Empuraan: എമ്പുരാനിൽ മമ്മൂട്ടിയുണ്ടോ? സിനിമാസ്വാദകർ കാത്തിരിക്കുന്ന അപ്ഡേറ്റുമായി പൃഥ്വിരാജ്
L2 Empuraan Mammootty - Mohanlal: മോഹൻലാലിനൊപ്പം മമ്മൂട്ടിയും എമ്പുരാനിൽ അഭിനയിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് സംവിധായകൻ പൃഥ്വിരാജ്. നേരത്തെ മുതൽ തന്നെ മമ്മൂട്ടി എമ്പുരാനിൽ ഉണ്ടാവുമെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു. ഈ അഭ്യൂഹങ്ങളോടാണ് പൃഥ്വിരാജ് പ്രതികരിച്ചത്.

പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന സിനിമയിൽ നിരവധി മികച്ച താരങ്ങൾ അണിനിരക്കുന്നുണ്ട്. സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയും ഒരു വേഷം ചെയ്യുമെന്ന് ചില അഭ്യൂഹങ്ങളുയർന്നിരുന്നു. ചിത്രത്തിൻ്റെ ടീസർ റിലീസ് ചടങ്ങിൽ മമ്മൂട്ടി പങ്കെടുത്തതോടെ ഈ അഭ്യൂഹം ശക്തമായി. ഇപ്പോൾ പൃഥ്വിരാജ് തന്നെ ഇക്കാര്യത്തിൽ അപ്ഡേറ്ററിയിച്ചിരിക്കുകയാണ്.
മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തെച്ചുറ്റിപ്പറ്റിയാവും എമ്പുരാൻ എന്ന് നേരത്തെ തന്നെ തിരക്കഥാകൃത്തും സംവിധായകനും അറിയിച്ചിരുന്നു. ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തിൻ്റെ മറ്റൊരു മുഖമാണ് ഖുറേഷി എബ്രഹാം. ഈ കഥാപാത്രത്തിൻ്റെ ഗോഡ്ഫാദറായി മമ്മൂട്ടി എത്തുമെന്നും അതൊരു എക്സ്റ്റൻഡഡ് കാമിയോ റോൾ ആവുമെന്നുമൊക്കെയായിരുന്നു അഭ്യൂഹങ്ങൾ. ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് മുരളി ഗോപി പങ്കുവച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്നാരംഭിച്ച അഭ്യൂഹങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ സജീവമായി പ്രചരിച്ചു. എന്നാൽ, പൃഥ്വിരാജ് പറയുന്നത് മമ്മൂട്ടി എമ്പുരാനിൽ ഉണ്ടാവില്ലെന്നാണ്.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജിൻ്റെ വെളിപ്പെടുത്തൽ. മമ്മൂട്ടി സർ സിനിമയിലുണ്ടോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ ഇല്ല എന്ന് പൃഥ്വിരാജ് മറുപടി നൽകുന്നു. അത്തരത്തിൽ ചില അഭ്യൂഹങ്ങൾ കേട്ടല്ലോ എന്ന് അവതാരകൻ പറയുമ്പോൾ, ‘ഈ ഭാഗത്തിൽ മമ്മൂട്ടി സർ ഇല്ല’ എന്ന് പൃഥ്വിരാജ് പറയുന്നു. ഈ അഭിമുഖത്തിൽ നിന്ന് സിനിമയുടെ മൂന്നാം ഭാഗത്തിൽ മമ്മൂട്ടി ഉണ്ടായേക്കാമെന്ന അടുത്ത അഭ്യൂഹം ആരംഭിച്ചുകഴിഞ്ഞു.




ഇതോടൊപ്പം ഹോളിവുഡിലെയടക്കം ചില വമ്പൻ താരങ്ങൾ സിനിമയിലുണ്ടാവുമെന്നും പൃഥ്വിരാജ് പറഞ്ഞു. തനിക്ക് ആഗ്രഹമുണ്ടായിരുന്ന ചിലരുമായി ബന്ധപ്പെട്ട് തിരക്കഥ അയച്ചുനൽകിയെന്നും അവരിൽ പലർക്കും കഥ ഇഷ്ടമായി എന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. ഇതൊരു മലയാള സിനിമയാണെന്നും ബജറ്റ് ഇത്രയാണെന്നും പറഞ്ഞപ്പോൾ അവർക്ക് മനസിലായി. എന്നാൽ, ഈ അഭിനേതാക്കളുടെ ഏജൻസി ബന്ധപ്പെട്ട് കാര്യങ്ങൾ മറ്റ് തരത്തിലാക്കാൻ തുടങ്ങി. അപ്പോൾ അവരെ ഉൾക്കൊള്ളിക്കാൻ ബജറ്റ് പോരാതെ വന്നു. അങ്ങനെ മറ്റ് അഭിനേതാക്കളെ വച്ച് സിനിമ ചിത്രീകരിക്കുകയായിരുന്നു എന്നും പൃഥ്വിരാജ് പ്രതികരിച്ചു.
Also Read: Empuraan: ‘താങ്ക്യൂ ദേവാ സീ യു സൂൺ’; എമ്പുരാന്റെ പോസ്റ്റർ പങ്കുവെച്ച് പ്രഭാസ്
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരും ലൈക്ക പ്രൊഡക്ഷൻസ് ബാനറിൽ സുഭാസ്കരൻ അലിരാജയും ചേന്ന് നിർമിക്കുന്ന സിനിമയാണ് എമ്പുരാൻ. 2019ൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രം മൂന്ന് സിനിമകളുള്ള ഫ്രാഞ്ചൈസിയിലെ രണ്ടാം ഭാഗമാണ്. ലൈക്ക പ്രൊഡക്ഷൻസിൻ്റെ ആദ്യ മലയാള സിനിമയാണ്. സുജിത് വാസുദേവ് ആണ് എമ്പുരാൻ്റെ ക്യാമറ ചെയ്തിരിക്കുന്നത്. ദീപക് ദേവ് സംഗീതമൊരുക്കിയിരിക്കുന്നു. ഈ വർഷം മാർച്ച് ഏഴിനാണ് സിനിമ തീയറ്ററുകളിലെത്തുക.
മോഹൻലാലിനെക്കൂടാതെ ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ, ഷറഫുദ്ദീൻ, സാനിയ ഇയ്യപ്പൻ, ബൈജു സന്തോഷ്, അർജുൻ ദാസ്, സായ്‌കുമാർ, ഷൈൻ ടോം ചാക്കോ തുടങ്ങി വമ്പൻ താരനിരയാണ് സിനിമയിലുള്ളത്.