L2 Empuraan: പൊലീസ് സുരക്ഷയിൽ ‘ചെകുത്താന്റെ പട’; എമ്പുരാൻ റിലീസ് കേന്ദ്രങ്ങളിൽ കർശന സുരക്ഷ
L2 Empuraan Release: എമ്പുരാൻ റിലീസുമായി ബന്ധപ്പെട്ട് തിയറ്ററുകളിൽ കനത്ത സുരക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം നഗരത്തിലെ തിയറ്ററുകളിൽ മാത്രം 150ഓളം പൊലീസിനെ വിന്യസിപ്പിക്കും.

സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാൻ തിയറ്ററുകളിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം. മലയാള സിനിമ ഇന്നേ വരെ കാണാത്ത ഇതിഹാസ സിനിമയെ വരവേൽക്കാൻ ആരാധകർ ഒരുങ്ങി കഴിഞ്ഞു. റിലീസുമായി ബന്ധപ്പെട്ട് തിയറ്ററുകളിൽ വൻ തിരക്കാകും അനുഭവപ്പെടുക. അതിനാൽ തന്നെ തിയറ്ററുകളിൽ പ്രത്യേക സുരക്ഷ ഒരുക്കുകയാണ് പൊലീസ്.
എമ്പുരാൻ റിലീസുമായി ബന്ധപ്പെട്ട് തിയറ്ററുകളിൽ കനത്ത സുരക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു. റിലീസ് കേന്ദ്രങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. തിയറ്ററുകളിൽ വലിയ തിരക്ക് അനുഭവപ്പെടാനുള്ള സാധ്യത മുൻനിർത്തിയാണ് തീരുമാനം. തിരുവനന്തപുരം നഗരത്തിലെ തിയറ്ററുകളിൽ മാത്രം 150ഓളം പൊലീസിനെ വിന്യസിപ്പിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ALSO READ: ‘ആളറിഞ്ഞ് കളിക്കെടാ’; പൃഥ്വിയെ പരിഹസിച്ചവര്‍ക്കെല്ലാം സുപ്രിയയുടെ മറുപടി
തിയറ്ററുകളിൽ ആരാധകർ കൂട്ടമായി എത്താനും ആഘോഷങ്ങൾ സംഘടിപ്പിക്കാനും സാധ്യതയുണ്ട്. ആഘോഷങ്ങൾ അതിര് കടക്കാതിരിക്കാനും പ്രശ്നങ്ങളോ മറ്റ് അപകടങ്ങളോ സംഭവിക്കാതിരിക്കാനുമാണ് പൊലീസ് കനത്ത സുരക്ഷ ഒരുക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് എമ്പുരാൻ നാളെ തിയറ്ററുകളിൽ എത്തുന്നത്. ആഗോളതലത്തിൽ ഒരു മലയാള സിനിമ റിലീസ് ചെയ്യുന്നു എന്ന പ്രത്യേകതയും എമ്പുരാനുണ്ട്.
അതേസമയം എമ്പുരാൻ ഇതിനോടകം 80 കോടിയോളം പ്രീ-റിലീസ് സെയിലിൽ നേടിയെടുത്തതായാണ് കണക്കുകൾ. റിലീസ് ദിവസത്തിലെ മാത്രം ടിക്കറ്റുകൾ വിറ്റഴിച്ചതിൽ നിന്ന് 50 കോടിയാണ് നേടിയത്. കേരള ബോക്സ്ഓഫീസിലെ പ്രീ-റിലീസ് സെയിൽ 11.30 കോടി ഇതുവരെ പിന്നിട്ടു. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമ കൂടിയാണ് എമ്പുരാൻ. ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്.