭിച്ച് ഒരു ദിവസം പിന്നിടുമ്പോൾ ഇഡസ്ടറി ട്രാക്കിങ് വെബ്‌സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 7.01 കോടിയാണ് സിനിമ നേടിയത്. 3022 ഷോകളിൽ നിന്നാണ് ഈ റെക്കോർഡ് കളക്ഷൻ എമ്പുരാൻ സ്വന്തമാക്കിയത്. ഇന്ത്യയൊട്ടാകെ ഇതുവരെ 423556 ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ഇന്നലെ രാവിലെ ഒമ്പത് മണിക്കാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. മാർച്ച് 27ന് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും. രാവിലെ ആറ് മണി മുതലാണ് ആദ്യ ഷോ നടക്കുക.
ALSO READ: ക്ലൈമാക്സ് കഴിഞ്ഞ ഉടനെ ഇറങ്ങി പോകരുത്; എമ്പുരാന് ടെയിൽ എൻഡ് ഉണ്ട്: പൃഥ്വിരാജ്
കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലും നിരവധി ഫാൻസ് ഷോകൾ നടക്കുന്നുണ്ട്. അതിനിടെ എമ്പുരാന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് താനും തിയേറ്ററില്‍ ആരാധകർക്കൊപ്പം ഇരുന്ന് സിനിമ കാണുമെന്ന മോഹൻലാലിന്റെ വെളിപ്പെടുത്തൽ ആരാധകരിൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. എമ്പുരാന്‍ ട്രെയിലര്‍ ലോഞ്ചില്‍ ആയിരുന്നു അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. പൊതുവെ തന്റെ സിനിമ തീയറ്ററിലെത്തി കാണുന്ന പതിവ് അദ്ദേഹത്തിനില്ല. അതുകൊണ്ട് തന്നെ എമ്പുരാന്‍ സിനിമയുടെ റിലീസ് ദിവസം ഏത് തിയറ്ററിലാകും അദ്ദേഹം എത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ലൂസിഫറിനെക്കാളും എമ്പുരാന്റെ ദൈർഘ്യം കൂടുതലായിരിക്കുമെന്നും വിവരങ്ങളുണ്ട്. ലൂസിഫറിന്റെ ദൈർഘ്യം 2 മണിക്കൂർ 52 സെക്കറ്റ് ആയിരുന്നെങ്കിൽ എമ്പുരാന്റെ ദൈർഘ്യം 2 മണിക്കൂർ 59 മിനിറ്റ് 59 സെക്കറ്റ് ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അതേസമയം, എമ്പുരാന്റെ വരവിന് മുന്നോടിയായി ലൂസിഫർ വീണ്ടും തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ഇന്നലെ മുതലാണ് ലൂസിഫർ റി റിലീസ് ചെയ്തത്.