L2 Empuraan Movie: എമ്പുരാന്‍റെ റീ എഡിറ്റ് പതിപ്പ് തിയറ്ററുകളിൽ; പ്രദര്‍ശനം ആരംഭിച്ചു, ദൈർഘ്യം 2.08 മിനിറ്റ് കുറഞ്ഞു
L2 Empuraan Movie: ചിത്രത്തിൽ ആകെ 24 സീനുകളാണ് വെട്ടിയത്. നേരത്തെ 17 സീനുകൾ വെട്ടും എന്ന തരത്തിലായിരുന്നു വാർത്തകൾ വന്നത്. എന്നാൽ കൂടുതൽ ഭാഗങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ ഭാഗങ്ങൾ വെട്ടി മാറ്റിയിട്ടുണ്ട്.

വിവാദങ്ങൾക്കിടെ എമ്പുരാന്റെ റി എഡിറ്റ് പതിപ്പ് ഇന്ന് മുതൽ തിയറ്ററുകളിൽ. ഇന്ന് രാവിലത്തെ ഷോ മുതൽ റി എഡിറ്റഡ് പതിപ്പാകും പ്രദർശിപ്പിക്കുക. ഇന്നലെ രാത്രിയോടെയാണ് പുതിയ പതിപ്പ് തിയറ്ററുകളിലെത്തിയത്.
ചിത്രത്തിൽ ആകെ 24 സീനുകളാണ് വെട്ടിയത്. നേരത്തെ 17 സീനുകൾ വെട്ടും എന്ന തരത്തിലായിരുന്നു വാർത്തകൾ വന്നത്. എന്നാൽ കൂടുതൽ ഭാഗങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ ഭാഗങ്ങൾ വെട്ടി മാറ്റിയിട്ടുണ്ട്.
ഗുജറാത്ത് കലാപകാലത്തെ വർഷം ഒഴിവാക്കി. വില്ലന്റെ പേര് ബജ്റംഗി മാറ്റി ബൽദേവ് എന്നാക്കി. എൻഐഎ എന്ന് പരാമർശിക്കുന്ന ഭാഗങ്ങളും ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ പോകുന്ന ഭാഗങ്ങളിലും മാറ്റം വരുത്തി. കൂടാതെ നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി. ദൈർഘ്യം 2.08 മിനിറ്റ് കുറഞ്ഞെന്നും എന്നാലത് ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കില്ലെന്നും നിർമാതാക്കൾ പറഞ്ഞു.
അതേസമയം ആരെയും പേടിച്ചിട്ടല്ല റി എഡിറ്റ് നടത്തിയതെന്ന് നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ വിശദീകരിച്ചു. എന്നാൽ ഇതിന് പിന്നിൽ സംഘപരിവാറാണ് എന്നാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആക്ഷേപം. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ മാർച്ച് 27 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പിന്നാലെ ചിത്രത്തിന്റെ ഉള്ളടക്കത്തെ ചൊല്ലി സംഘപരിവാർ വിമർശനങ്ങളുമായി എത്തിയെങ്കിലും എമ്പുരാൻ ബോക്സ് ഓഫീസിൽ റെക്കോർഡ് വിജയം തീർത്ത് മുന്നേറുകയാണ്.