Empuraan Review: എമ്പുരാൻ ‘ജങ്കിൾ പൊളി’? ലൂസിഫറിനെ കടത്തിവെട്ടിയോ? പ്രേക്ഷക പ്രതികരണം ഇങ്ങനെ
ചിത്രത്തിന്റെ ആദ്യ ഷോകൾ പൂർത്തിയായതിന് പിന്നാലെ പ്രേക്ഷകരിൽ നിന്ന് എമ്പുരാനെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഒരു വശത്ത് നിന്ന് ഉയരുന്നുണ്ട്.

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘എമ്പുരാൻ’ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഷോകൾ പൂർത്തിയായതിന് പിന്നാലെ പ്രേക്ഷകരിൽ നിന്ന് എമ്പുരാനെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഒരു വശത്ത് നിന്ന് ഉയരുന്നുണ്ട്. വമ്പൻ ഹൈപ്പോട് കൂടിയ എത്തിയ ചിത്രത്തിന് സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
എമ്പുരാൻ കണ്ട് പുറത്തിറങ്ങിയ ഭൂരിഭാഗം പേരും ചിത്രത്തിന്റെ മേക്കിങ്ങിനെ പ്രശംസിച്ചു. ഹോളിവുഡ് നിലവാരമുള്ള മേക്കിങ് ആണ് ചിത്രത്തിന്റേതെന്നാണ് പൊതു അഭിപ്രായം. പ്രേക്ഷകരിൽ പലരും ചിത്രത്തെ ‘ജങ്കിൾ പൊളി’ എന്നാണ് വിശേഷിപ്പിച്ചത്. ചിത്രത്തിലെ മോഹൻലാലിൻറെ എൻട്രിയെ കുറിച്ചാണ് കൂടുതലും പ്രേക്ഷകർക്ക് പറയാനുള്ളത്. രോമാഞ്ചമുണർത്തുന്ന തരത്തിലുള്ള എൻട്രിയാണ് എമ്പുരാനിൽ മോഹൻലാലിന്റേതെന്നാണ് പ്രേക്ഷക പ്രതികരണം. എമ്പുരാൻ കളക്ഷൻ 1000 കോടി കടക്കുമെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.
അതേസമയം, ചിത്രത്തിൽ നിരാശ പ്രകടിപ്പിച്ചവരും ഉണ്ട്. നൽകിയ ഹൈപ്പിന് അനുസരിച്ച നിലവാരത്തിലേക്ക് ചിത്രം എത്തിയില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു. ആദ്യ പകുതി കൂടുതലും രാഷ്ട്രീയത്തെ കുറിച്ചാണ് സംസാരിച്ചതെന്നും, രണ്ടാം പകുതിയിലാണ് യഥാർത്ഥത്തിൽ സിനിമയിലേക്ക് കടക്കുന്നതെന്നും അഭിപ്രായമുണ്ട്. പലരും ചിത്രത്തെ ലൂസിഫറുമായാണ് താരതമ്യം ചെയ്തത്. ലൂസിഫറിന്റെ ലെവലിലേക്ക് ചിത്രം ഉയർന്നില്ലെന്നും അഭിപ്രായം ഉയരുന്നുണ്ട്.
ALSO READ: എംമ്പുരാൻ ആവേശത്തിൽ അമേരിക്കയും; മുന്നൂറോളം സ്ക്രീനുകളിൽ പ്രദർശനം, മിക്ക സ്ഥലത്തും ഹൗസ്ഫുൾ
വ്യാഴാഴ്‌ച രാവിലെ ആറ് മണിയോടെയാണ് എമ്പുരാന്റെ ആദ്യ പ്രദർശനം ആരംഭിച്ചത്. കേരളത്തിൽ മാത്രം 750ലധികം സ്‌ക്രീനുകളിലാണ് ചിത്രം എത്തുന്നത്. കൊച്ചിയിലെ ആദ്യ ഷോ കാണാൻ മോഹൻലാൽ ഉൾപ്പടെയുള്ള വൻ താരനിര എത്തിയിരുന്നു. കൊച്ചിയിലെ കവിത തീയേറ്ററിലാണ് മോഹൻലാൽ. പൃഥ്വിരാജ്, മഞ്ജു വാരിയർ, ടോവിനോ തോമസ്, ഇന്ദ്രജിത് ഉൾപ്പടെയുള്ള താരങ്ങൾ ആദ്യ ഷോ കാണാൻ എത്തിയത്. അതേസമയം, ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ബുധനാഴ്ച തന്നെ പലയിടങ്ങളിലും ആരാധകരുടെ ആഘോഷ പരിപാടികൾ ആരംഭിച്ചിരുന്നു. ആറ് മണിക്ക് ആദ്യ ഷോ തുടങ്ങുന്നത് വരെ ആഘോഷങ്ങൾ തുടർന്നു.
മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, മിഹയേല് നോവിക്കോവ്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. എമ്പുരാന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയത് ദീപക് ദേവാണ്. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.