L2 Empuraan: ‘ഒരു പുറംതിരിഞ്ഞുള്ള പിക് ഇടോ ഒരു കാര്യം നോക്കാന്‍ ആയിരുന്നു’; റിക് യൂനിന്റെ ഫോട്ടോയ്ക്ക് താഴെയും എമ്പുരാനിലെ താരത്തെ അന്വേഷിച്ച് മലയാളികള്‍
Malayali's Comments Under Rick Yune's Social Media Post About Empuraan Surprise Character: റിലീസ് അറിയിച്ചുകൊണ്ട് പുറത്തുവിട്ട പോസ്റ്ററില്‍ വെള്ള ഷര്‍ട്ടില്‍ ചുവന്ന നിറത്തിലുള്ള ഡ്രാഗണ്‍ ആയിരുന്നുവെങ്കില്‍ ട്രെയ്‌ലറില്‍ അത് കറുത്ത നിറത്തിലുള്ള ഷര്‍ട്ടില്‍ ചുവന്ന ഡ്രാഗണായിരുന്നു. എന്തായാലും ഇത്രയും ഹൈപ്പ് കൊടുത്ത് നിസാരനായ ഒരാളെ പൃഥ്വിരാജ് എമ്പുരാനില്‍ കൊണ്ടുവരില്ലെന്ന കാര്യം ആരാധകര്‍ക്ക് ഉറപ്പാണ്.

മലയാളികളിപ്പോള്‍ എമ്പുരാന്‍ ലോകത്താണ്. ആരാണ് ആ ഡ്രാഗണ്‍ ചിത്രം പതിപ്പിച്ച ഷര്‍ട്ടുമിട്ട് പുറംതിരിഞ്ഞ് നില്‍ക്കുന്നതെന്നാണ് മലയാളികള്‍ക്ക് അറിയേണ്ടത്. എമ്പുരാന്റെ റിലീസ് അനൗണ്‍സ് ചെയ്തുകൊണ്ട് പുറത്തിറക്കിയ പോസ്റ്റര്‍ മുതല്‍ ട്രെയ്‌ലറില്‍ വരെ പ്രത്യക്ഷപ്പെട്ട ആ സര്‍പ്രൈസ് താരമാരാണെന്ന ചര്‍ച്ചകളാണ് സൈബറിടത്ത് ഇപ്പോള്‍ നടക്കുന്നത്.
റിലീസ് അറിയിച്ചുകൊണ്ട് പുറത്തുവിട്ട പോസ്റ്ററില്‍ വെള്ള ഷര്‍ട്ടില്‍ ചുവന്ന നിറത്തിലുള്ള ഡ്രാഗണ്‍ ആയിരുന്നുവെങ്കില്‍ ട്രെയ്‌ലറില്‍ അത് കറുത്ത നിറത്തിലുള്ള ഷര്‍ട്ടില്‍ ചുവന്ന ഡ്രാഗണായിരുന്നു. എന്തായാലും ഇത്രയും ഹൈപ്പ് കൊടുത്ത് നിസാരനായ ഒരാളെ പൃഥ്വിരാജ് എമ്പുരാനില്‍ കൊണ്ടുവരില്ലെന്ന കാര്യം ആരാധകര്‍ക്ക് ഉറപ്പാണ്.
ആ കഥാപാത്രം ആരാണെന്നതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. മമ്മൂട്ടിയാണോ ഫഹദ് ഫാസില്‍ ആണോ അതെന്ന് ആരാധകര്‍ ചോദിച്ചപ്പോള്‍ അവര്‍ ഈ സിനിമയുടെ ഭാഗമല്ലെന്നായിരുന്നു പൃഥ്വിരാജ് നല്‍കിയ മറുപടി.




ഇതോടെ സംശയം ബോളിവുഡ് താരം ആമിര്‍ ഖാനിലേക്ക് നീണ്ടു. അതിനുള്ള പ്രധാന കാരണം ചിത്രത്തിലുള്ളയാള്‍ക്ക് ആമിര്‍ ഖാന്റെ അതേ ചെവിയാണെന്നുള്ളതാണ്. ഇരുവരുടെയും ചെവി ഒരുപോലെയിരിക്കുന്നു. ആമിര്‍ ഖാന്‍ എത്തിയാല്‍ ചിത്രം 10,000 കോടി കടക്കും എന്നൊക്കെയാണ് ചിലര്‍ പറയുന്നത്.
എന്നാല്‍ സംശയം ആമിര്‍ ഖാനില്‍ മാത്രം നില്‍ക്കുന്നില്ല. ഹോളിവുഡ് താരം റിക് യൂന്‍ ആണ് സംശയ നിഴലില്‍ നില്‍ക്കുന്ന മറ്റൊരാള്‍. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്, നിന്‍ജാ അസ്സാസിന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് റിക് യൂന്‍. എമ്പുരാനില്‍ മിഷേല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആന്‍ഡ്രിയ തിവദാറും റിക് യൂനും ഒരേ കാസ്റ്റിങ് ഏജന്‍സിയുടെ താരങ്ങളാണ്. ഇരുവരും ഇന്ത്യന്‍ സിനിമയുടെ ഭാഗമാകുന്നു എന്ന് ചൂണ്ടിക്കാട്ടി ഇന്റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റ് മാനേജ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതും സംശയത്തിന് ആക്കം കൂട്ടുന്നു.
സംശയം ഇങ്ങനെ ഉള്ളില്‍ കൊണ്ടുനടന്നിട്ട് കാര്യമില്ലല്ലോ, അതിനാല്‍ എത്രയും പെട്ടെന്ന് സംശയം തീര്‍ത്തേക്കാമെന്ന് കരുതി റിക് യൂനിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനടിയിലും എത്തിയിരിക്കുകയാണ് മലയാളികള്‍.
ഒരു പുറം തിരിഞ്ഞുള്ള പിക് ഇടോ ഒരു കാര്യം നോക്കാന്‍ ആയിരുന്നു, കൊച്ചുകള്ളന്‍ നമ്മള്‍ കണ്ടുപിടിക്കില്ല എന്ന് കരുതിയോ, കള്ള തിരുമാലി പുറം തിരിഞ്ഞു നിന്നാല്‍ ആളെ മനസിലാവില്ലെന്ന് കരുതിയോ, ആശാനെ നമ്മള്‍ കണ്ടുപിടിച്ചു എന്നിങ്ങനെ നീളുന്നു കമന്റുകള്‍. എന്തായാലും ആ സര്‍പ്രൈസ് കഥാപാത്രം ആരാണെന്നറിയാന്‍ മാര്‍ച്ച് 27 വരെ കാത്തിരുന്നേ മതിയാകൂ.